Asianet News MalayalamAsianet News Malayalam

മൂന്ന് മത്സരത്തിലും ഒറ്റയക്കം; കരിയറിലെ നാണക്കേടിന്‍റെ പടുകുഴിയില്‍ ബാബര്‍ അസം

ഈ ലോകകപ്പില്‍ 0, 4 , 4 എന്നിങ്ങനെയാണ് മൂന്ന് മത്സരങ്ങളില്‍ ബാബര്‍ അസമിന്‍റെ സ്കോര്‍

T20 World Cup 2022 PAK vs NED Babar Azam created unwanted record for three consecutive scores below 10
Author
First Published Oct 30, 2022, 3:36 PM IST

പെര്‍ത്ത്: സമീപകാലത്ത് പാകിസ്ഥാന്‍റെ ഏറ്റവും വലിയ ബാറ്റിംഗ് പ്രതീക്ഷയാണ് ബാബര്‍ അസം-മുഹമ്മദ് റിസ്‌വാന്‍ ഓപ്പണിംഗ് സഖ്യം. മൂന്ന് ഫോര്‍മാറ്റിലെയും പ്രകടനം പരിഗണിച്ചാല്‍ ബാബറാണ് നിലവില്‍ പാകിസ്ഥാന്‍ ക്രിക്കറ്റിലെ സൂപ്പര്‍ ബാറ്റര്‍. ട്വന്‍റി 20 ലോകകപ്പിന് പാകിസ്ഥാന്‍ എത്തിയത് തന്നെ ബാബറിന്‍റെ ബാറ്റിംഗിനെ ഏറെ പ്രതീക്ഷിച്ചാണ്. എന്നാല്‍ ലോകകപ്പില്‍ പാകിസ്ഥാന്‍ മോശം തുടക്കം നേടിയപ്പോള്‍ ആദ്യ മൂന്ന് മത്സരങ്ങളിലും ബാബര്‍ ഒറ്റയക്കത്തില്‍ പുറത്തായി. 

ഈ ലോകകപ്പില്‍ 0, 4 , 4 എന്നിങ്ങനെയാണ് മൂന്ന് മത്സരങ്ങളില്‍ ബാബര്‍ അസമിന്‍റെ സ്കോര്‍. രാജ്യാന്തര ടി20 കരിയറില്‍ ആദ്യമായാണ് തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ ബാബര്‍ 10ല്‍ താഴെ സ്കോറില്‍ പുറത്താവുന്നത്. 

ലോകകപ്പിലെ സൂപ്പര്‍-12ല്‍ അയല്‍ക്കാരായ ഇന്ത്യക്കെതിരെയായിരുന്നു പാകിസ്ഥാന്‍റെ ആദ്യ മത്സരം. അന്ന് അര്‍ഷ്‌ദീപിന്‍റെ സുന്ദരന്‍ പന്തിന് മുന്നില്‍ ബാബര്‍ അസം ഗോള്‍ഡന്‍ എല്‍ബിയില്‍ പുറത്തായി. മത്സരം ഇന്ത്യ നാല് വിക്കറ്റിന് ജയിക്കുകയും ചെയ്തു. ടൂര്‍ണമെന്‍റിലെ രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെ സിംബാബ്‌വെ ഒരു റണ്ണിന് മലര്‍ത്തിയടിച്ചപ്പോള്‍ ബാബര്‍ 9 പന്തില്‍ 4 റണ്‍സുമായി ബ്രാഡ് ഇവാന്‍സിന് മുന്നില്‍ കീഴടങ്ങി. നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്നത്തെ മത്സരത്തില്‍ അഞ്ച് പന്തില്‍ 4 റണ്‍സേ ബാബര്‍ നേടിയുള്ളൂ. വാന്‍ ഡര്‍ മെല്‍വിന്‍റെ തകര്‍പ്പന്‍ ത്രോയിലായിരുന്നു ബാബറിന്‍റെ മടക്കം. 

ബാബര്‍ അസം വീണ്ടും ബാറ്റിംഗില്‍ പരാജയപ്പെട്ടെങ്കിലും പെര്‍ത്തിലെ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 6 വിക്കറ്റിന് പാകിസ്ഥാന്‍ തോല്‍പിച്ചു. ഈ ലോകകപ്പില്‍ മൂന്ന് മത്സരങ്ങളില്‍ പാകിസ്ഥാന്‍റെ ആദ്യ ജയമാണിത്. ആദ്യം ബാറ്റ് ചെയ്ത നെത‍ര്‍ലന്‍ഡ്‌സ്‌സ് 20 ഓവറില്‍ 9 വിക്കറ്റിന് 91 റണ്‍സ് മാത്രം നേടിയപ്പോള്‍ പാകിസ്ഥാന്‍ 13.5 ഓവറില്‍ 4 വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. 49 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാനാണ് പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍. സ്‌പിന്നര്‍ ഷദാബ് ഖാന്‍റെ മൂന്ന് വിക്കറ്റാണ് നേരത്തെ നെത‍ര്‍ലന്‍ഡ്‌സിനെ കുഞ്ഞന്‍ സ്കോറില്‍ തളച്ചത്. 

ഷദാബ് ഖാന് മൂന്ന് വിക്കറ്റ്; നെതര്‍ലന്‍ഡ്‌സിനെതിരെ പാകിസ്ഥാന് 92 റണ്‍സ് വിജയലക്ഷ്യം

Follow Us:
Download App:
  • android
  • ios