ടി20 ലോകകപ്പില്‍ ടീം ഇന്ത്യക്ക് ഇന്ന് നാലാം മത്സരത്തിന് ഇറങ്ങും. സ്‌കോട്‌ലന്‍ഡാണ് ഇന്ത്യയുടെ എതിരാളി. 

ദുബായ്: കിരീടം നേടാനായില്ലെങ്കില്‍ അടിച്ചുകൂട്ടുന്ന റണ്‍സും സെഞ്ചുറിയും കൊണ്ട് പ്രയോജനമില്ലെന്ന് ഇന്ത്യന്‍ ടി20 ക്രിക്കറ്റ് ടീം(Team India) വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ(Rohit Sharma). ടി20 ലോകകപ്പില്‍(T20 World Cup 2021) സ്‌കോട്‌ലന്‍ഡിന്(IND vs SCO) എതിരായ നിര്‍ണായക സൂപ്പര്‍ 12 പോരാട്ടത്തിന് മുന്നോടിയായാണ് ടീം വര്‍ക്കിന്‍റെ പ്രധാന്യം രോഹിത് ചൂണ്ടിക്കാട്ടിയത്. ഐസിസിയുടെ(ICC) ഓദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ഹിറ്റ്‌മാന്‍റെ(Hitman) പ്രതികരണം. 

'2016ല്‍ നിന്ന് ഇവിടെയെത്തുമ്പോള്‍ ഞാന്‍ കൂടുതല്‍ പരിചയസമ്പന്നനായി. 2016ല്‍ ഉള്ളതിനേക്കാള്‍ ബാറ്റ്സ്‌മാന്‍ എന്ന നിലയില്‍ കൂടുതല്‍ പക്വത കൈവരിച്ചു. ക്രിക്കറ്റിനെ കുറിച്ച് കൂടുതല്‍ മനസിലാക്കി. എന്താണ് ടീമിന് ആവശ്യം എന്ന് തിരിച്ചറിഞ്ഞു. വ്യക്തിഗത പ്രകടനത്തേക്കാള്‍ ടീമിനാണ് പ്രാധാന്യം നല്‍കേണ്ടത്. ഒരു ഷോട്ട് കളിക്കുമ്പോള്‍ അത് ടീമിന് ആവശ്യമാണോ എന്ന് ചിന്തിക്കണം. ടീമിനായി ഇന്നിംഗ്‌സ് തുടങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ പന്ത് നേരിടാനുള്ള മികച്ച അവസരമാണത്. പരമാവധി റണ്‍സ് കണ്ടെത്തണം എന്നതുകൊണ്ടാണ് ടി20യില്‍ ടോപ് ത്രീ ബാറ്റ്സ്‌മാന്മാര്‍ കൂടുതല്‍ ശതകങ്ങള്‍ നേടുന്നത്. എന്‍റെ ജോലിയും അതുതന്നെയാണ്'. 

ഏറെ സെഞ്ചുറികള്‍ ഇക്കാലത്ത് പിറക്കുന്നു. വര്‍ഷങ്ങളായി ഉള്‍ത്തിരിഞ്ഞുവന്ന കളിയുടെ പ്രത്യേകത കൊണ്ടാണത്. ഭയരഹിതമായി കളിക്കാനാണ് താരങ്ങള്‍ ശ്രമിക്കുന്നത്. പുറത്താകുമോ എന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല. അത് ഞങ്ങളടക്കം നിരവധി ടീമുകളുടെ പ്രകടനത്തെ സ്വാധീനിച്ചിട്ടുണ്ട്'. 

ട്രോഫി നേടിയില്ലെങ്കില്‍ എന്ത് കാര്യം!

'തീര്‍ച്ചയായും 2019 ലോകകപ്പ് വ്യക്തിപരമായി എനിക്ക് വളരെ സ്‌പെഷ്യല്‍ ആയിരുന്നു. ഞാന്‍ റണ്‍സ് ഏറെ കണ്ടെത്തിയത് കൊണ്ടാണത്. എന്‍റെ പദ്ധതികള്‍ വിജയിക്കുകയായിരുന്നു. അതാണ് സന്തോഷം. ഒരു ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുമ്പോള്‍ നിങ്ങള്‍ക്കൊരു പദ്ധതിയുണ്ടാവുകയും അത് പിന്തുടരുകയും വേണം. അതാണ് ഞാന്‍ പ്രാബല്യമാക്കിയതും വിജയിച്ചതും. എന്നാല്‍ കിരീടം നേടാനായില്ലെങ്കില്‍ അടിച്ചുകൂട്ടിയ റണ്‍സും സെഞ്ചുറികളും കൊണ്ട് പ്രയോജനമില്ല എന്ന് സത്യസന്ധമായി പറയാം'- രോഹിത് കൂട്ടിച്ചേര്‍ത്തു.

View post on Instagram

ടി20 ലോകകപ്പില്‍ ടീം ഇന്ത്യ ഇന്ന് നാലാം മത്സരത്തിന് ഇറങ്ങും. സ്‌കോട്‌ലന്‍ഡാണ് ഇന്ത്യയുടെ എതിരാളി. ഇന്ത്യന്‍ സമയം രാത്രി 7.30ന് ദുബായിലാണ് ഇന്ത്യന്‍ ടീമിന്‍റെ സെമി സാധ്യതകളില്‍ ഏറെ നിര്‍ണായകമായ പോരാട്ടം. നെറ്റ് റണ്‍റേറ്റ് നിര്‍ണായകമായതിനാല്‍ അതിവേഗ സ്‌കോറിംഗ് തന്നെ ഇന്നും ഇന്ത്യ ലക്ഷ്യമിടും. വലിയ മാര്‍ജിനിലുള്ള ജയമാണ് ഇന്ത്യ ലക്ഷ്യംവെക്കുന്നത്. സ്‌കോട്‌ലന്‍ഡ് കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. 2007ലെ പ്രഥമ ലോകകപ്പിലെ ഇന്ത്യ- സ്‌കോട്‌ലന്‍ഡ് മത്സരം മഴകാരണം ഉപേക്ഷിച്ചതിനുശേഷം ടി20യില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വരുന്നത് ഇതാദ്യം.

കൂടുതല്‍ ലോകകപ്പ് വാര്‍ത്തകള്‍

T20 World Cup| ന്യൂസിലന്‍ഡിനെതിരെ നമീബിയക്ക് ടോസ്; ഷാര്‍ജയില്‍ കിവീസിന് കാര്യങ്ങള്‍ എളുപ്പമാവില്ല