ഇന്ന് പരിശീലനത്തിന് ഇറങ്ങിയെങ്കിലും ഇംഗ്ലീഷ് പേസര്‍ മാര്‍ക് വുഡും ബാറ്റര്‍ ഡേവിഡ് മലാനും ഫൈനലില്‍ കളിക്കുന്ന കാര്യം ഇതുവരെ ഉറപ്പായിട്ടില്ല

മെല്‍ബണ്‍: ട്വന്‍റി 20 ലോകകപ്പില്‍ നാളെ പാകിസ്ഥാന്‍-ഇംഗ്ലണ്ട് ഫൈനലാണ്. വിഖ്യാതമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടാണ് ടി20 മഹായുദ്ധത്തിന്‍റെ കലാശപ്പോരിന് വേദി. മത്സരത്തിന് മുമ്പ് ഇംഗ്ലണ്ട് ആരാധകര്‍ക്ക് ആശങ്ക സമ്മാനിക്കുന്ന റിപ്പോര്‍ട്ടുകളാണ് ടീം ക്യാമ്പില്‍ നിന്ന് പുറത്തുവരുന്നത്.

ഇന്ന് പരിശീലനത്തിന് ഇറങ്ങിയെങ്കിലും ഇംഗ്ലീഷ് പേസര്‍ മാര്‍ക് വുഡും ബാറ്റര്‍ ഡേവിഡ് മലാനും ഫൈനലില്‍ കളിക്കുന്ന കാര്യം ഇതുവരെ ഉറപ്പായിട്ടില്ല. കഴിഞ്ഞ മത്സരത്തില്‍ പകരക്കാരായി ഇറങ്ങിയ ക്രിസ് ജോര്‍ദാനും ഫിലിപ് സാള്‍ട്ടും ഇതോടെ ഇന്ന് ഏറെനേരം പരിശീലനത്തിന് ചിലവഴിച്ചു. മലാന്‍റെയും വുഡിന്‍റെയും ഫിറ്റ്‌നസ് നാളെ രാവിലെ ഇംഗ്ലീഷ് മെഡിക്കല്‍ സംഘം പരിശോധിക്കും എന്നതിനാല്‍ ജോര്‍ദാനും സാള്‍ട്ടും സ്റ്റാന്‍ഡ്‌-ബൈ താരങ്ങളായി തുടരും. അഡ്‌ലെയ്‌ഡ് ഓവലില്‍ ഇന്ത്യക്കെതിരെ നടന്ന സെമി ഫൈനല്‍ വുഡിനും മലാനും നഷ്‌ടമായിരുന്നു. ഇന്ത്യക്കെതിരെ ഇറങ്ങിയ ജോര്‍ദാന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സാള്‍ട്ടിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. 

ഈ ട്വന്‍റി 20 ലോകകപ്പിലെ ഏറ്റവും വേഗമേറിയ പേസറാണ് ഇംഗ്ലണ്ടിന്‍റെ മാര്‍ക്ക് വുഡ്. നാല് മത്സരങ്ങളില്‍ 9 വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ 31 തവണയാണ് താരം 150 കിലോമീറ്ററിലേറെ വേഗത്തില്‍ പന്തെറിഞ്ഞത്. 26 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച പ്രകടനം. വുഡിന്‍റെയും മലാന്‍റെയും കാര്യത്തില്‍ സാഹസിക തീരുമാനങ്ങളെടുക്കാന്‍ ഇംഗ്ലണ്ട് ടീം മാനേജ്‌മെന്‍റ് തയ്യാറല്ല. ബിഗ് ബാഷ് ടി20 ലീഗില്‍ ഏറെ മത്സരങ്ങള്‍ കളിച്ചിട്ടുള്ളതിനാല്‍ ഓസ്ട്രേലിയന്‍ സാഹചര്യം ഏറെ മനസിലാക്കിയിട്ടുള്ള ആളാണ് ഫിലിപ് സാള്‍ട്ട്. ഇരുവരുടേയും പരിക്കിലെ ആശങ്കയൊഴിച്ചാല്‍ ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവനില്‍ മറ്റ് മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. 

ടി20 ലോകകപ്പ്: ഇന്ത്യയുടെ തോല്‍വിയില്‍ പരിഹസിച്ച പാക് പ്രധാനമന്ത്രിക്ക് മറുപടി നല്‍കി ഇര്‍ഫാന്‍ പത്താന്‍