മുപ്പത്തിമൂന്നാം ജന്മദിനത്തിൽ ടോസിലെ നിര്‍ഭാഗ്യം അവസാനിപ്പിച്ചാണ് വിരാട് കോലി ആഘോഷം തുടങ്ങിയത്

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) തന്‍റെ 33-ാം പിറന്നാള്‍ദിനത്തിലാണ് ഇന്ത്യന്‍ നായകന്‍(Team India) വിരാട് കോലി(Virat Kohli) സ്‌കോട്‌ലന്‍ഡിനെതിരെ(Scotland) 81 പന്ത് ബാക്കിനില്‍ക്കേ എട്ട് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയത്. സ്‌പിന്നര്‍ രവീന്ദ്ര ജഡേജയുടെ(Ravindra Jadeja) തകര്‍പ്പന്‍ പ്രകടനത്തിലായിരുന്നു ഇന്ത്യന്‍ ജയം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതിനുമുന്‍പ് ഒരിക്കൽ മാത്രമാണ് വിരാട് കോലി ജന്മദിനത്തിൽ കളിച്ചിട്ടുള്ളത്. അത്തവണയും രവീന്ദ്ര ജഡേജ ആയിരുന്നു മാന്‍ ഓഫ് ദ് മാച്ച് എന്നതാണ് കൗതുകം.

മുപ്പത്തിമൂന്നാം ജന്മദിനത്തിൽ ടോസിലെ നിര്‍ഭാഗ്യം അവസാനിപ്പിച്ചാണ് വിരാട് കോലി ആഘോഷം മൈതാനത്ത് തുടങ്ങിയത്. ടോസ് നേടിയ കോലി പിച്ചിന്‍റെ സവിശേഷത പോലെ സ്‌കോട്‌ലന്‍ഡിനെ ബാറ്റിംഗിനയച്ചു. എല്ലാം കണക്കുകൂട്ടലുകള്‍ പോലെ നടന്നപ്പോള്‍ കോലി ആഗ്രഹിച്ച മികച്ച നെറ്റ് റണ്‍റേറ്റിലുള്ള വിജയം ഇന്ത്യന്‍ ടീമിന് സ്വന്തമായി. വിജയറണ്ണിനായി ക്രീസിലെത്തിയതോടെ ഇന്ത്യന്‍ നായകന്‍ ജന്‍മദിനാഘോഷം മൈതാനത്ത് പൂര്‍ത്തിയാക്കുകയും ചെയ്‌തു.

T20 World Cup| സ്‌കോട്‌ലന്‍ഡിനെതിരെ 81 പന്ത് ബാക്കിനില്‍ക്കേ ജയം; ഇരട്ട റെക്കോര്‍ഡ് രചിച്ച് കോലിപ്പട

2015ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൊഹാലി ടെസ്റ്റിലാണ് ജന്മദിനത്തിൽ കോലി ഇതിനുമുന്‍പ് ക്രീസിലെത്തിയത്. അരങ്ങേറ്റക്കാരനായ കഗിസോ റബാഡയ്ക്ക് മുന്നിൽ ഒരു റണ്ണുമായി മടങ്ങാനായിരുന്നു നിര്‍ഭാഗ്യം. ദുബായിലേത് പോലെ മൊഹാലിയിലും കോലിക്ക് ജന്മദിന സമ്മാനം നൽകിയത് രവീന്ദ്ര ജഡേജയായിരുന്നു. സ്കോട്‍‍ലന്‍ഡിനെ കറക്കി വീഴ്ത്തിയ രവീന്ദ്ര ജഡേജയായിരുന്നു മൊഹാലി ടെസ്റ്റിലും ഇന്ത്യക്ക് ജയമൊരുക്കിയത്. രണ്ടിന്നിംഗ്‌സിലുമായി ജഡേജ എട്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇന്ത്യക്ക് 108 റൺസിന്‍റെ ജയം സ്വന്തമായി. കോലിക്കും ജഡേജയ്ക്കും പുറമേ രണ്ട് ജയത്തിലും പങ്കാളിയായത് ആര്‍ അശ്വിന്‍ മാത്രമാണ്. 

കറക്കിവീഴ്‌ത്തി രവീന്ദ്ര ജഡേജ

കോലിയുടെ ജന്‍മദിനത്തില്‍ സ്കോട്‍‍ലന്‍ഡിനെ 85 റൺസില്‍ എറിഞ്ഞൊതുക്കിയ ഇന്ത്യ എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയിരുന്നു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലന്‍ഡിനെ 17.4 ഓവറില്‍ വെറും 85 റണ്‍സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ചുരുക്കി. നാല് ഓവറില്‍ 15 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് മാന്‍ ഓഫ് ദ് മാച്ച്. പേസര്‍ മുഹമ്മദ് ഷമി മൂന്ന് ഓവറില്‍ 15നും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. ജസ്‌പ്രീത് ബുമ്ര രണ്ടും രവിചന്ദ്ര അശ്വിന്‍ ഒന്നും വിക്കറ്റ് നേടി. 24 റണ്‍സെടുത്ത ഓപ്പണര്‍ ജോര്‍ജി മണ്‍സിയും 21 റണ്‍സെടുത്ത മൈക്കല്‍ ലേസ്‌കുമാണ് സ്‌കോട്‌ലന്‍ഡിന്‍റെ ടോപ് സ്‌കോറര്‍മാര്‍. 

T20 World Cup| സ്‌കോട്‌ലന്‍ഡിനെതിരെ ജീവന്‍ നിലനിര്‍ത്തിയ ജയം; ഇനി ടീം ഇന്ത്യയുടെ സെമി സാധ്യത ഇങ്ങനെ

മറുപടി ബാറ്റിംഗില്‍ 7.1 ഓവറില്‍ ജയത്തിലെത്തിയാൽ നെറ്റ് റൺറേറ്റിൽ അഫ്‌ഗാനെ മറികടക്കാമെന്ന വെല്ലുവിളി കെ എല്‍ രാഹുലും രോഹിത് ശര്‍മ്മയും ആദ്യ ഓവറിലേ ഏറ്റെടുത്തതോടെ ഇന്ത്യ പവര്‍പ്ലേയില്‍ ടോപ് ഗിയറിലായി. രാഹുല്‍ 19 പന്തിൽ 50 ഉം രോഹിത് 16 പന്തില്‍ 30 ഉം നേടിയതോടെ സ്കോട്‍‍ലന്‍ഡിനെ മറികടക്കാന്‍ ടീം ഇന്ത്യക്ക് 39 പന്ത് മാത്രമേ വേണ്ടിവന്നുള്ളൂ. ഇതോടെയാണ് അടുത്ത മത്സരത്തില്‍ ന്യൂസിലന്‍ഡിനെ അഫ്ഗാന്‍ അട്ടിമറിച്ചാല്‍ ടീം ഇന്ത്യയുടെ സെമിഫൈനല്‍ സാധ്യത ശക്തമാകാന്‍ വഴിയൊരുങ്ങിയത്.

T20 World Cup| ക്രിക്കറ്റിന്‍റെ സൗന്ദര്യം! ഡ്രെസിംഗ് റൂമിലെത്തി കോലിയും കൂട്ടരും; നന്ദിപറഞ്ഞ് സ്കോട്‍ലന്‍ഡ്