ലണ്ടന്‍: മത്സരങ്ങളിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇനിമുതല്‍ ടീം ക്യാപ്റ്റന്‍മാരെ സസ്പെന്‍ഡ് ചെയ്യില്ലെന്ന് ഐസിസി. സസ്പെന്‍ഷന് പകരം ടീമിലെ എല്ലാ അംഗങ്ങള്‍ക്കും ഡിമെറിറ്റ് പോയന്റ് നല്‍കാനും പിഴ ഈടാക്കാനുമാണ് തീരുമാനം.

ഐസിസി വാര്‍ഷിക പൊതുയോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. അടുത്ത മാസം ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പരിഷ്കാരം നടപ്പാക്കിത്തുടങ്ങും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മുതല്‍ നിശ്ചിത സമയത്ത് ഓവര്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഓരോ ഓവറിനും രണ്ട് പോയന്റ് വീതം കുറയും.

കുറഞ്ഞ ഓവര്‍ നിരക്കിന് ടീം ക്യാപ്റ്റന് ലഭിക്കുന്ന അതേ പിഴ തന്നൊയായിരിക്കും മറ്റ് കളിക്കാര്‍ക്കും ലഭിക്കുക. മുമ്പ് ഒരു വര്‍ഷം രണ്ടു തവണ കുറഞ്ഞ ഓവര്‍ നിരക്കിന് ശിക്ഷിക്കപ്പെട്ടാല്‍ ക്യാപ്റ്റന് സസ്പെന്‍ഷന്‍ ലഭിക്കാനുള്ള സാധ്യതയുണ്ടായിരുന്നു.