ഒരിഞ്ചുപോലും അനങ്ങാതെ, ചിരി പോലുമില്ലാതെ കയ്യുംകെട്ടി നീഷം ഇരിക്കുന്നത് ചിത്രത്തില്‍ വ്യക്തം

അബുദാബി: ടി20 ലോകകപ്പിന്‍റെ(T20 World Cup 2021) സെമിയില്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തി ന്യൂസിലന്‍ഡ്(ENG vs NZ) ഫൈനലിലേക്ക് നടന്നടുക്കുമ്പോള്‍ കിവീസ് ഡഗൗട്ട് ആഹ്‌ളാദത്തിമിര്‍പ്പിലായിരുന്നു. എന്നാല്‍ മത്സരത്തില്‍ ന്യൂസിലന്‍ഡിന്‍റെ ഗെയിം ചേഞ്ചറായി മാറിയ ഓള്‍റൗണ്ടര്‍ ജയിംസ് നീഷമിന്‍റെ(James Neesham) മുഖത്ത് അത്യാഹ്‌ളാദം കണ്ടില്ല. മത്സര ശേഷം ഏകനായി കസേരയില്‍ ഇരിക്കുന്ന നീഷമിന്‍റെ ചിത്രം വൈറലായിരുന്നു. ഇതിന് പിന്നിലെ കാരണം നിഷം തന്നെ വ്യക്തമാക്കി. 

പതിവുപോലെ ട്വിറ്ററില്‍ കുറിക്കുകൊള്ളുന്ന രീതിയിലാണ് നീഷമിന്‍റെ വാക്കുകള്‍. 'ദൗത്യം പൂര്‍ത്തിയായോ? എനിക്ക് തോന്നുന്നില്ല' എന്നായിരുന്നു കിവീസ് ഓള്‍റൗണ്ടറുടെ ട്വീറ്റ്. ഇംഗ്ലീഷ് പേസര്‍ ക്രിസ് വോക്‌സ് എറിഞ്ഞ 19-ാം ഓവറിലെ അവസാന പന്തില്‍ ബൗണ്ടറിയോടെ ഡാരില്‍ മിച്ചല്‍ ജയമുറപ്പിച്ചപ്പോള്‍ കിവീസ് ക്യാമ്പ് തുള്ളിച്ചാടുന്നതിന്‍റെ ചിത്രം സഹിതമാണ് നീഷമിന്‍റെ ട്വീറ്റ്. ഒരിഞ്ചുപോലും അനങ്ങാതെ, ചിരി പോലുമില്ലാതെ കയ്യുംകെട്ടി നീഷം ഇരിക്കുന്നത് ചിത്രത്തില്‍ വ്യക്തം. ഒരു പുഞ്ചിരിയോടെ കെയ്‌ന്‍ വില്യംസണ്‍ ഇരിക്കുന്നതും ചിത്രത്തില്‍ കാണാം.

Scroll to load tweet…

സെമി പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റിന് ജയിച്ചപ്പോള്‍ ഗെയിം ചേഞ്ചിംഗ് ഇന്നിംഗ്‌സ് കാഴ്‌ചവെച്ച് ജയിംസ് നീഷം കയ്യടി വാങ്ങിയിരുന്നു. 167 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസിന് ഓപ്പണര്‍ മാർട്ടിൻ ഗുപ്റ്റിലിനെയും നായകൻ കെയ്ൻ വില്യംസണിനേയും നഷ്ടമാകുമ്പോൾ സ്കോർ 13 മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ ഒരറ്റത്ത് ഉറച്ചുനിന്ന ഡാരിൽ മിച്ചല്‍ അര്‍ധ സെഞ്ചുറിയോടെ കിവീസിനെ വിജയത്തിലെത്തിച്ചു. 47 പന്തിൽ നാല് വീതം ഫോറും സിക്സറുമടക്കം പുറത്താകാതെ 72 റണ്‍സാണ് മിച്ചല്‍ സ്വന്തമാക്കിയത്. ഇതിനിടെ കളി ന്യൂസിലന്‍ഡിന്‍റെ വരുതിക്കാക്കിയ വെടിക്കെട്ടുമായി കളംവാണു ജയിംസ് നീഷം. ആറാമനായി ക്രീസിലെത്തി 11 പന്തിൽ മൂന്ന് സികസറടക്കം 27‍ റൺസ് നീഷം നേടി.

ടി20 ലോകകപ്പില്‍ ആദ്യമായാണ് കിവീസ് ഫൈനലിന് യോഗ്യത നേടുന്നത്. ലോകകപ്പിലെ മൂന്നാം സെമിയിലൂടെയാണ് കിവികളുടെ ആദ്യ ഫൈനല്‍ പ്രവേശം. 2007ലെ സെമിയിൽ പാകിസ്ഥാനോടും 2016ൽ ഇംഗ്ലണ്ടിനോടും ന്യൂസിലന്‍ഡ് പരാജയപ്പെട്ടിരുന്നു. 

T20 World Cup | ഒടുവില്‍ കിവിക്കൂട്ടം ആ സ്വപ്‌നത്തിനരികെ; മൂന്നാം സെമിക്കൊടുവില്‍ ആദ്യ ഫൈനല്‍