മുഷ്താഖ് അലി ട്രോഫി: ഒഡിഷക്കെതിരെ വെടിക്കെട്ട് ഫിഫ്റ്റിയുമായി സഞ്ജുവിന്‍റെ മാസ് തിരിച്ചുവരവ്
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കേരളത്തിന് പവര്‍ പ്ലേയില്‍ തന്നെ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരനായ ഓപ്പണര്‍ രോഹന്‍ കുന്നുമ്മലിനെ(16 നഷ്ടമായി).

മുംബൈ: മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ ഒഡിഷക്കെതിരെ കേരളത്തിന് മികച്ച സ്കോര്‍. നായകന്‍ സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും ഓപ്പണര്‍ വരുണ്‍ നായനാരുടെയും വിഷ്ണു വിനോദിന്‍റെയും ബാറ്റിംഗ് മികവിന്‍റെയും കരുത്തില്‍ ഒഡിഷക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സടിച്ചു.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കേരളത്തിന് പവര്‍ പ്ലേയില്‍ തന്നെ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരനായ ഓപ്പണര്‍ രോഹന്‍ കുന്നുമ്മലിനെ(16 നഷ്ടമായി). രണ്ടാം വിക്കറ്റില്‍ വരുണ്‍ നായനാരും വിഷ്ണു വിനോദും അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി കേരളത്തിന് മികച്ച അടിത്തറയിട്ടു. 38 പന്തില്‍ 48 റണ്‍സെടുത്ത വരുണ്‍ നായനാര്‍ പുറത്തായശേഷം നാലാം നമ്പറിലാണ് സഞ്ജു ക്രീസിലെത്തിയത്.
വിഷ്ണു വിനോദിനൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടില്‍ പങ്കാളിയായ സഞ്ജു 31 പന്തില്‍ 55 റണ്‍സുമായി പുറത്താകാതെ നിന്നു. നാലു സിക്സും നാലു ഫോറും അടങ്ങുന്നതാണ് സഞ്ജുവിന്‍റെ ഇന്നിംഗ്സ്. പത്തൊമ്പതാം ഓവറില്‍ വിഷ്ണു വിനോദിനെയും(33 പന്തില്‍ 35) തൊട്ടു പിന്നാലെ അബ്ദുള്‍ ബാസിതിനെയും(5) നഷ്ടമായെങ്കിലും സല്‍മാന്‍ നിസാറും(4 പന്തില്‍ 11*) സഞ്ജുവും ചേര്‍ന്ന് കേരളത്തെ 183ല്‍ എത്തിച്ചു.
സിക്കിമെനെതിരായ കഴിഞ്ഞ മത്സരത്തില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ആറാമനായ സഞ്ജു ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല. സെഞ്ചുറി നേടിയ രോഹന്‍ കുന്നുമല്ലും അര്‍ധസെഞ്ച്വറി നേടിയ വിഷ്ണു വിനോദുമാണ് ഈ മത്സരത്തില്‍ കേരളത്തിനായി തിളങ്ങിയത്. ഗ്രൂപ്പ് ബിയില്‍ അഞ്ച് കളികളില്‍ അഞ്ച് ജയവും 20 പോയന്‍റുമായി ഒന്നാം സ്ഥാനത്താണ് കേരളം. അഞ്ച് കളികളില്‍ നാലു ജയത്തോടെ 16 പോയന്‍റുള്ള ഹിമാചലാണ് രണ്ടാമത്. 27ന് ആസമിനെതിരെ ആണ് കേരളത്തിന്‍റെ അടുത്ത മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക