സുനിൽ ഗാവസ്‌കറും വിരേന്ദർ സെവാഗും അടക്കമുള്ളവരാണ് ഇക്കാര്യം പരോക്ഷമായി ആവശ്യപ്പെടുന്നത് 

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ഫോമിലല്ലാത്തെ ഭുവനേശ്വർ കുമാറിനെ(Bhuvneshwar Kumar) ന്യൂസിലൻഡിനെതിരായ കളിയിൽ(IND vs NZ) നിന്ന് മാറ്റിനിർത്തണമെന്ന് സൂചിപ്പിച്ച് മുൻ താരങ്ങൾ. സുനിൽ ഗാവസ്‌കറും(Sunil Gavaskar) വിരേന്ദർ സെവാഗും(Virender Sehwag) അടക്കമുള്ളവരാണ് ഇക്കാര്യം പരോക്ഷമായി ആവശ്യപ്പെടുന്നത്.

യുഎഇയില്‍ ലോകകപ്പിന് തൊട്ടുമുമ്പ് നടന്ന ഐപിഎല്‍ മുതൽ അത്ര നല്ല ഫോമിലല്ല ഭുവനേശ്വർ കുമാർ. സൺറൈസേഴ്‌സ് ഹൈദരാബാദിനായി 11 കളിയിൽനിന്ന് നേടിയത് വെറും ആറ് വിക്കറ്റ് മാത്രം. പിന്നാലെ ലോകകപ്പ് സന്നാഹ മത്സരത്തിലും നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനെതിരെ നാല് ഓവർ എറിഞ്ഞപ്പോള്‍ 54 റൺസാണ് വഴങ്ങിയത്. വിക്കറ്റ് നേടാനായതുമില്ല. ഓസ്ട്രേലിയക്കെതിരെ രണ്ടാം സന്നാഹത്തിൽ ഒരു വിക്കറ്റ് മാത്രം സ്വന്തമാക്കി. 

മൂര്‍ച്ച പോയ ഭുവി 

ലോകകപ്പിലേക്ക് എത്തിയപ്പോള്‍ ഭുവിക്ക് ആദ്യ മത്സരം കനത്ത നിരാശയായി. ആദ്യ കളിയിൽ പാകിസ്ഥാനെതിരെ മൂന്ന് ഓവർ എറിഞ്ഞിട്ടും വിക്കറ്റ് നേടാനായില്ല. എതിരാളികളെ ഒരു ഘട്ടത്തിൽ പോലും വിറപ്പിക്കാൻ ഭുവനേശ്വർ കുമാറിന് കഴിഞ്ഞില്ലെന്നത് യാഥാർത്ഥ്യം. അതിനാല്‍ ഭുവനേശ്വർ കുമാറിന് പകരം ഷര്‍ദ്ദുല്‍ ഠാക്കൂറിനെ ആലോചിക്കാവുന്നതല്ലേ എന്ന ചോദ്യമാണ് സുനിൽ ഗാവസ്‌കർ മുന്നോട്ടുവെക്കുന്നത്. ഠാക്കൂര്‍ വന്നാല്‍ ബാറ്റിംഗിൽ ശക്തി കൂടുമെന്നും ഗവാസ്‌കർ വാദിക്കുന്നു. പാക്കിസ്ഥാനെതിരായ ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെയും ഒഴിവാക്കണമെന്നും ഗാവസ്‌കര്‍ നിര്‍ദേശിക്കുന്നുണ്ട്.

അതേസമയം ഭുവനേശ്വർ കുമാറിനെ ഒഴിവാക്കണമെന്ന് നേരിട്ട് പറഞ്ഞില്ലെങ്കിലും വിരേന്ദർ സെവാഗും ഷര്‍ദ്ദുല്‍ ഠാക്കൂറിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നു. 

ടി20 ലോകകപ്പ്: റോണോ മോഡല്‍! കോക്ക കോള കുപ്പി മാറ്റി ഡേവിഡ് വാര്‍ണര്‍, ഉടനടി വമ്പന്‍ ട്വിസ്റ്റ്-വീഡിയോ

എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റൻ വിരാട് കോലി ഏറെ വിശ്വാസമർപ്പിക്കുന്ന ബൗളറാണ് ഭുവനേശ്വർ കുമാർ. ഇതുകൊണ്ടുതന്നെ കോലിയുടെ തീരുമാനമാവും ഇക്കാര്യത്തിൽ ഏറ്റവും നിർണായകമാവുക. ഭുവിയുടെ ഫോം ചോദ്യം ചെയ്യുന്നവര്‍ക്ക് കണക്കുകള്‍ നിരത്തി കോലി പാകിസ്ഥാനെതിരായ മത്സരത്തിന് മുമ്പ് മറുപടി നല്‍കിയിരുന്നു. 

ഭുവിക്ക് കോലിയുടെ പിന്തുണ

'ഭുവനേശ്വര്‍ കുമാറിന്‍റെ ഫോമിനെ കുറിച്ച് തെല്ലും ആശങ്കയില്ല. അദേഹത്തിന്‍റെ ഇക്കോണമി ഇപ്പോഴും മികച്ചതാണ്. സമ്മര്‍ദ ഘട്ടങ്ങളില്‍ പരിചയസമ്പത്ത് ഗുണം ചെയ്യുന്നതാണ് എപ്പോഴും ഭുവിയുടെ പ്രത്യേകത. ടി20 ക്രിക്കറ്റിലെ അപകടകാരിയായ രണ്ടോ മൂന്നോ ലോവര്‍ ഓര്‍ഡര്‍ ഫിനിഷര്‍മാരില്‍ ഒരാളായ എ ബി ഡിവില്ലിയേഴ്‌സിനെ ഐപിഎല്ലില്‍ ആര്‍സിബിക്കെതിരായ മത്സരത്തില്‍ ഭുവി വരിഞ്ഞുമുറുക്കിയത് നമ്മള്‍ കണ്ടതാണ്'. 

ടി20 ലോകകപ്പ്: വാര്‍ണര്‍ ഫോമിലായി, ശ്രീലങ്കയെ തകര്‍ത്ത് ഓസീസ്

'ഭുവിയുടെ പരിചയസമ്പത്ത് ഈ സംഭവം വ്യക്തമാക്കുന്നുണ്ട്. മൈതാനത്തിന്‍റെ രൂപമനുസരിച്ച് ബാറ്റ്സ്‌മാന്‍മാര്‍ പന്ത് ഹിറ്റ് ചെയ്യുന്നയിടങ്ങള്‍, ഏത് സമയം എങ്ങനെ ബൗള്‍ ചെയ്യണം എന്നിവയെല്ലാം ഭുവിക്ക് കൃത്യമായി അറിയാം. മികച്ച ലെങ്തില്‍ തുടര്‍ച്ചയായി പന്തെറിയാന്‍ കഴിയുന്ന താരത്തെ ടി20 ക്രിക്കറ്റില്‍, പ്രത്യേകിച്ച് ന്യൂബോളില്‍ നിന്ന് തഴയുക എളുപ്പമല്ല. ഭുവിയുടെ പരിചയസമ്പത്തും കൃത്യതയും ഇന്ത്യന്‍ ടീമിന് വിലമതിക്കാനാവാത്തതാണ്' എന്നുമായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ കോലിയുടെ വാക്കുകള്‍. 

18 വര്‍ഷമായി ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യയുടെ കണ്ണിലെ കരടായി കിവീസ്; ഇത്തവണ ചരിത്രം വഴിമാറുമോ