സിഡ്‌നി: ടെസ്റ്റ് ക്രിക്കറ്റില്‍ ദ്രാവിഡ്-ലക്ഷ്‌മണ്‍ യുഗത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രതിരോധങ്ങളിലൊന്ന്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും ദൈര്‍ഘ്യമേറിയ നാലാം ഇന്നിംഗ്‌സ് ഡിഫന്‍സുകളിലൊന്നും. സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ വീരോചിത സമനില നേടിയപ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ മനസിലേക്കെത്തിയത് രാഹുല്‍ ദ്രാവിഡ് എന്ന ക്രിക്കറ്റ് മന്ത്രം. 

ഇന്ത്യക്ക് വിജയതുല്യ സമനിലയുമായി രവിചന്ദ്ര അശ്വിനും ഹനുമ വിഹാരിയും തലയുയര്‍ത്തി പവലിയനിലേക്ക് മടങ്ങുമ്പോള്‍ ഐസിസി ചെയ്ത ട്വീറ്റിലുണ്ടായിരുന്നു ദ്രാവിഡ് മയം. സിഡ്‌നിയിലെ വീരോചിത സമനില വന്‍മതില്‍ രാഹുല്‍ ദ്രാവിഡിനുള്ള ഇന്ത്യയുടെ പിറന്നാള്‍ സമ്മാനമെന്നായിരുന്നു ഐസിസി ട്വീറ്റ്. ദ്രാവിഡിന്‍റെ 48-ാം ജന്‍മദിനത്തിലാണ് അശ്വിന്‍-വിഹാരി സഖ്യത്തിന്‍റെ അവിശ്വസനീയ പ്രതിരോധത്തില്‍ ഇന്ത്യ ജയതുല്യ സമനില നേടിയത് എന്നത് ആരാധകരും ആഘോഷിക്കുകയാണ്. 

അശ്വിന്‍-വിഹാരി കട്ട ഡിഫന്‍സ്; സിഡ്‌നിയില്‍ ഇന്ത്യക്ക് ജയതുല്യ സമനില

ഓസ്‌ട്രേലിയ മുന്നോട്ടുവച്ച 407 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരവേ അവസാന ഇന്നിംഗ്‌സില്‍ 131 ഓവറുകള്‍ ക്രീസില്‍ പിടിച്ചുനിന്നായിരുന്നു ഇന്ത്യയുടെ ഹീറോയിസം. രോഹിത് ശര്‍മ്മയും(52), ശുഭ്‌മാന്‍ ഗില്ലും(31) മികച്ച തുടക്കം നല്‍കിയപ്പോള്‍ നായകന്‍ അജിങ്ക്യ രഹാനെ നാല് റണ്‍സില്‍ പുറത്തായി. എന്നാല്‍ തകര്‍പ്പന്‍ അര്‍ധ സെ‍ഞ്ചുറികളുമായി പൂജാരയും(205 പന്തില്‍ 77 റണ്‍സ്), റിഷഭും(118 പന്തില്‍ 97) ഇന്ത്യയെ കയകയറ്റി. 

ഇരുവരും പുറത്തായ ശേഷം അശ്വിന്‍-വിഹാരി സഖ്യത്തിന്‍റെ ഐതിഹാസിക ചെറുത്തുനില്‍പ് ഇന്ത്യക്ക് അര്‍ഹിച്ച സമനില സമ്മാനിക്കുകയായിരുന്നു. ആറാം വിക്കറ്റില്‍ പുറത്താകാതെ 259 പന്തില്‍ 62 റണ്‍സ് ഇരുവരും ചേര്‍ത്തു. അഞ്ചാംദിനം അവസാനിക്കാന്‍ ഒരോവര്‍ ബാക്കിനില്‍ക്കേ ഓസീസ് സമനില സമ്മതിച്ചപ്പോള്‍ അശ്വിന്‍ 128 പന്തില്‍ 39 റണ്‍സുമായും വിഹാരി 161 പന്തില്‍ 23 റണ്‍സുമായും പുറത്താകാതെ നിന്നു. 

പരിക്കിനെ മറികടന്ന് കൂടിയായിരുന്നു അശ്വിന്‍റെയും വിഹാരിയുടേയും പന്തിന്‍റെയും ബാറ്റിംഗ്. വിഹാരി പേശിവലിവുമൂലം കഷ്‌ടപ്പെട്ടപ്പോള്‍ ബൗണ്‍സറുകളാണ് അശ്വിന് വിനയായത്. പന്താവട്ടെ ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിടെ പരിക്കേറ്റ ശേഷം വിക്കറ്റ് കീപ്പര്‍ ഗ്ലൗ സാഹയ്‌ക്ക് കൈമാറിയിരുന്നു. എന്നാല്‍ സിഡ്‌നിയില്‍ തോല്‍വി വഴങ്ങില്ലെന്ന് ഉറപ്പിച്ച് അവസാനദിനം ഇന്ത്യ ഇറങ്ങിയപ്പോള്‍ ബാറ്റേന്തുകയായിരുന്നു റിഷഭ്. 

പിറന്നത് പുതു ചരിത്രം; സിഡ്‌നിയിലെ സ്വപ്‌ന സമനിലയോടെ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ഇന്ത്യ