പരിശീലകൻ യാക്കൂബ് ചൗധരി ദാലിം നിര്‍ണായക സമയത്ത് തമീമിന് സിപിആര്‍ നൽകിയിരുന്നു. 

ഹൃദയാഘാതത്തെ അതിജീവിച്ച് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് പിന്നാലെ പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞ് മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ തമീം ഇഖ്ബാൽ. ഈ വർഷം ജനുവരിയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച തമീം, ഷൈൻപുകുർ ക്രിക്കറ്റ് ക്ലബ്ബിനെതിരായ ധാക്ക പ്രീമിയർ ഡിവിഷൻ ക്രിക്കറ്റ് ലീഗ് മത്സരത്തിൽ മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ്ബിനെ നയിക്കുകയായിരുന്നു. ടോസ് കഴിഞ്ഞയുടനെ തമീമിന് നെഞ്ചുവേദന അനുഭവപ്പെട്ടു. ആദ്യം അദ്ദേഹത്തെ ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ, പിന്നീട് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ച അദ്ദേഹത്തെ അടിയന്തര ആൻജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാക്കുകയും നാല് ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. 

"നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയാൽ, ഞാൻ ഇപ്പോൾ വീട്ടിലാണ്. ഈ നാല് ദിവസങ്ങളിൽ, എനിക്ക് ഒരു പുതിയ ജീവിതം കണ്ടെത്താൻ കഴിഞ്ഞു. ആ തിരിച്ചറിവുകളിൽ സ്നേഹവും നന്ദിയും മാത്രമേയുള്ളൂ. എന്റെ കരിയറിൽ ഉടനീളം എനിക്ക് നിങ്ങളുടെ സ്നേഹം ലഭിച്ചു. എന്നാൽ ഇപ്പോൾ ഞാൻ അത് കൂടുതൽ തീവ്രമായി അനുഭവിച്ചു. ഞാൻ ശരിക്കും തളർന്നുപോയി." തമീം ഫേസ്ബുക്കിൽ കുറിച്ചു. മെഡിക്കൽ പ്രൊഫഷണലുകൾക്കും, ആശുപത്രികൾക്കും, സപ്പോർട്ട് സ്റ്റാഫുകൾക്കുമെല്ലാം അദ്ദേഹം തന്റെ നന്ദി അറിയിച്ചു. 

തന്റെ ജീവൻ രക്ഷിക്കുന്നതിൽ സിപആർ നിർണായകമായിരുന്നുവെന്ന് തമീം പറഞ്ഞു. സമയബന്ധിതമായി സിപിആർ നൽകിയ പരിശീലകൻ യാക്കൂബ് ചൗധരി ദാലിമിന് തമീം നന്ദി പറഞ്ഞു. യാക്കൂബ് ചൗധരി ദാലിം ഭായ് ആ സമയത്ത് സിപിആർ ശരിയായി നൽകിയിരുന്നില്ലെങ്കിൽ താൻ രക്ഷപ്പെടുമായിരുന്നില്ലെന്ന് സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ പറഞ്ഞതായി പിന്നീട് മനസ്സിലാക്കാൻ സാധിച്ചെന്നും തമീം കൂട്ടിച്ചേർത്തു. പൂർണമായി സുഖം പ്രാപിക്കാൻ ഇനിയും സമയമെടുക്കുമെന്ന് പറഞ്ഞ തമീം തനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബംഗ്ലാദേശിനായി വിവിധ ഫോർമാറ്റുകളിൽ 387 മത്സരങ്ങൾ കളിച്ച തമീം 25 സെഞ്ച്വറികൾ ഉൾപ്പെടെ 15,192 റൺസ് നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ബംഗ്ലാദേശിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ കളിക്കാരനാണ് അദ്ദേഹം. റൺവേട്ടയിൽ മുഷ്ഫിഖുർ റഹീം മാത്രമാണ് തമീമിന് മുന്നിലുള്ളത്.

READ MORE: ഒരു വേദിയിൽ അതിവേഗം 1,000 റൺസ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരം; പുതിയ നേട്ടം സ്വന്തമാക്കി ഗിൽ