Asianet News MalayalamAsianet News Malayalam

പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരന്‍; പക്ഷേ ബുമ്ര മൂന്നാം ടെസ്റ്റ് കളിച്ചേക്കില്ല! നിരാശവാര്‍ത്ത

ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇതുവരെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിട്ടില്ല

Team India pacer Jasprit Bumrah likely to miss IND vs ENG 3rd Test in Rajkot
Author
First Published Feb 5, 2024, 8:30 PM IST

വിശാഖപട്ടണം: പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയുടെ കാര്യത്തില്‍ ആരാധകര്‍ക്ക് നിരാശ വാര്‍ത്ത. ബുമ്ര രാജ്‌കോട്ട് വേദിയാവുന്ന മൂന്നാം ടെസ്റ്റില്‍ കളിച്ചേക്കില്ല എന്ന വിവരമാണ് പുറത്തുവരുന്നത്. മത്സരാധിക്യം പരിഗണിച്ച് ബുമ്രക്ക് വിശ്രമം നല്‍കാനാണ് സെലക്ടര്‍മാരുടെ ആലോചന. സമാനമായി പേസര്‍ മുഹമ്മദ് സിറാജിന് രണ്ടാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ചിരുന്നു.  

ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇതുവരെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിട്ടില്ല. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ രാജ്കോട്ടില്‍ ഫെബ്രുവരി 15-ാം തിയതിയാണ് മൂന്നാം മത്സരം തുടങ്ങുക. ഇതിന് മുമ്പ് പത്ത് ദിവസത്തെ വിശ്രമം താരങ്ങള്‍ക്ക് ലഭിക്കുമെങ്കിലും ജസ്പ്രീത് ബുമ്രക്ക് അല്‍പം കൂടി ഇടവേള നല്‍കാനാണ് സെലക്ടര്‍മാരുടെ ആലോചന. ട്വന്‍റി 20 ലോകകപ്പ് വര്‍ഷമായതിനാല്‍ ബുമ്രയുടെ ജോലിഭാരം ക്രമീകരിക്കാന്‍ മൂന്നാം ടെസ്റ്റിനുള്ള സ്ക്വാഡില്‍ ബുമ്രയെ ഉള്‍പ്പെടുത്തിയേക്കില്ല എന്ന് ഇന്‍സൈഡ്സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു. അവസാന രണ്ട് ടെസ്റ്റുകളില്‍ ബുമ്ര തിരിച്ചെത്തുന്ന തരത്തിലാണ് ക്രമീകരണത്തിന് ബിസിസിഐ പദ്ധതിയിടുന്നത്. 

ഇംഗ്ലണ്ടിനെതിരെ ഹൈദരാബാദും വിശാഖപട്ടണവും വേദിയായ ആദ്യ രണ്ട് ടെസ്റ്റുകളിലെ നാല് ഇന്നിംഗ്സുകളിലുമായി 32 ഓവറുകള്‍ എറിഞ്ഞ ജസ്പ്രീത് ബുമ്ര അതിശയിപ്പിക്കുന്ന 10.67 ബൗളിംഗ് ശരാശരിയില്‍ 15 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ആകെ 160 റണ്‍സേ ബുമ്ര വിട്ടുകൊടുത്തുള്ളൂ. ഓലീ പോപിനെ പുറത്താക്കിയതടക്കം അതിശയിപ്പിക്കുന്ന യോര്‍ക്കറുകള്‍ എറിയാന്‍ ജസ്പ്രീത് ബുമ്രക്കായി. വിശാഖപട്ടണം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സിലെ ആറ് വിക്കറ്റ് നേട്ടമടക്കം 9 പേരെ പുറത്താക്കി ജസ്പ്രീത് ബുമ്ര മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടി. ബുമ്രക്ക് വിശ്രമം അനുവദിക്കുമ്പോള്‍ മുഹമ്മദ് സിറാജ് സ്ക്വാഡിലേക്ക് മടങ്ങിയെത്തും. മുകേഷ് കുമാര്‍ താളം കണ്ടെത്താത്ത സാഹചര്യത്തില്‍ മറ്റ് പേസര്‍മാരെ ആരെയെങ്കിലും സ്ക്വാഡില്‍ ഉള്‍പ്പെടുത്തുമോ എന്ന് വ്യക്തമല്ല. 

Read more: 296 വിജയങ്ങള്‍; സച്ചിന്‍റെ റെക്കോര്‍ഡ് ഒട്ടും സേഫല്ല, കടുത്ത ഭീഷണിയുയര്‍ത്തി രോഹിത് ശര്‍മ്മ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

Latest Videos
Follow Us:
Download App:
  • android
  • ios