പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് (Rahul Dravid) സ്‌പെഷ്യല്‍ ടെസ്റ്റ് ക്യാപ് കൈമാറി. കഴിഞ്ഞ ദിവസം ബിസിസിഐ കോലിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു. വീഡിയോയില്‍ ദ്രാവിഡിന് പുറമെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മുന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ് എന്നിവരെല്ലാം കോലിയെ കുറിച്ച് സംസാരിച്ചിരുന്നു.

മൊഹാലി: അന്താരാഷ്ട്ര കരിയറില്‍ 100 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് (Virat Kohli) ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആദരം. പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് (Rahul Dravid) സ്‌പെഷ്യല്‍ ടെസ്റ്റ് ക്യാപ് കൈമാറി. കഴിഞ്ഞ ദിവസം ബിസിസിഐ കോലിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു. വീഡിയോയില്‍ ദ്രാവിഡിന് പുറമെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മുന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ് എന്നിവരെല്ലാം കോലിയെ കുറിച്ച് സംസാരിച്ചിരുന്നു.

ഇന്ന് ടോസിന് ശേഷമാണ് പരിശീലകരും സഹതാരങ്ങളും കോലിയെ ആദരിക്കുന്ന ചടങ്ങ് നടത്തിയത്. കോലിയുടെ ഭാര്യ അനുഷ്‌ക ശര്‍മയും ഗ്രൗണ്ടിലുണ്ടായിരുന്നു. കോച്ച് ദ്രാവിഡിന്റെ വാക്കുകള്‍... ''ഇത് നിങ്ങള്‍ അര്‍ഹിച്ചതാണ്. വരാനുള്ള ഒരുപാട് നല്ല കാര്യങ്ങളുടെ തുടക്കമാവട്ടെ എന്ന് പ്രത്യാശിക്കുന്നു. ആദ്യ മത്സരം കളിക്കുമ്പോള്‍ നിങ്ങള്‍ തീരുമാനിച്ചിട്ടുണ്ടായിരിക്കണം 100 ടെസ്റ്റ് പൂര്‍ത്തിയാക്കുകയെന്നുള്ളത്. ഇപ്പോള്‍ 100 പൂര്‍ത്തിയാക്കുന്നു. ധൈര്യം, കഴിവ്, അച്ചടക്കം എല്ലാം നിറഞ്ഞതായിരുന്നു നിങ്ങളുടെ യാത്ര. ഇത്രയും ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി എന്നതില്‍ മാത്രല്ല, സംഭവബഹുലമായ ഇത്രയും വലിയൊരു യാത്ര നടത്തിയതിലും നിങ്ങള്‍ക്ക് അഭിമാനിക്കാം. നിങ്ങള്‍ക്കും കുടുംബത്തിനും ആശംസകള്‍.'' ദ്രാവിഡ് പറഞ്ഞു.

കോലിയുടെ മറുപടിയിങ്ങനെ... ''എനിക്ക് സവിശേഷത നിറഞ്ഞ ദിവസമാണിത്. എന്റെ ഭാര്യ കൂടെയുണ്ട്. എന്റെ കുടുംബം, ബാല്യകാല കോച്ച്, സഹതാരങ്ങള്‍ എല്ലാവരും ഈ സവിശേഷ നിമിഷത്തിന് സാക്ഷികളായി. സഹതാരങ്ങളുടെ പൂര്‍ണ പിന്തുണയില്ലാതെ എനിക്ക് ഈ യാത്ര പൂര്‍ത്തിയാക്കാന്‍ സാധിക്കുമായിരുന്നില്ല. അവസരം നല്‍കിയതിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനോടും ബിസിസിഐയോടും ഞാന്‍ കടപ്പെട്ടവനായിരിക്കും. 

താങ്കളില്‍ നിന്ന് സ്‌പെഷ്യല്‍ ക്യാപ്പ് വാങ്ങാനായിതിലും ഏറെ സന്തോഷം. എന്റെ കുട്ടികാല ഹീറോകളില്‍ ഒരാളാണ് നിങ്ങള്‍. അണ്ടര്‍ 15 കളിക്കുമ്പോള്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിന്ന് നിങ്ങള്‍ക്കൊപ്പമെടുത്ത ചിത്രം ഇപ്പോഴും എന്റെ ശേഖരണത്തിലുണ്ട്. ഇന്ന് നിങ്ങളില്‍ ഞാന്‍ സ്‌പെഷ്യല്‍ ക്യാപ് ഏറ്റുവാങ്ങുമ്പോള്‍ അതൊരു സവിശേഷ നിമിഷം തന്നെയാണ്.'' കോലി പറഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പാണ് കോലി നായകസ്ഥാനം ഒഴിഞ്ഞത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെയായിരുന്നിത്. 100 ടെസ്റ്റില്‍ നിന്ന് 50.39 ശരാശരിയില്‍ 7962 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറിയ കോലി 27 സെഞ്ചുറികള്‍ നേടി.