Asianet News MalayalamAsianet News Malayalam

ഡികെ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ കാണും, പക്ഷേ...വമ്പന്‍ പ്രവചനവുമായി ആകാശ് ചോപ്ര

ദിനേശ് കാര്‍ത്തിക്കിന്‍റെ ബാറ്റിംഗ് സ്ഥാനം ആകാംക്ഷയുണര്‍ത്തുന്നു. എല്ലാവരും അദ്ദേഹത്തെ ഫിനിഷറായാണ് കാണുന്നത് എന്ന് ചോപ്ര

T20 World Cup 2022 Dinesh Karthik can be in squad but coming in XI doubt feels Aakash Chopra
Author
Mumbai, First Published Aug 11, 2022, 2:48 PM IST

മുംബൈ: വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക് ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ അംഗമാകുമെന്നാണ് ഏവരുടേയും പ്രതീക്ഷ. ഐപിഎല്ലില്‍ ഫിനിഷറുടെ റോളില്‍ തിളങ്ങിയാണ് ഡികെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവന്നത്. എന്നാല്‍ സ്‌ക്വാഡില്‍ ഇടംപിടിച്ചെങ്കിലും പ്ലേയിംഗ് ഇലവനില്‍ കാര്‍ത്തിക് ഇടംപിടിക്കാന്‍ സാധ്യതയില്ലെന്ന് പറയുന്നു മുന്‍താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. 

'ദിനേശ് കാര്‍ത്തിക്കിന്‍റെ ബാറ്റിംഗ് സ്ഥാനം ആകാംക്ഷയുണര്‍ത്തുന്നു. എല്ലാവരും അദ്ദേഹത്തെ ഫിനിഷറായാണ് കാണുന്നത്. ആ ദൗത്യം നന്നായി ചെയ്യുന്നതായി നിങ്ങള്‍ കരുതുന്നു. ആറ്, ഏഴ് നമ്പറുകളില്‍ ഫിനിഷറെന്ന നിലയില്‍ അദ്ദേഹത്തിന്‍റെ സ്ഥാനം ചോദ്യം ചെയ്യപ്പെടും. ദിനേശ് ടി20 ലോകകപ്പ് സ്‌ക്വാഡിന്‍റെ ഭാഗമായിരിക്കും. എന്നാല്‍ പ്ലേയിംഗ് ഇലവനില്‍ വരുമെന്ന് 100 ശതമാനം എനിക്ക് ഉറപ്പില്ല. കഴിഞ്ഞ ലോകകപ്പിന് ശേഷം ദിനേശ് കാര്‍ത്തിക് 15 മത്സരങ്ങള്‍ കളിച്ചു. 21 ശരാശരിയില്‍ 192 റണ്‍സ് നേടി. മോശം പ്രകടനമല്ല. അദ്ദേഹത്തിന്‍റെ ബാറ്റിംഗ് സ്ഥാനത്ത് റണ്‍സ് കണ്ടെത്തുക പ്രയാസമാണ്. ഐപിഎല്ലില്‍ 16 മത്സരങ്ങളില്‍ 55 ശരാശരിയിലും 183 സ്‌ട്രൈക്ക് റേറ്റിലും 330 റണ്‍സ് ഡികെ നേടിയിരുന്നു. 

റിഷഭ് പന്ത് ഒരു പ്രഹേളികയാണ്, വ്യത്യസ്തനായ കളിക്കാരന്‍, അവൻ വിനാശകാരിയായ താരമാണ്. ലോകകപ്പിന് ശേഷം അദ്ദേഹം 16 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, അതിൽ 26 ശരാശരിയിലും 133 സ്ട്രൈക്ക് റേറ്റിലും 293 റൺസ് നേടിയിട്ടുണ്ട്. ഐ‌പി‌എൽ നമ്പറുകൾ മോശമായിരുന്നില്ല. 14 മത്സരങ്ങളിൽ നിന്ന് 31 ശരാശരിയിൽ 340 റൺസും 152 സ്‌ട്രൈക്ക് റേറ്റുമുണ്ട്. അദ്ദേഹത്തിന് അനുകൂലമായ കാര്യം അവൻ മാത്രമാണ് ഇടംകൈയ്യൻ എന്നതാണ്. അതിനാൽ റിഷഭ് പന്ത് സ്‌ക്വാഡിലെത്തും, പക്ഷേ റിഷഭ് കളിക്കുമോ ഇല്ലയോ എന്ന് അറിയില്ലെന്നും' ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു. 

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിനുള്ള ടീമില്‍ ദിനേശ് കാര്‍ത്തിക്കും റിഷഭ് പന്തും ഇടംപിടിച്ചിരുന്നു. ഇതേ ടീമിനെയാവും ലോകകപ്പില്‍ അണിനിരത്തുക എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. രോഹിത് ശർമ്മ നായകനായ സ്‌ക്വാഡില്‍ വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവര്‍ തിരിച്ചെത്തിയിട്ടുണ്ട്. പരിക്കേറ്റ ജസ്‌പ്രീത് ബുമ്ര, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ സ്‌ക്വാഡിലില്ല. സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, യുസ്‍വേന്ദ്ര ചഹൽ, രവി ബിഷ്ണോയ്, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, ആവേശ് ഖാൻ എന്നിവരാണ് സ്‌ക്വാഡിലിടം പിടിച്ച മറ്റുള്ളവര്‍. ദീപക് ചാഹര്‍, അക്‌സര്‍ പട്ടേല്‍, ശ്രേയസ് അയ്യര്‍ എന്നിവരെ സ്റ്റാന്‍ഡ്‌ബൈ താരങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഏഷ്യാ കപ്പ്: അവസാന നിമിഷ ട്വിസ്റ്റില്‍ ദീപക് ചാഹര്‍ പ്രധാന സ്‌ക്വാഡിലേക്ക്? സാധ്യതകള്‍ ഏറെ

Follow Us:
Download App:
  • android
  • ios