സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ പരിക്കിനെ തോല്‍പിച്ചുള്ള ഇന്ത്യയുടെ വിജയതുല്യ സമനില ഇടംപിടിച്ചത് ക്രിക്കറ്റ് ചരിത്രത്തില്‍. ഓസ്‌ട്രേലിയയില്‍ സമനില പിറന്ന മത്സരങ്ങളില്‍ നാലാം ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ ഓവറുകള്‍ ബാറ്റ് ചെയ്ത ടീമെന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. 

ഇന്ത്യന്‍ ഇന്നിംഗ്‌സ് 131 ഓവറുകള്‍ നീണ്ടുനിന്നപ്പോള്‍ തകര്‍ന്നത് 2014/15 പര്യടനത്തില്‍ ഇന്ത്യ സിഡ്‌നിയില്‍ തന്നെ സ്ഥാപിച്ച റെക്കോര്‍ഡാണ്. അന്ന് 89.5 ഓവറാണ് ബാറ്റേന്തിയത്. ടെസ്റ്റില്‍ 1980ന് ശേഷം ഇന്ത്യ നാലാം ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ ഓവര്‍ ബാറ്റ് ചെയ്ത മത്സരം എന്ന നാഴികക്കല്ലും ഇന്നവസാനിച്ച ആവേശപ്പോരില്‍ രഹാനെയും സംഘവും സ്വന്തമാക്കി. 

സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിന്‍റെ നാലാം ഇന്നിംഗ്‌സില്‍ 407 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ റിഷഭ് പന്ത്, ചേതേശ്വര്‍ പൂജാര എന്നിവരുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറികളും രവിചന്ദ്ര അശ്വിന്‍റേയും ഹനുമ വിഹാരിയുടേയും പ്രതിരോധവുമാണ് അവസാനദിനം കാത്തത്. ആറാം വിക്കറ്റില്‍ പുറത്താകാതെ 259 പന്തില്‍ 62 റണ്‍സ് ചേര്‍ത്തു അശ്വിനും വിഹാരിയും. 

വീണ്ടും സ്‌മിത്തിന്‍റെ ചതിയന്‍ പ്രയോഗം? പന്തിന്‍റെ ഗാര്‍ഡ് മാര്‍ക്ക് മായ്‌ക്കാന്‍ ശ്രമിച്ചതായി വീഡിയോ, വിവാദം

അഞ്ചാംദിനം അവസാനിക്കാന്‍ ഒരോവര്‍ ബാക്കിനില്‍ക്കേ ഓസീസ് സമനിലയില്‍ സമ്മതിച്ചപ്പോള്‍ അശ്വിന്‍ 128 പന്തില്‍ 39 റണ്‍സുമായും വിഹാരി 161 പന്തില്‍ 23 റണ്‍സുമായും പുറത്താകാതെ നിന്നു. ഇന്നിംഗ്‌സിനിടെ കാല്‍പേശികള്‍ക്കേറ്റ പരിക്കിനെ അവഗണിച്ചായിരുന്നു വിഹാരിയുടെ ബാറ്റിംഗ്. 247 പന്തിലാണ് സഖ്യം 50 റണ്‍സ് കൂട്ടുകെട്ട് നേരത്തെ പൂര്‍ത്തിയാക്കിയത്. 

സിഡ്‌നിയിലെ തീപ്പൊരി ബാറ്റിംഗ്; പന്തിന് തകര്‍പ്പന്‍ റെക്കോര്‍ഡുകള്‍

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് രോഹിത് ശര്‍മ്മയും(52) ശുഭ്‌മാന്‍ ഗില്ലും(31) മികച്ച തുടക്കം നല്‍കിയിരുന്നു. നായകന്‍ അജിങ്ക്യ രഹാനെ നാല് റണ്‍സില്‍ മടങ്ങിയപ്പോള്‍ വീണ്ടുമൊരിക്കല്‍ കൂടി പൂജാര മതില്‍കെട്ടി. മറുവശത്ത് സ്ഥാനക്കയറ്റം കിട്ടിയെത്തിയ റിഷഭ് പന്ത് വെടിക്കെട്ട് ബാറ്റിംഗുമായി ബൗളര്‍മാരെ പ്രതിരോധത്തിലാക്കി. പൂജാര 205 പന്തില്‍ 77 റണ്‍സും റിഷഭ് 118 പന്തില്‍ 97 റണ്‍സും നേടി. നാലാം വിക്കറ്റിലെ പന്ത്-പൂജാര സഖ്യത്തിന്‍റെ 148 റണ്‍സും ഇന്ത്യയുടെ സമനിലയില്‍ നിര്‍ണായകമായി. 

നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഓരോ മത്സരങ്ങള്‍ ജയിച്ച് തുല്യത(1-1) പാലിക്കുകയാണ് ഇരു ടീമുകളും. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ചുറിയും നേടിയ സ്റ്റീവ് സ്‌മിത്താണ് മാന്‍ ഓഫ് ദ് മാച്ച്. ബ്രിസ്‌ബേനില്‍ 15-ാം തീയതി ആരംഭിക്കുന്ന നാലാമത്തേയും അവസാനത്തേയും ടെസ്റ്റ് പരമ്പര വിജയികളെ തീരുമാനിക്കും. 

അശ്വിന്‍-വിഹാരി കട്ട ഡിഫന്‍സ്; സിഡ്‌നിയില്‍ ഇന്ത്യക്ക് ജയതുല്യ സമനില