ഇന്ത്യ ദയനീയമായി തോറ്റ് പുറത്തായ 2007 ഏകദിന ലോകകപ്പില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ബാറ്റിംഗ് ക്രമം മാറ്റിയതിനോടാണ് ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ഇതിനെ താരതമ്യം ചെയ്യുന്നത്

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ന്യൂസിലന്‍ഡിന് എതിരായ കഴിഞ്ഞ മത്സരത്തിലെ(IND vs NZ) ബാറ്റിംഗ് പരീക്ഷണത്തിന് ടീം ഇന്ത്യ(Team India) വലിയ വിമര്‍ശനം നേരിടുകയാണ്. സ്ഥിരം ഓപ്പണര്‍ രോഹിത് ശര്‍മ്മയെ(Rohit Sharma) മൂന്നാം നമ്പറിലേക്ക് മാറ്റി നടത്തിയ പരീക്ഷണം വന്‍ പരാജയമായതാണ് ഏവരേയും ചൊടിപ്പിച്ചത്. ഇന്ത്യ ദയനീയമായി തോറ്റ് പുറത്തായ 2007 ഏകദിന ലോകകപ്പില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ(Sachin Tendulkar) ബാറ്റിംഗ് ക്രമം മാറ്റിയതിനോടാണ് മുന്‍താരം വീരേന്ദര്‍ സെവാഗ്(Virender Sehwag) ഇതിനെ താരതമ്യം ചെയ്യുന്നത്. 

2007ല്‍ സച്ചിന്‍റെ കാര്യത്തില്‍ സംഭവിച്ചത്...

2007 ലോകകപ്പില്‍ പതിവ് ഓപ്പണര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ നാലാം നമ്പറില്‍ ഇറക്കിയ തീരുമാനം ചോദ്യം ചെയ്യുകയാണ് വീരു. അന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ തോറ്റ് രാഹുൽ ദ്രാവിഡിന്‍റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായിരുന്നു. 

'ഓപ്പണിംഗ് ജോഡിയായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും നന്നായി കളിച്ചുവരികയായിരുന്നു. 2003-06 കാലഘട്ടത്തിലെ അവര്‍ മികച്ച സഖ്യമാണ്. എന്നാല്‍ സച്ചിന്‍ മധ്യനിരയില്‍ കളിച്ചാല്‍ അദേഹത്തിന് മിഡില്‍ ഓര്‍ഡറിന്‍റെ നിയന്ത്രണം ഏറ്റെടുക്കാന്‍ കഴിയുമെന്ന വാദമുയര്‍ന്നു. യുവ്‌രാജ് സിംഗ്, രാഹുല്‍ ദ്രാവിഡ്, എം എസ് ധോണി എന്നിവര്‍ മധ്യനിരയില്‍ ഉള്ളപ്പോഴായിരുന്നു ഇത്. പിന്നെന്തിന് മധ്യനിരയില്‍ നാലാമതൊരു താരം വേണം. ടീം മോശമായി കളിക്കുമ്പോള്‍ തന്ത്രങ്ങള്‍ അഴിച്ചുപണിയാം. എന്നാല്‍ നന്നായി കളിച്ചുകൊണ്ടിരിക്കുമ്പോള്‍ മാറ്റം ആവശ്യമില്ലെന്നും' വീരു ക്രിക്‌ബസിലെ ചര്‍ച്ചയില്‍ പറഞ്ഞു. 

അമ്പേ പാളിയ പരീക്ഷണം 

ഇക്കുറി ടി20 ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് 10 വിക്കറ്റിന് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് ബാറ്റിംഗ് പരീക്ഷണത്തില്‍ കാലിടറി എട്ട് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങുകയായിരുന്നു. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 110 റണ്‍സേ നേടാനായുള്ളൂ. ഓപ്പണിംഗില്‍ കെ എല്‍ രാഹുലിനൊപ്പം ഇഷാന്‍ കിഷനെ അയച്ചത് മുതല്‍ ഇന്ത്യന്‍ തന്ത്രങ്ങള്‍ പാളി. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ സ്ഥിരം ഓപ്പണര്‍ രോഹിത് ശര്‍മ്മയ്‌ക്കും താളം പിഴച്ചു. 

കെ എല്‍ രാഹുല്‍(18), ഇഷാന്‍ കിഷന്‍(4), രോഹിത് ശര്‍മ്മ(14), വിരാട് കോലി(9), റിഷഭ് പന്ത്(12), ഹര്‍ദിക് പാണ്ഡ്യ(23), രവീന്ദ്ര ജഡേജ(26*), ഷര്‍ദ്ദുല്‍ ഠാക്കൂര്‍(0), മുഹമ്മദ് ഷമി(0*) എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ സ്‌കോര്‍.

മറുപടി ബാറ്റിംഗില്‍ ഇന്ത്യയുടെ 110 റൺസ് 33 പന്ത് ശേഷിക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി കിവികള്‍ മറികടന്നു. ഡാരില്‍ മിച്ചല്‍ 49 റണ്‍സിലും മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 20ലും പുറത്തായി. എന്നാല്‍ കെയ്‌ന്‍ വില്യംസണും(33*), ദേവോണ്‍ കോണ്‍വേയും(2*) കിവീസ് ജയം 14.3 ഓവറില്‍ ഭദ്രമാക്കി. ബാറ്റിംഗ് ഓര്‍ഡറില്‍ വരുത്തിയ മാറ്റം കോലിപ്പടയ്‌ക്ക് തിരിച്ചടിയായെന്ന് മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കറും മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താനും ഉള്‍പ്പടെയുള്ളവര്‍ വിമര്‍ശിച്ചിരുന്നു. 

കൂടുതല്‍ ലോകകപ്പ് വാര്‍ത്തകള്‍

T20 World Cup: രോഹിത് ശര്‍മ്മയെ താഴേക്കിറക്കിയതിന് പിന്നില്‍ എം എസ് ധോണി- റിപ്പോര്‍ട്ട്

ടി20 ലോകകപ്പ്: ബാറ്റിംഗ് ഓര്‍ഡറില്‍ വീണ്ടും മാറ്റം, അശ്വിന്‍ കളിക്കും; അഫ്ഗാനെതിരെ ഇന്ത്യയുടെ സാധ്യത ഇലവന്‍

മികച്ച സ്പിന്നര്‍മാരില്ല! സ്പിന്നിനെതിരെ കളിക്കാനാവുന്നുമില്ല! ഇന്ത്യന്‍ സ്പിന്‍ ടാങ്കിന് എന്തുപറ്റി..?

T20 World Cup| എക്കാലത്തേയും മികച്ച നായകനായിരിക്കും വിരാട് കോലി; വൈറലായി സ്പീക്കര്‍ എം ബി രാജേഷിന്റെ കുറിപ്പ്