റെക്കോര്‍ഡുകളല്ല ടീം നോട്ടമിടുന്നത് എന്നാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയ്‌ക്ക് മുമ്പ് മുഖ്യ പരിശീലകന്‍ രാഹുല്‍ രാഹുലിന്‍റെ പ്രതികരണം

ദില്ലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20യില്‍(IND vs SA T20Is) ഇന്ത്യന്‍ ടീമിനെ കാത്ത് വമ്പന്‍ റെക്കോര്‍ഡ്. രാജ്യാന്തര ടി20യില്‍ തുടര്‍ച്ചയായി കൂടുതല്‍ മത്സരങ്ങള്‍ ജയിച്ചതിന്‍റെ റെക്കോര്‍ഡില്‍ അഫ്‌ഗാനിസ്ഥാനും റൊമാനിയക്കും ഒപ്പമാണ് ഇപ്പോള്‍ ടീം ഇന്ത്യ(Team India). ഇരു ടീമുകളും 12 മത്സരങ്ങള്‍ വീതമാണ് ഇതുവരെ തുടര്‍ച്ചയായി വിജയിച്ചത്. ദില്ലി ടി20യില്‍(India vs South Africa 1st T20I) ജയിച്ചാല്‍ ലോക റെക്കോര്‍ഡ് ഇന്ത്യന്‍ ടീമിന് സ്വന്തമാകും. 

2021ലെ ടി20 ലോകകപ്പിലാണ് ഇന്ത്യ ടി20യില്‍ വിജയഭേരി തുടങ്ങിയത്. ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാനെയും സ്‌കോട്‌ലന്‍ഡിനെയും നമീബിയയേയും തുടര്‍ച്ചയായ മത്സരങ്ങളില്‍ പരാജയപ്പെടുത്തി. ഇതിന് ശേഷം രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ ന്യൂസിലന്‍ഡിനും വെസ്റ്റ് ഇന്‍ഡീസിനും ശ്രീലങ്കയ്‌ക്കും എതിരായ പരമ്പരകള്‍ തൂത്തുവാരി. 3-0നാണ് മൂന്ന് പരമ്പരകളും ടീം ഇന്ത്യ നേടിയത്. ദില്ലിയില്‍ ദക്ഷിണാഫ്രിക്കയെ ആദ്യ ടി20യില്‍ തോല്‍പിച്ചാല്‍ ഇന്ത്യക്ക് തുടര്‍ച്ചയായ 13-ാം ജയവും ലോക റെക്കോര്‍ഡും സ്വന്തമാകും. 

എന്നാല്‍ റെക്കോര്‍ഡുകളല്ല ടീം നോട്ടമിടുന്നത് എന്നാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയ്‌ക്ക് മുമ്പ് മുഖ്യ പരിശീലകന്‍ രാഹുല്‍ രാഹുലിന്‍റെ പ്രതികരണം. 'റെക്കോര്‍ഡുകളെ കുറിച്ച് സത്യമായും ചിന്തിക്കുന്നില്ല. റെക്കോര്‍ഡുകളില്‍ കണ്ണുപതിപ്പിക്കുന്നില്ല. കളിക്കുന്ന എല്ലാ മത്സരങ്ങളും ജയിക്കണം. എന്നാല്‍ മത്സരങ്ങള്‍ക്കായി നന്നായി പരിശീലനം നടത്തുകയും തയ്യാറെടുക്കുകയും മൈതാനത്ത് എല്ലാ തന്ത്രങ്ങളും വിജയകരമായി നടപ്പാക്കുകയുമാണ് വേണ്ടത്. അത് സാധ്യമായാല്‍ അതിനാണ് പ്രാധാന്യം' എന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജൂണ്‍ ഒമ്പത് മുതലാണ് അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര. ഡല്‍ഹി, കട്ടക്ക്, വിശാഖപട്ടണം, രാജ്കോട്ട്, ബെംഗളൂരു എന്നിവയാണ് വേദികള്‍. കെ എല്‍ രാഹുലാണ് ടീം ഇന്ത്യയെ നയിക്കുക. റിഷഭ് പന്താണ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍. ഐപിഎല്‍ പതിനഞ്ചാം സീസണില്‍ കിരീടമുയര്‍ത്തിയ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയതാണ് ഏറ്റവും ശ്രദ്ധേയം. വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്കിന്‍റെ മടങ്ങിവരവും ആകര്‍ഷകം.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടി20 ടീം: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക്. 

IND vs SA : ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഭുവിക്ക് എത്രത്തോളം അവസരം ലഭിക്കും? മറുപടിയുമായി മഞ്‌ജരേക്കര്‍