ട്വന്‍റി 20 ലോകകപ്പ് 2024ന് തൊട്ടുമുമ്പ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഷഹീന്‍ ഷാ അഫ്രീദിയെ മാറ്റിയാണ് ബാബര്‍ അസമിനെ വീണ്ടും പാക് ക്രിക്കറ്റ് ബോര്‍ഡ് ക്യാപ്റ്റന്‍ സ്ഥാനത്ത് പ്രതിഷ്ഠിച്ചത്

ഫ്ലോറിഡ: ട്വന്‍റി 20 ലോകകപ്പ് 2024ല്‍ സൂപ്പര്‍ 8 കാണാതെ പുറത്താകുന്നതിന് വക്കില്‍ നില്‍ക്കുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെതിരെ പാളയത്തില്‍ പട ശക്തമാണ്. ക്യാപ്റ്റന്‍ ബാബര്‍ അസമിനും സഹ താരങ്ങള്‍ക്കുമെതിരെ മുന്‍ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരുമടക്കം രംഗത്തെത്തിക്കഴിഞ്ഞു. ബാബറും പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയും തമ്മില്‍ പടലപ്പിണക്കമാണ് എന്ന അഭ്യൂഹങ്ങളും ഇതിനിടെ ശക്തമായുണ്ട്. എന്നാല്‍ ഇത് നിഷേധിക്കുകയാണ് പാക് സഹപരിശീലകന്‍.

പാക് ക്യാംപില്‍ സംഭവിക്കുന്നത് എന്ത്?

ട്വന്‍റി 20 ലോകകപ്പ് 2024ന് തൊട്ടുമുമ്പ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഷഹീന്‍ ഷാ അഫ്രീദിയെ മാറ്റിയാണ് ബാബര്‍ അസമിനെ വീണ്ടും പാക് ക്രിക്കറ്റ് ബോര്‍ഡ് ക്യാപ്റ്റന്‍ സ്ഥാനത്ത് പ്രതിഷ്ഠിച്ചത്. എന്നാല്‍ ലോകകപ്പിലെ ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങളില്‍ ബാബറിന്‍റെ നായകത്വത്തില്‍ പാകിസ്ഥാന്‍ അമേരിക്കയോടും ഇന്ത്യയോടും തോറ്റു. ബാബറും ഷഹീനും തമ്മില്‍ നല്ല സൗഹൃദമല്ലെന്നും കണ്ടാല്‍ മിണ്ടില്ല എന്നും ഇതിന് പിന്നാലെ ഇതിഹാസ പേസര്‍ വസീം അക്രം ആരോപിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ സഹപരിശീലകന്‍ അസ്‌ഹര്‍ മഹമ്മൂദ് ഈ ആരോപണങ്ങളെല്ലാം തള്ളുകയാണ്. 

Read more: 'കുഞ്ഞന്‍ ടീമുകളെ പഞ്ഞിക്കിട്ട് നാട്ടുകാരെ പറ്റിച്ചു, ഇയാളാണോ കിംഗ്'; ബാബര്‍ അസമിനെ പരിഹസിച്ച് മുന്‍ സഹതാരം

'വസീം അക്രം പറഞ്ഞത് കേട്ടു. എന്നാല്‍ എനിക്ക് അതിനെ കുറിച്ച് അറിയില്ല, ഞാന്‍ ഷഹീനും ബാബറും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുള്ളതായി കണ്ടിട്ടില്ല. ഇരുവരും നല്ല സുഹ‍ൃത്തുക്കളാണ്, രണ്ട് പേരും സംസാരിക്കുന്നത് കാണാറുണ്ട്. ബാബറും ഷഹീനും പാക് ടീമിന്‍റെ ഭാഗമാണ്' എന്നുമാണ് അസ്‌ഹര്‍ മഹമ്മൂദിന്‍റെ പ്രതികരണം. 

അക്രത്തിന്‍റെ വിമര്‍ശനം

'കോച്ചിനെ മാത്രമല്ല, പാക് ടീമിനെ ഒന്നാകെ മാറ്റേണ്ട സമയമായി. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം ഷഹീന്‍ അഫ്രീദിയും പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമും തമ്മില്‍ കണ്ടാല്‍ മിണ്ടാറില്ല. ഇത് രാജ്യാന്തര ക്രിക്കറ്റാണ്. രാജ്യത്തിനായാണ് നിങ്ങള്‍ കളിക്കുന്നത്. ഇങ്ങനെ ചെയ്യുന്നവരെ വീട്ടിലിരുത്തുകയാണ് വേണ്ടത്' എന്നുമായിരുന്നു മുമ്പ് വസീം അക്രത്തിന്‍റെ വിമര്‍ശനം. ഇത്തവണ ടി20 ലോകകപ്പില്‍ അമേരിക്കയ്ക്കും ടീം ഇന്ത്യയോടും തോറ്റ പാകിസ്ഥാന്‍ കാനഡയോട് മാത്രമാണ് വിജയിച്ചത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ അയര്‍ലന്‍ഡാണ് പാകിസ്ഥാന്‍റെ എതിരാളികള്‍. 

Read more: ഇന്ത്യ-അമേരിക്ക മത്സരം മഴ കൊണ്ടുപോകുമോ? കളി ഉപേക്ഷിച്ചാല്‍ പണി പാകിസ്ഥാന്!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം