ടുര്‍ണമെന്റുകളുടെ ഹോട്ട് ഫേവറൈറ്റ്സിന്റെ പട്ടം ചാര്‍ത്തിക്കിട്ടാൻ കാരണമായ ആ ഫിയര്‍ലെസ് ഗെയിം. ടി20 ലോകകപ്പിലാദ്യമായി തങ്ങളുടെ ഫിലോസഫിയോട് ഇന്ത്യ നീതിപുലര്‍ത്തുന്നതിന് ചെപ്പോക്ക് സാക്ഷിയായി

സിംബാബ്‌വെയുടെ വലം കയ്യൻ പേസര്‍ ബ്ലെസിങ് മുസരബാനി. ഈ ട്വന്റി 20 ലോകകപ്പില്‍ അയാള്‍ പവ‍ര്‍പ്ലേയില്‍ ഇതുവരെ 60 പന്തുകളെറിഞ്ഞു. ഓസ്ട്രേലിയയും വിൻഡീസും ഉള്‍പ്പെടെ ഫോ‍ര്‍മാറ്റിലെ കൊമ്പന്മാര്‍ക്കെതിരെയെല്ലാമായിരുന്നു മത്സരങ്ങളും. പക്ഷേ, ആ 60 പന്തുകളില്‍ ഒന്നില്‍പ്പോലും മുസരബാനി സിക്‌സ് വഴങ്ങിയിരുന്നില്ല.

ഇന്ത്യക്കെതിരെ മുസരബാനിയെറിഞ്ഞ നാലാം പന്ത്, അവിടെ അവസാനിച്ചു, അല്ല അവസാനിപ്പിച്ചു. മുസരബാനിയുടെ ഷോര്‍ട്ട് ബോള്‍. സ്ട്രൈക്കില്‍ സഞ്ജു സാംസണ്‍, മൂന്ന് സ്റ്റമ്പും തുറന്ന് നല്‍കി സഞ്ജു ക്രീസിലേക്കിറങ്ങി. സഞ്ജു ആ പന്തിനെ പുള്‍ ചെയ്യുകയാണ്, പന്ത് ബാറ്റില്‍ പതിഞ്ഞ നിമിഷം അത് നിക്ഷേപിക്കപ്പെടുക ബൗണ്ടറി റോപ്പുകള്‍ക്ക് അപ്പുറമായിരിക്കുമെന്നതില്‍ സംശയമുണ്ടായിരുന്നില്ല. 85 മീറ്റ‍ര്‍ അകലെ പന്ത് വിശ്രമിച്ചു. എ സ്റ്റേറ്റ്മെന്റ് സ്റ്റാ‍ര്‍ട്ട് ഫ്രം ഇന്ത്യ.

കളത്തിലെത്തും മുൻപ് തന്നെ എതിര്‍ ബൗളര്‍മാര്‍ക്കുമുകളില്‍ ഭയം വിതയ്ക്കാൻ കെല്‍പ്പുള്ള ഇന്ത്യൻ ബാറ്റിങ് നിര. അഭിഷേക് ശ‍ര്‍മ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക്ക് പാണ്ഡ്യ...ടുര്‍ണമെന്റുകളുടെ ഹോട്ട് ഫേവറൈറ്റ്സിന്റെ പട്ടം ചാര്‍ത്തിക്കിട്ടാൻ കാരണമായ ആ ഫിയര്‍ലെസ് ഗെയിം. ലോകകപ്പിലാദ്യമായി തങ്ങളുടെ ഫിലോസഫിയോട് ഇന്ത്യ നീതിപുലര്‍ത്തുന്നതിന് ചെപ്പോക്ക് സാക്ഷിയായി. അഗ്രസീവ് ആൻഡ് സെൻസിബിള്‍.

പരിചിതമായ വിക്കറ്റുകളില്‍ പോലും നിശബ്ദമാകാൻ വിധിക്കപ്പെട്ട സംഘം. നാണക്കേടിലേക്ക് എടുത്തെറിയപ്പെടാൻ ഒരു തോല്‍വി മതിയാകുമായിരുന്നു. പക്ഷേ, സഞ്ജു സാംസണ്‍ രണ്ടാം പന്തില്‍ തന്നെ നയം വ്യക്തമാക്കി, പിന്നീട് 17 സിക്സറുകള്‍ ഗ്യാലറി കണ്ടു, 17 തവണ പന്ത് മൈതാനം തോട്ട് റോപ്പ് താണ്ടി. അഭിഷേകിന്റെ തിരിച്ചുവരവ്. സീ ദ ബോള്‍, ഹിറ്റ് ദ ബോള്‍ ശൈലിയെ അഭിഷേക് മാറ്റിവെച്ചുവെന്ന് തന്നെ പറയാം.

എല്ലാ ഷോട്ടുകളും വെല്‍ ടൈംഡ് ആയിരുന്നില്ല, എങ്കിലും മെച്ചപ്പെട്ട ഫൂട്ട്‌വര്‍ക്ക്, സ്ട്രൈക്ക് റൊട്ടേഷൻ, കോ‍ര്‍ഡിനേഷൻ. തന്റെ ട്വന്റി 20 കരിയറിലെ വേഗത കുറഞ്ഞ രണ്ടാമത്തെ അര്‍ദ്ധ സെഞ്ചുറി അഭിഷേക് കുറിക്കുമ്പോള്‍ ഇന്ത്യയുടെ പല ആശങ്കകള്‍ക്കും ഉത്തരമായി. വൈഡ് സ്ലോഗുകള്‍ക്ക് തയാറാകാതെ ഡൗണ്‍ ദ ഗ്രൗണ്ട് ഷോട്ടുകള്‍ക്കായിരുന്നു അഭിഷേക് പ്രാധാന്യം നല്‍കിയത്. 56 റണ്‍സില്‍ 37ഉം വന്നതങ്ങനെ. സഞ്ജുവിന്റെ വരവ്, ഓഫ് സ്പിന്നറെ മാറ്റി നിര്‍ത്തിയതും അഭിഷേകിലെ സമ്മര്‍ദം കുറച്ചു.

ടൂര്‍ണമെന്റിലെ മറ്റ് മത്സരങ്ങളിലേതുപോലെ അമിതമായ കരുതലുകള്‍ക്ക് വന്നവരാരും തയാറായില്ല. ഇഷാൻ 24 പന്തില്‍ 38 റണ്‍സ്, സൂര്യകുമാര്‍ യാദവ് 13 പന്തില്‍ 33, ഹാര്‍ദിക്ക് പാണ്ഡ്യ 23 പന്തില്‍ അര്‍ദ്ധ ശതകം. അഭിഷേകിന് സമാനമായി ഇന്ത്യക്ക് മറ്റൊരു തിരിച്ചുവരവുകൂടിയുണ്ടായിരുന്നു. തിലക് വര്‍മയുടേത്. സിംബാബ്‌വെയ്ക്ക് എതിരായ മത്സരത്തിന് മുൻപ് തിലകിന്റെ ടൂര്‍ണമെന്റിലെ സ്ട്രൈക്ക് റേറ്റ് കേവലം 118 മാത്രമായിരുന്നു.

15-ാം ഓവറില്‍ ആറാമനായി ക്രീസിലെത്തി ആദ്യ പന്തില്‍ ബൗണ്ടറി നേടിത്തുടങ്ങിയ ഇന്നിങ്സ് അവസാനിക്കുന്നത് 16 പന്തില്‍ 44 റണ്‍സുമായാണ്. സ്ട്രൈക്ക് റേറ്റ് 275, ഇന്ത്യൻ ബാറ്റിങ് നിരയില്‍ ഏറ്റവും മികച്ച പ്രഹരശേഷി തിലകിന്റെ പേരിന് നേര്‍ക്കായിരുന്നു. മെല്ലപ്പോക്കില്‍ നിന്നുള്ള അതിവേഗ ഷിഫ്റ്റ്. 256 സ്കോര്‍ബോര്‍ഡിലേക്ക് ചേര്‍ക്കപ്പെട്ടപ്പോള്‍ ഇന്ത്യൻ നിരയിലെ ഏറ്റവും മോശം സ്ട്രൈക്ക് റേറ്റ് പോലും 158 ആയിരുന്നു, ഇഷാൻ കിഷന്റേത്.

15 റണ്‍സിലധികം വന്ന എട്ട് ഓവറുകള്‍ ഇന്നിങ്സിലുണ്ടായി. ഇതില്‍ മൂന്നെണ്ണം ഇരുപതും കടന്നു. സഞ്ജുവിന്റ വരവ് ഓഫ് സ്പിൻ തന്ത്രത്തെ ടാക്കിള്‍ ചെയ്തു, അഭിഷേകിന് സമ്മര്‍ദത്തെ മറികടക്കാൻ സഞ്ജുവിന്റെ ക്യാമിയോയും സഹായകരമായി. ഒരു പെര്‍ഫക്റ്റ് ബാറ്റിങ് ലൈനപ്പിലേക്ക് ഇന്ത്യയെത്തിയെന്ന് പറയാം. തിലക് പിൻനിരയിലേക്ക് ഇറങ്ങി അഗ്രസീവായിരിക്കുന്നു. തിലകും ഹാര്‍ദിക്കും ഒന്നിക്കുന്ന ലോവര്‍ ഓര്‍ഡറില്‍ സ്റ്റബിലിറ്റിയും പവര്‍ ഒരുപോലെ ലഭിച്ചക്കുന്നു. ഇതായിരുന്നു ആരാധകര്‍ ആഗ്രഹിച്ച ഇന്ത്യ.