നാലു കളികളില്‍ മൂന്ന് ജയവുമായി ആറ് പോയന്‍റുള്ള ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ഒന്നില്‍ ഇംഗ്ലണ്ടിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. തുടര്‍ച്ചയായ നാലാം തോല്‍വിയോടെ ബംഗ്ലാദേശിന്‍റെ സെമി പ്രതീക്ഷകള്‍ അവസാനിച്ചു. 

അബുദാബി: ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ ബംഗ്ലാദേശിനെ(Bangladesh) ആറു വിക്കറ്റിന് തോല്‍പ്പിച്ച് മൂന്നാം ജയത്തോടെ സെമി ഫൈനല്‍ സാധ്യത സജീവമാക്കി ദക്ഷിണാഫ്രിക്ക(South Africa). ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് ഉയര്‍ത്തിയ 85 റണ്‍സ് വിജയലക്ഷ്യം 13.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. 31 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ തെംബാ ബാവുമയാണ്(Temba Bavuma) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ബംഗ്ലാദേശിനായി ടസ്കിന്‍ അഹമ്മദ്(Taskin Ahmed) രണ്ട് വിക്കറ്റെടുത്തു. സ്കോര്‍ ബംഗ്ലാദേശ് 18.2 ഓവറില്‍ 84ന് ഓള്‍ ഔട്ട്, ദക്ഷിണാഫ്രിക്ക 13.3 ഓവറില്‍ 86-4.

നാലു കളികളില്‍ മൂന്ന് ജയവുമായി ആറ് പോയന്‍റുള്ള ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ഒന്നില്‍ ഇംഗ്ലണ്ടിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. തുടര്‍ച്ചയായ നാലാം തോല്‍വിയോടെ ബംഗ്ലാദേശിന്‍റെ സെമി പ്രതീക്ഷകള്‍ അവസാനിച്ചു.

View post on Instagram

തുടക്കത്തില്‍ വിറപ്പിച്ച് കടുവകള്‍

ബംഗ്ലാദേശ് ഉയര്‍ത്തിയ ചെറി വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശി ദക്ഷിണാഫ്രിക്ക തുടക്കതിലെ ഞെട്ടി. നാലു റണ്‍സെടുത്ത റീസാ ഹെന്‍ഡ്രിക്സിനെ ആദ്യ ഓവറില്‍ തന്നെ ടസ്കിന്‍ അഹമ്മദ് മടക്കി. ക്വിന്‍റണ്‍ ഡി കോക്കിനെ(16) മെഹ്ദി ഹസനും ഏയ്ദന്‍ മാര്‍ക്രത്തെ ടസ്കിനും വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്ക പവര്‍ പ്ലേയില്‍ 33-3ലേക്ക് കൂപ്പുകുത്തി.

View post on Instagram

എന്നാല്‍ കൂട്ടത്തകര്‍ച്ചയില്‍ പിടിച്ചു നിന്ന റാസി വാന്‍ഡര്‍ ദസ്സനും(22) ക്യാപ്റ്റന്‍ ബാവുമയും ചേര്‍ന്ന് ബംഗ്ലാദേശിന്‍റെ വിജയ സ്വപ്നങ്ങള്‍ അടിച്ചു പറത്തി. ഇരുവരും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ വിജയത്തിന് തൊട്ടടുത്ത് എത്തിച്ചു. വിജയത്തിനരികെ വാന്‍ഡര്‍ ദസ്സനെ(22) നാസും അഹമ്മദ് വീഴ്ത്തിയെങ്കിലും ഡേവിഡ് മില്ലറും(5*) ബാവുമയും(31*) ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ വിജയവര കടത്തി.

കടുവകളുടെ തലയരിഞ്ഞ് റബാദ

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ബംഗ്ലാദേശ് പവര്‍പ്ലേയിലെ ആദ്യ നാലോവറില്‍ ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. 3.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 22 റണ്‍സിലെത്തിയ ബംഗ്ലാദേശിന് മുഹമ്മദ് നയീമിന്‍റെ(9) വിക്കറ്റാണ് ആദ്യം നഷ്ടമായത്. റബാദക്കായിരുന്നു വിക്കറ്റ്. അതേ സ്കോറില്‍ സൗമ്യ സ്കോറില്‍ സൗമ്യ സര്‍ക്കാരിനെയും ബംഗ്ലാദേശിന് നഷ്ടമായി. നേരിട്ട ആദ്യ പന്തില്‍ സര്‍ക്കാരിനെ റബാദ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.

മൂന്ന് പന്ത് നേരിട്ട മുഷ്ഫീഖുര്‍ റഹീമിനെ റണ്ണെടുക്കും മുമ്പെ റബാദ ഹെന്‍ഡ്രിക്സിന്‍റെ കൈകകളിലെത്തിച്ചതോടെ വിക്കറ്റ് നഷ്ടമില്ലാതെ 22 റണ്‍സെന്ന നിലയില്‍ നിന്ന് 24-3ലേക്ക് ബംഗ്ലാദേശ് കൂപ്പുകുത്തി. 10 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ മെഹമ്മദുള്ള(3), ആഫിസ് ഹൊസൈന്‍(0) എന്നിവരെ കൂടി നഷ്ടമായ ബംഗ്ലാദേശ് 34-5ലേക്ക് തകര്‍ന്നടിഞ്ഞു.

നടുവൊടിച്ച് ഷംസി, വാലരിഞ്ഞ് നോര്‍ട്യ

സ്കോര്‍ ബോര്‍ഡില്‍ 45 റണ്‍സെത്തിയപ്പോഴേക്കും പൊരുതി നിന്ന ലിറ്റണ്‍ ദാസും(24) മടങ്ങി. പിന്നീട് എട്ടാമനായി ക്രീസിലെത്തിയ മെഹ്ദി ഹസനും(27) ഷമീം ഹൊസൈനും(11) ചേര്‍ന്ന് ബംഗ്ലാദേശിന് 50 കടത്തിയെങ്കിലും ബംഗ്ലാ കടുവകളുടെ വാലരിഞ്ഞ ആന്‍റിച്ച് നോര്‍ട്യ 100 കടക്കുന്നതില്‍ നിന്ന് അവരെ തടഞ്ഞു.ദക്ഷിണാഫ്രിക്കക്കായി ആന്‍റിച്ച് നോര്‍ട്യയും കാഗിസോ റബാദയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ തബ്രൈസ് ഷംസി 21 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ഡ്വയിന്‍ പ്രിട്ടോറിയസ് മൂന്നോവറില്‍ 11 റണ്‍സിന് ഒരു വിക്കറ്റ് വീഴ്ത്തി.