ടി20 ലോകകപ്പില്‍ ചാംപ്യന്മാരാകുന്ന ആദ്യ ദമ്പതിമാരായിരിക്കുകയാണ് സാര്‍ക്കും അലീസ ഹീലിയും. ഭാര്യ അലീസ ഹീലി നേരത്തെഓസ്‌ട്രേലിയന്‍ വനിതാ ടീമിനൊപ്പവും കിരീടം നേടിയിരുന്നു.

ദുബായ്: ടി20 ലോകകപ്പ് (T20 World Cup) ഫൈനലില്‍ ന്യൂസിലന്‍ഡിനെ (New Zealand) തോല്‍പ്പിച്ചതോടെ അപൂര്‍വ നേട്ടത്തിന് ഉടമയായിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ (Australia) പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് (Mitchell Starc). ടി20 ലോകകപ്പില്‍ ചാംപ്യന്മാരാകുന്ന ആദ്യ ദമ്പതിമാരായിരിക്കുകയാണ് സാര്‍ക്കും അലീസ ഹീലിയും. ഭാര്യ അലീസ ഹീലി നേരത്തെഓസ്‌ട്രേലിയന്‍ വനിതാ ടീമിനൊപ്പവും കിരീടം നേടിയിരുന്നു. ഓസ്‌ട്രേലിയന്‍ വനിതകള്‍ അഞ്ച് തവണ ട്വന്റി 20 ലോകകിരീടം നേടിയിട്ടുണ്ട്.

അതേസമയം ഓസ്‌ട്രേലിയയുടെ എട്ടാം ഐസിസി കിരീടമാണിത്. 1987, 1999, 2003, 2007, 2015 വര്‍ഷങ്ങളില്‍ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയ ചാംപ്യന്‍മാരായി. ഐസി സി ചാംപ്യന്‍സ് ട്രോഫിയില്‍ 2006ലും, 2009ലും ജേതാക്കളായി. ഇപ്പോഴിതാ, 2021ല്‍ ട്വന്റി 20 ലോകകപ്പിലും ഓസ്‌ട്രേലിയ കൈയൊപ്പ് ചാര്‍ത്തി. 

ഇന്നലെ കലാശപ്പോരില്‍ ന്യൂസിലന്‍ഡിനെ എട്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കിവീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഓസീസ് 18.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

എന്നാല്‍ അത്ര നല്ല ദിവസമായിരുന്നില്ല സ്റ്റാര്‍ക്കിന്. തിരികെ നാട്ടിലേക്ക് മടങ്ങുന്നത് മോശം കരിയറിലെ മോശം റെക്കോഡുമായി. കിവീസിനെതിരെ നാല് ഓവറില്‍ 60 റണ്‍സാണ് സ്റ്റാര്‍ക്ക് വഴങ്ങിയത്. ഒരു വിക്കറ്റ് പോലും താരത്തിന് വീഴ്ത്താന്‍ സാധിച്ചില്ല. കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (Kane Williamson) സ്റ്റാര്‍ക്കിന്റെ ഓരോവറില്‍ അടിച്ചെടുത്തത് 22 റണ്‍സാണ്. 

ഇതില്‍ നാല് ഫോറും ഒരു സിക്സും ഉള്‍പ്പെടും. ഓസ്ട്രേലിയുടെ ടി20 ജേഴ്സിയില്‍ നാല് ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ബൗളര്‍മാരുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് സ്റ്റാര്‍ക്ക്.ഇക്കാര്യത്തില്‍ രണ്ടാമതാണ് സ്റ്റാര്‍ക്ക്. ആന്‍ഡ്രൂ ടൈയാണ് ഒന്നാമത്. 

2018ല്‍ ന്യൂസിലന്‍ഡിനെതിരെ 64 റണ്‍സാണ് ടൈ വഴങ്ങിയത്. 59 റണ്‍സ് വഴങ്ങിയിട്ടുള്ള കെയ്ന്‍ റിച്ചാര്‍ഡ്സണ്‍ മൂന്നാമതാണ്. 2018ല്‍ ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണിലായിരുന്നു ഇത്.