വിരാട് കോലിയാണ് രോഹിതിന് മുമ്പ് ഈ നേട്ടത്തിലെത്തിയ ആദ്യ ഇന്ത്യന്‍ ബാറ്റര്‍. നമീബിയക്കെതിരായ മത്സരത്തിനിറങ്ങും മുമ്പ് 20 റണ്‍സായിരുനനു രോഹിത്തിന് ചരിത്രനേട്ടത്തിലെത്താന്‍ വേണ്ടിയിരുന്നത്.

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup) നമീബിയയെ(Namibia) ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ വിജയത്തോടെ വിടപറഞ്ഞപ്പോള്‍ അര്‍ധസെഞ്ചുറിയുമായി തിളിങ്ങിയ രോഹിത് ശര്‍മ(Rohit Sharma) മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടു. ടി20 ക്രിക്കറ്റില്‍ 3000 റണ്‍സ് പിന്നിടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ബാറ്ററെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്.

വിരാട് കോലിയാണ്(Virat Kohli) രോഹിതിന് മുമ്പ് ഈ നേട്ടത്തിലെത്തിയ ആദ്യ ഇന്ത്യന്‍ ബാറ്റര്‍. നമീബിയക്കെതിരായ മത്സരത്തിനിറങ്ങും മുമ്പ് 20 റണ്‍സായിരുനനു രോഹിത്തിന് ചരിത്രനേട്ടത്തിലെത്താന്‍ വേണ്ടിയിരുന്നത്.

37 പന്തില്‍ 56 റണ്‍സുമായി മത്സരത്തില്‍ ഇന്ത്യയുടെ ടോപ് സ്കോററായതിനൊപ്പം 3000 റണ്‍സെന്ന നാഴികക്കല്ലും രോഹിത് മറികടന്നു. രാജ്യാന്തര ക്രിക്കറ്റില്‍ ടി20 ക്രിക്കറ്റില്‍ 3000 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ മാത്രം ബാറ്ററുമാണ് രോഹിത്. ന്യൂസിലന്‍ഡ് ബാറ്റര്‍ മാര്‍ട്ടിന്‍ ഗ‌പ്ടിലാണ് മൂന്നാമത്തെ താരം.

95 മത്സരങ്ങളില്‍ 52.04 ശരാശരിയില്‍ 29 അര്‍ധസെഞ്ചുറികളടക്കം 3227 റണ്‍സുമായി കോലിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 3115 റണ്‍സുമായി ഗപ്‌ടില്‍ രണ്ടാം സ്ഥാനത്തും രോഹിത് മൂന്നാം സ്ഥാനത്തുമാണ്. രോഹിത്തിന് ടി20 ക്രിക്കറ്റില്‍ 28 അര്‍ധസെഞ്ചുറികളുമുണ്ട്.

ടി20 ലോകകപ്പിലെ ഫലം അപ്രസക്തമായ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചു കയറിയത്. ആദ്യം ബാറ്റ് ചെയ്ത് നമീബിയ ഉയര്‍ത്തിയ 133 റണ്‍സ് വിജയലക്ഷ്യം രോഹിത്തിന്‍റെയും കെ എല്‍ രാഹുലിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ ഇന്ത്യ 15.2 ഓവറില്‍ അടിച്ചെടുത്തു.