വിദഗ്‌ധ പരിശോധനകള്‍ക്കായി താരത്തെ സബ്സ്റ്റ്യൂട്ട് ഫീല്‍ഡര്‍ പുറത്തേറ്റി ഡ്രസിംഗ് റൂമിലേക്ക് കൊണ്ടുപോവുകയായിരുന്നു

ബ്രിസ്‌ബേന്‍: ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് ബൗളിംഗ് മുന്നറിയിപ്പുമായി പാക് പേസര്‍ ഷഹീന്‍ ഷാ അഫ്രീദി. വാംഅപ് മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനെതിരെ ഗംഭീര ഓപ്പണിംഗ് സ്‌പെല്ലാണ് ഷഹീന്‍ എറിഞ്ഞത്. അഫ്‌ഗാന്‍ ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസിനെ തകര്‍പ്പന്‍ യോര്‍ക്കറില്‍ മടക്കിയ ഷഹീന്‍ ഷാ അഫ്രീദി ഏവര്‍ക്കും പേടി സമ്മാനിച്ചു. ഷഹീന്‍റെ യോര്‍ക്കറില്‍ കാലിന് പരിക്കേറ്റ് അടിപതറി വീണ ഗുര്‍ബാസിനെ സഹതാരം പുറത്തേറ്റിയാണ് ഡ്രസിംഗ് റൂമിലേക്ക് കൊണ്ടുപോയത്. 

അഫ്‌ഗാനെതിരെ ഗംഭീര ബൗളിംഗ് തുടക്കമാണ് ഷഹീന്‍ ഷാ അഫ്രീദി നേടിയത്. പരിക്കിന് ശേഷം പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്തു താരം എന്ന് തെളിയിക്കുന്നതായി ഈ പ്രകടനം. മാത്രമല്ല മെല്‍ബണില്‍ ഇന്ത്യക്കെതിരെ നടക്കുന്ന ടി20 ലോകകപ്പ് മത്സരത്തിന് തൊട്ടുമുമ്പ് എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുന്നത് കൂടിയായി ഷഹീന്‍ ബൗളിംഗ്. അഫ്‌ഗാന്‍ ഇന്നിംഗ്‌സിലെ ആദ്യ ഓവറില്‍ അഞ്ചാം പന്തില്‍ ഷഹീന്‍ ഷായുടെ മരണയോര്‍ക്കറില്‍ റഹ്‌മാനുള്ള ഗുര്‍ബാസിന്‍റെ ഇടത് കാലിന് പരിക്കേറ്റു. ഷഹീന്‍റെ വേഗതയ്ക്കും കൃത്യതയ്ക്കും സ്വിങിനും മുന്നില്‍ പ്രതിരോധിക്കാന്‍ ഗുര്‍ബാസിന് കഴിഞ്ഞില്ല. വേദന കൊണ്ട് താരം പുളയുന്നത് കാണാനായി. ഇതോടെ മത്സരം അല്‍പസമയം നിര്‍ത്തിവച്ചു. ഉടന്‍ ടീം ഫിസിയോയെത്തി ഗുര്‍ബാസിനെ പരിശോധിച്ചെങ്കിലും പിന്നാലെ വിദഗ്‌ധ പരിശോധനകള്‍ക്കായി താരത്തെ സബ്സ്റ്റ്യൂട്ട് ഫീല്‍ഡര്‍ പുറത്തേറ്റി ഡ്രസിംഗ് റൂമിലേക്ക് കൊണ്ടുപോവുകയായിരുന്നു. താരത്തിന് നടക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതിനാലായിരുന്നു ഇത്. 

ഉടനടി റഹ്‌മാനുള്ള ഗുര്‍ബാസിനെ ഇടത് കാലിലെ സ്‌കാനിംഗിന് വിധേയനാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. ടോപ് ഓര്‍ഡര്‍ ബാറ്റിംഗിന് പുറമെ വിക്കറ്റ് കീപ്പര്‍ കൂടിയാണ് റഹ്‌മാനുള്ള ഗുര്‍ബാസ്. ശനിയാഴ്‌ച പെര്‍ത്തില്‍ ഇംഗ്ലണ്ടിനെതിരായ സൂപ്പര്‍-12 മത്സരത്തില്‍ താരം കളിക്കുമോ എന്ന് വ്യക്തമല്ല. 

Scroll to load tweet…

കാല്‍മുട്ടിനേറ്റ പരിക്ക് ഭേദമായി ടീമിലേക്ക് തിരിച്ചെത്തിയതാണ് ഇടംകൈയന്‍ പേസറായ ഷഹീന്‍ ഷാ അഫ്രീദി. പരിക്കിനെ തുടര്‍ന്ന് ഏഷ്യാ കപ്പും ഇംഗ്ലണ്ടിനെതിരായ ഹോം സീരീസും ന്യൂസിലന്‍ഡിലെ ത്രിരാഷ്‌ട്ര പരമ്പരയും താരത്തിന് നഷ്‌ടമായിരുന്നു. ടി20 ലോകകപ്പില്‍ 23-ാം തിയതി ഇന്ത്യക്കെതിരായ ആവേശപ്പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ഷഹീന്‍. കഴിഞ്ഞ ലോകകപ്പിലെ മത്സരത്തില്‍ ഇന്ത്യയെ പാകിസ്ഥാന്‍ 10 വിക്കറ്റിന് തോല്‍പിച്ചപ്പോള്‍ ഷഹീനായിരുന്നു മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോലി എന്ന ഇന്ത്യന്‍ ടോപ് ത്രീ ബാറ്റര്‍മാരെ അന്ന് പുറത്താക്കിയത് ഷഹീന്‍ ഷാ അഫ്രീദിയായിരുന്നു. 

പാകിസ്ഥാനില്‍ ഏഷ്യാ കപ്പ് കളിക്കില്ലെന്ന വാക്കുകള്‍; ജയ് ഷായ്‌ക്കെതിരെ ഷാഹിദ് അഫ്രീദി