ജീവന്‍മരണ പോരാട്ടത്തില്‍ ഇന്ത്യയുടെ തോൽവിക്ക് വഴിവെച്ച അഞ്ച് കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ടീം ഇന്ത്യയുടെ(Team India) സെമി പ്രതീക്ഷകള്‍ തുലാസിലായിരിക്കുകയാണ്. പാകിസ്ഥാനോട്(Pakistan Cricket Team) 10 വിക്കറ്റിന് തോറ്റ ഇന്ത്യ ഇന്നലെ അതിനിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനോട്(New Zealand Cricket Team) എട്ട് വിക്കറ്റിന്‍റെ പരാജയം ഏറ്റുവാങ്ങി. ജീവന്‍മരണ പോരാട്ടത്തില്‍ ഇന്ത്യയുടെ തോൽവിക്ക് വഴിവെച്ച അഞ്ച് കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം. 

1. ടോസ്

ദുബായിലെ പിച്ചിൽ ഏറ്റവും നിർണായകം ടോസ് ആയിരുന്നു. ടോസ് നേടുന്നവർ ഫീൽഡിംഗ് തെരഞ്ഞെടുക്കുമെന്നും ഉറപ്പായിരുന്നു. അവിടെ മുതൽ പിഴച്ചു ടീം ഇന്ത്യക്ക്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടിവന്നത് തോൽവിയുടെ ആദ്യ കാരണം.

2. ബാറ്റിംഗ് നിരയിലെ പരീക്ഷണം

ബാറ്റിംഗ് ക്രമത്തിൽ വരുത്തിയ മാറ്റം ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. മധ്യനിരയിൽ കളിച്ചുവന്ന സൂര്യകുമാർ യാദവിന് പകരം എത്തിയത് ഇഷാൻ കിഷനാണ്. മധ്യനിരയിൽ അത്ര തിളങ്ങിയിട്ടില്ലെന്നതിനാൽ ഇഷാൻ കിഷനെ ഓപ്പണിംഗിലേക്ക് മാറ്റി. ഇന്ത്യയുടെ ഏറ്റവും വിശ്വസ്‌ത ഓപ്പണർമാരിൽ ഒരാളായ രോഹിത് ശര്‍മ്മയെ ഇതോടെ താഴേക്ക് ഇറക്കേണ്ടിവന്നു. ഇഷാൻ കിഷനും രോഹിത് ശർമ്മയും ഓപ്പൺ ചെയ്ത്, കെ എൽ രാഹുൽ നാലാം നമ്പറിലേക്ക് ഇറങ്ങിയിരുന്നെങ്കിൽ നന്നാകുമായിരുന്നില്ലേ എന്നാണ് കൂടുതൽ പേരും ചോദിക്കുന്നത്.

3. കിവീസ് ബൗളിംഗ്

ഇന്ത്യക്കെതിരെ എന്നും മികച്ച റെക്കോർഡാണ് കിവീസ് ബൗളർമാർക്കുള്ളത്. ഇന്നും മാറ്റമുണ്ടായില്ല. ട്രെന്‍റ് ബോൾട്ടും ടിം സൗത്തിയും ആദം മിൽനേയും ഇഷ് സോധിയും ചേർന്ന് ഇന്ത്യൻ ബാറ്റർമാരെ വരിഞ്ഞുമുറുക്കി. എതിരാളികളുടെ തുടക്കം മുതലുള്ള ആക്രമണത്തില്‍ പ്രതിരോധിക്കാനാനായില്ല കോലിക്കും സംഘത്തിനും.

4. ബാറ്റിംഗിലെ പാളിച്ചകൾ

ഇന്ത്യൻ ബാറ്റർമാർ പൂർണ പരാജയമായ മത്സരം കൂടിയായിരുന്നു ഇത്. റൺ കണ്ടെത്താനാകാതെ മധ്യനിര വലഞ്ഞു. ഏഴ് മുതൽ 15 വരെയുള്ള ഓവറുകൾക്കിടയിൽ ഒരു ബൗണ്ടറി പോലും നേടാനായില്ല ഇന്ത്യൻ ബാറ്റർമാർക്ക്. ടോപ് സ്‌കോററായ രവീന്ദ്ര ജഡേജയുടെ 26 റണ്‍സ് ടീമിനെ 100 കടത്തിയത് തന്നെ സാഹസികമായി. 

5. പരാജയപ്പെട്ട് ബുമ്രയും സംഘവും

ന്യൂസിലൻഡ് ബാറ്റിംഗ് നിരയെ കാര്യമായി വിറപ്പിക്കാനായില്ല ജസ്‌പ്രീത് ബുമ്രക്കും സംഘത്തിനും. പിച്ചിൽനിന്ന് കാര്യമായ പിന്തുണ കിട്ടിയില്ലെന്ന് വാദിക്കാമെങ്കിലും ഇതിലധികം പ്രതീക്ഷിച്ചിരുന്നു ഇന്ത്യൻ ആരാധകർ. 

ഇന്ത്യ ത്രിശങ്കുവില്‍ 

നിർണായക മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന് ന്യൂസിലൻഡിനോട് തോല്‍ക്കുകയായിരുന്നു. ഇന്ത്യയുടെ 110 റൺസ് 33 പന്ത് ശേഷിക്കെയാണ് കിവീസ് മറികടന്നത്. ഇതോടെ ഇന്ത്യയുടെ സെമിഫൈനൽ സാധ്യത മങ്ങി. ഡാരില്‍ മിച്ചല്‍- കെയ്‌ന്‍ വില്യംസണ്‍ സഖ്യം മത്സരം തട്ടിയെടുക്കുകയായിരുന്നു. മിച്ചല്‍ 49 റണ്‍സിലും ഗുപ്റ്റില്‍ 20ലും പുറത്തായി. ബുമ്രക്കാണ് ഇരു വിക്കറ്റുകളും. എന്നാല്‍ വില്യംസണും(33*), ദേവോണ്‍ കോണ്‍വേയും(2*) ടീമിനെ ജയിപ്പിച്ചു. 

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത കോലിപ്പടയ്‌ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 110 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 19 പന്തില്‍ 26 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ടോപ് സ്‌കോറര്‍. നായകന്‍ വിരാട് കോലി ഒന്‍പത് റണ്‍സില്‍ പുറത്തായി. കിവികള്‍ക്കായി ബോള്‍ട്ട് മൂന്നും സോധി രണ്ടും മില്‍നെയും സൗത്തിയും ഓരോ വിക്കറ്റും നേടി. ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് ഇന്ത്യ 10 വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയിരുന്നു. 

ടി20 ലോകകപ്പ്: സെമി കാണാതെ ഇന്ത്യ പുറത്തായോ? ഇനിയുള്ള സാധ്യതകള്‍