കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജസ്പ്രീത് ബുമ്രയായിരുന്നു ഇന്ത്യന്‍ പേസാക്രമണത്തിന്‍റെ കപ്പിത്താന്‍
മെല്‍ബണ്‍: ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിന് മുമ്പ് തലപുകഞ്ഞ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും. ന്യൂസിലന്‍ഡിന് എതിരായ രണ്ടാം വാംഅപ് മത്സരം മഴമൂലം ഉപേക്ഷിച്ചതായാണ് ഇരുവരുടേയും തന്ത്രങ്ങള്‍ താളംതെറ്റിച്ചത്. ബ്രിസ്‌ബേനിലെ കാലാവസ്ഥ വില്ലനായതോടെ പ്ലേയിംഗ് ഇലവനില്‍ പേസര്‍മാരുടെ കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. ന്യൂസിലന്‍ഡ് മത്സരത്തോടെ ടീമില്‍ വ്യക്തത വരുത്താം എന്നായിരുന്നു രോഹിത് കണക്കുകൂട്ടിയിരുന്നത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജസ്പ്രീത് ബുമ്രയായിരുന്നു ഇന്ത്യന്‍ പേസാക്രമണത്തിന്‍റെ കപ്പിത്താന്‍. എന്നാല്‍ ബുമ്ര പരിക്കേറ്റ് ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് പുറത്തായതോടെ കഥയാകെ മാറി. ഓസ്ട്രേലിയക്കെതിരെ ആദ്യ സന്നാഹമത്സരത്തില്‍ അവസാന ഓവറിലെ ഐതിഹാസിക ബൗളിംഗുമായി മുഹമ്മദ് ഷമി തിളങ്ങിയെങ്കിലും അദ്ദേഹത്തിന്‍റെ ഒരോവര്‍ കൊണ്ടുമാത്രം വിലയിരുത്താനാവില്ല. മാത്രമല്ല ഏഷ്യാ കപ്പിലടക്കം അടിവാങ്ങിവലഞ്ഞ ഹര്‍ഷല്‍ പട്ടേല്‍ ഓസീസിനെതിരെ ഡെത്ത് ഓവറില്‍ നന്നായി പന്തെറിഞ്ഞെങ്കിലും കിവീസിനെതിരായ മത്സരത്തോടെ ഇരുവരുടേയും ഫോമില്‍ വ്യക്തത വരും എന്നായിരുന്നു രോഹിത്തിന്‍റെ കണക്കുകൂട്ടല്‍.
ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഭുവനേശ്വര്‍ കുമാറും അര്‍ഷ്‌ദീപ് സിംഗും പ്ലേയിംഗ് ഇലവനില്‍ ഏതാണ് സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. മൂന്നാം പേസറായാണ് മുഹമ്മദ് ഷമിയും ഹര്‍ഷല്‍ പട്ടേലും തമ്മില്‍ പോരാട്ടം നടക്കുന്നത്. ഇവരിലൊരാളാകും ഡെത്ത് ഓവറില്‍ അര്‍ഷ്‌ദീപിനൊപ്പം പന്തെറിയേണ്ടിവരിക. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടി20 കളിക്കുന്ന ഷമിയുടെ മികവ് അളക്കാന്‍ വേണ്ടിയായിരുന്നു ഓസീസിനെതിരെ അവസാന ഓവര്‍ താരത്തെ ഏല്‍പിച്ചത്. താരമതില്‍ വിജയിക്കുകയും ചെയ്തു. സ്ലോഗ് ഓവറുകളില്‍ ഒട്ടും ആശ്വാസ്യമായ പ്രകടനമല്ല ഭുവനേശ്വര്‍ കാഴ്‌ചവെക്കുന്നത്. പരിക്കിന് ശേഷമുള്ള തിരിച്ചുവരവിലെ ഹര്‍ഷലിന്‍റെ ഫോമിലും ആശങ്കകളേറെ. വെസ്റ്റേണ്‍ ഓസ്ടേലിയക്കും ഓസീസിനുമെതിരെ ഹര്‍ഷല്‍ മികച്ചുനിന്നത് മാത്രമാണ് ആശ്വാസം.
ഷമിയുടെ പരിചയസമ്പത്തും ഓസീസിനെതിരായ വാംഅപ് മത്സരത്തില്‍ അവസാന ഓവറില്‍ 11 റണ്‍സ് പ്രതിരോധിച്ചതും താരത്തിന് പ്ലേയിംഗ് ഇലവനിലെത്താന്‍ വഴി തെളിച്ചേക്കും. മത്സരത്തില്‍ നാല് റണ്ണിന് ഷമി മൂന്ന് വിക്കറ്റ് നേടിയിരുന്നു. പാകിസ്ഥാനെതിരായ മത്സരത്തിന് മുന്നോടിയായി ശനിയാഴ്‌ച നടക്കുന്ന അവസാന പരിശീലന സെഷനിലാവും ഷമിയോ ഹര്‍ഷലോ എന്ന കാര്യത്തില്‍ ടീം മാനേജ്‌മെന്‍റ് അന്തിമ തീരുമാനം കൈക്കൊള്ളുക. ഞായറാഴ്‌ച മെല്‍ബണിലാണ് ഇന്ത്യ-പാക് പോരാട്ടം.
ഇന്ത്യ-പാക് ആവേശപ്പോരാട്ടം; മെല്‍ബണിലെത്തി ടീം ഇന്ത്യ; തയ്യാറെടുപ്പുകള്‍ ഇങ്ങനെ
