ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് തയാറെടുക്കുന്ന ഇന്ത്യന്‍ ടീമിന്‍റെ നെറ്റ് ബൌളറായി തിരഞ്ഞെടുക്കപ്പെട്ട മലയാളിതാരം സന്ദീപ് വാര്യരെ ടീം ക്യാംപിലേക്ക് അയക്കില്ലെന്ന് തമിഴ്നാട്. ഈ സീസണിൽ കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് മാറിയ സന്ദീപ് വാര്യർ മുഷ്താഖ് അലി ‌ട്രോഫി ട്വന്‍റി-20യിൽ കളിച്ചുകൊണ്ടിരിക്കുകയാണ്.

ഫെബ്രുവരി അഞ്ചിന് തുടങ്ങുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി ഈ മാസം 27 ന് ചെന്നൈയിലെത്തണമെന്നും തുടർന്ന് കോവിഡ് പരിശോധനയ്ക്ക് ശേഷം ടീമിന്‍റെ ബയോ ബബിളിൽ പ്രവേശിക്കണമെന്നുമാണ് ‌ സന്ദീപിന് ബിസിസിഐ നൽകിയിരിക്കുന്ന നിർദ്ദേശം‌. മുഷ്താഖ് അലി ട്രോഫി അവസാനിക്കുന്ന 31 വരെ സന്ദീപിനെ വിട്ടുനൽകാനാവില്ലെന്നാണ് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍റെ നിലപാട്.

ഇക്കാര്യം ചൂണ്ടിക്കാട്ടി തമിഴ്നാട് ബിസിസിഐക്ക് കത്തയച്ചു. മുഷ്താഖ് അലി ‌ട്രോഫിക്ക് ശേഷം സന്ദീപിനെ ബയോ ബബിളിൽ പ്രവേശിപ്പിക്കണം എന്നാണ് തമിഴ്നാടിന്‍റെ ആവശ്യം. ബിസിസിഐ ഇതിന് മറുപടി നൽകിയിട്ടില്ല.