Asianet News MalayalamAsianet News Malayalam

T20 World Cup| എക്കാലത്തേയും മികച്ച നായകനായിരിക്കും വിരാട് കോലി; വൈറലായി സ്പീക്കര്‍ എം ബി രാജേഷിന്റെ കുറിപ്പ്

ഷമിയുടെ മതം പറഞ്ഞ് വാളെടുത്തവര്‍ക്കെതിരെ കടുത്ത ഭാഷയിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി (Virat Kohli) പ്രതികരിച്ചത്. മതം പറഞ്ഞത് ഒരാളെ ആക്രമിക്കുന്നതും നട്ടെല്ലില്ലായ്മയും പരിതാപകാരവുമാണെന്ന് കോലി പറഞ്ഞിരുന്നു.

T20 World Cup Kerala speaker MB Rajesh on Virat Kohli and his statement over Mohammed Shami
Author
Thiruvananthapuram, First Published Nov 3, 2021, 4:09 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: ടി20 ലോകകപ്പില്‍ (T20 World Cup) പാകിസ്ഥാനെതിരായ മത്സരത്തിന് ശേഷം ഏറെ ക്രൂശിക്കപ്പെട്ട താരമാണ് മുഹമ്മദ് ഷമി (Mohamed Shami). തന്റെ സ്‌പെല്ലിലെ അവസാന ഓവര്‍ എറിയാനെത്തിയ ഷമി ആ ഓവറില്‍ മാത്രം 17 റണ്‍സാണ് വിട്ടുകൊടുത്തത്. രണ്ട് ഓവര്‍ ബാക്കി നില്‍ക്കെ പാകിസ്ഥാന്‍ ജയിക്കുകയും ചെയ്തു. പിന്നാലെ ദേശീയത പോലും ചോദ്യം ചെയ്താണ് പലരും ഷമിക്കെതിരെ തിരിഞ്ഞത്.  

ഷമിയുടെ മതം പറഞ്ഞ് വാളെടുത്തവര്‍ക്കെതിരെ കടുത്ത ഭാഷയിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി (Virat Kohli) പ്രതികരിച്ചത്. മതം പറഞ്ഞത് ഒരാളെ ആക്രമിക്കുന്നതും നട്ടെല്ലില്ലായ്മയും പരിതാപകാരവുമാണെന്ന് കോലി പറഞ്ഞിരുന്നു. ഇന്ത്യന്‍ താരങ്ങളില്‍ നിന്നോ ബിസിസിഐയുടെ ഭാഗത്ത് നിന്നോ ഉണ്ടാവുന്ന ആദ്യ പ്രതികരമായിരുന്നത്. കോലിയുടെ പ്രസ്താവനയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ്(MB Rajesh).

എക്കാലത്തേയും മികച്ച ക്യാപ്റ്റനായിട്ടായിരിക്കും കോലിയെ ചരിത്രം രേഖപ്പെടുത്തുകയെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ''വെല്ലുവിളികള്‍ക്കു മുന്നില്‍ പതറാതെ നില്‍ക്കുകയും നട്ടെല്ലിന്റെ ബലം കാണിക്കുകയും നേരിനൊപ്പം നില്‍ക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ നായകര്‍.'' അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂപം


വിരാട് കോഹ്ലി ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്. എന്നാല്‍ കളത്തിനു പുറത്തും എക്കാലത്തെയും മികച്ച നായകനായിട്ടാവും ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തുക. വെല്ലുവിളികള്‍ക്കു മുന്നില്‍ പതറാതെ നില്‍ക്കുകയും നട്ടെല്ലിന്റെ ബലം കാണിക്കുകയും നേരിനൊപ്പം നില്‍ക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ നായകര്‍. ട്വന്റി ട്വന്റി ലോക കപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തിലെ ഇന്ത്യയുടെ പരാജയത്തിന്റെ പേരില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെ മതം പറഞ്ഞ്  ആക്രമിച്ചതിനെതിരെ കോഹ്ലി  ശക്തമായി പ്രതികരിച്ചിരുന്നു. 'മതം പറഞ്ഞ്  ഒരാളെ ആക്രമിക്കുന്നത് നട്ടെല്ലില്ലായ്മയും പരിതാപകാരവുമാണ്' എന്നാണ് കോഹ്ലി തീവ്ര ഹിന്ദുത്വ വര്‍ഗീയവാദികളോട് പറഞ്ഞത്. അതിന്റെ പേരില്‍ അദ്ദേഹത്തിന്റെ ഒന്‍പതു മാസം പ്രായമുള്ള മകള്‍ക്ക് ബലാല്‍സംഗ ഭീഷണി ഉയര്‍ത്തിയിരിക്കയാണ്. ശക്തമായ  പ്രതിഷേധം ഉയരേണ്ട സന്ദര്‍ഭമാണിത്. ലജ്ജ കൊണ്ട് ഭാരതീയരുടെയാകെ തല കുനിയേണ്ടതാണ്. 

ഇന്ത്യയിലെ രാഷ്ട്രീയ-ഭരണ നേതൃത്വം പറയേണ്ടിയിരുന്നതാണ് കോഹ്ലി പറഞ്ഞത്. ടീം ജയിക്കുമ്പോള്‍ അഭിനന്ദനം ചൊരിയുകയും ഒപ്പം നിന്ന് ഫോട്ടോയെടുത്ത്  പങ്കുപറ്റുകയും ചെയ്യുകയും മാത്രമല്ലല്ലോ ചെയ്യേണ്ടത്. തോല്‍വിയിലും തിരിച്ചടിയിലും ഒപ്പം നില്‍ക്കുക കൂടി ചെയ്യുന്നതാണ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്. വര്‍ഗീയവും വംശീയവുമായ ആക്രമണങ്ങളുണ്ടാകുമ്പോള്‍ അതിനെ തള്ളിപ്പറയുകയെന്നത് രാഷ്ട്രീയ നേതൃത്വത്തിന്റെ മുഖ്യ ഉത്തരവാദിത്വമാണ്. 

കോഹ്ലിയുടെ മകള്‍ക്കെതിരെ ഉയര്‍ന്ന നീചമായ ഭീഷണിയിലോ ഷമി നേരിട്ട ആക്രമണത്തിലോ  ക്രിക്കറ്റ്  ഭരണരംഗത്തുണ്ടായിരുന്നവര്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിലെ ആരും പ്രതികരിച്ചതായി കണ്ടില്ല. മൗനം കൊണ്ടുള്ള ഈ സാധൂകരണം ഞെട്ടിപ്പിക്കുന്നതാണ്.

കളിയില്‍ ജയാപജയങ്ങള്‍ സ്വാഭാവികമാണ്. ജയം യുദ്ധവിജയം പോലെ ആഘോഷിക്കുകയും പരാജയത്തിന്റെ പേരില്‍ കല്ലെറിയുകയും ക്രൂശിക്കുകയും ചെയ്യുന്നത്, അതും മതത്തിന്റെ പേരില്‍ സെലക്ടീവായി ടാര്‍ജറ്റ് ചെയ്യുന്നത് അപരിഷ്‌കൃതമാണ്. യൂറോ കപ്പില്‍ ഫ്രാന്‍സിന്റെ ചില താരങ്ങള്‍ക്ക് ഷൂട്ടൗട്ടില്‍ പിഴച്ചപ്പോള്‍ വംശീയാക്രമണം നേരിടേണ്ടിവന്നു. അന്ന്  ഫ്രഞ്ച് ടീം ആകെ ഒപ്പം നിന്നു. വംശീയ വിവേചനത്തിനെതിരെ ക്രിക്കറ്റ് താരങ്ങള്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തി പ്രതിഷേധിക്കുന്ന കാലമാണിത്. കളിക്കളങ്ങള്‍ വര്‍ഗീയവും വംശീയവും ജാതീയവുമായ എല്ലാ സങ്കുചിതത്വങ്ങള്‍ക്കുമതീതമായ മാനവികതയും സൗഹൃദവും പുലര്‍ത്തേണ്ട ഇടങ്ങളാണ്. എന്നാല്‍ ഇന്ത്യയിലെ വര്‍ഗീയവല്‍ക്കരിക്കപ്പെട്ട, പകയുടെയും വിദ്വേഷത്തിന്റെയും അന്തരീഷം കളിക്കളങ്ങളിലേക്കും പടരുന്നത് പതിവായിരിക്കുന്നു. ഒളിമ്പിക്‌സ് വനിതാ ഹോക്കിയില്‍ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ടീമിലെ ദളിതരായ കളിക്കാരും വീട്ടുകാരും വരെ ജാതീയ അധിക്ഷേപത്തിനിരയായത് നാം കണ്ടതാണ്. അന്ന്  ദളിതരടങ്ങിയ ഇന്ത്യന്‍ ടീമിന്റെ തോല്‍വി പടക്കം പൊട്ടിച്ച്  ആഘോഷിച്ച രാജ്യസ്‌നേഹികളാണ് പാകിസ്ഥാനോടുള്ള തോല്‍വിയില്‍ 'രാജ്യദ്രോഹം' ആരോപിച്ച് മുഹമ്മദ് ഷമിക്കെതിരായി സൈബറാക്രമണം നടത്തുന്നത് എന്നോര്‍ക്കണം.
 
ഗൗരി ലങ്കേഷിന്റെ ക്രൂരമായ വധം ആഘോഷിച്ചവര്‍ തന്നെയാണിപ്പോള്‍ വിരാട് കോഹ്ലിയുടെ ഒന്‍പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് ബലാല്‍സംഗ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ഈ രാജ്യസ്‌നേഹികളെല്ലാം കൂടി എങ്ങനെയൊക്കെയാണ്  ഇന്ത്യയെ അധഃപതിപ്പിക്കുന്നത്?
 
ഇവിടെയാണ് വിരാട് കോഹ്ലി എന്ന നായകന്റെ നിലപാട് ചരിത്രത്തില്‍ ഇടം പിടിക്കുന്നത്. ബഹുസ്വര ഇന്ത്യ എന്ന ആശയത്തെ ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഷമിയെ പിന്തുണച്ച കോഹ്ലിയുടെ നിലപാട്. അതാണ് രാജ്യസ്‌നേഹപരമായ നിലപാട്. കോഹ്ലിയെ  ചൊല്ലി അഭിമാനിക്കുന്നു. ആ നിലപാടിനെ പിന്തുണക്കുന്നു.

Follow Us:
Download App:
  • android
  • ios