ദക്ഷിണാഫ്രിക്കയിലെ പരമ്പര നഷ്‌ടത്തിന് പിന്നാലെ ഇന്ത്യന്‍ ടെസ്റ്റ് ടീമിൽ അഴിച്ചുപണിക്ക് സെലക്‌ടര്‍മാര്‍
മുംബൈ: തലമുറമാറ്റത്തിനൊരുങ്ങി ഇന്ത്യന്‍ പുരുഷ ടെസ്റ്റ് ടീം (India Men's Test Team). സീനിയര്‍ പേസര്‍ ഇഷാന്ത് ശര്‍മ്മയും (Ishant Sharma) വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയും (Wriddhiman Saha) ടെസ്റ്റ് ടീമിൽ ഉള്‍പ്പെടാന്‍ സാധ്യത മങ്ങി. ആവേശ് ഖാന്‍ (Avesh Khan), പ്രസിദ്ധ് കൃഷ്ണ (Prasidh Krishna), നവ്ദീപ് സെയ്നി (Navdeep Saini) എന്നിവരെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാനാണ് ആലോചന. ദക്ഷിണാഫ്രിക്കയിലെ പരമ്പര നഷ്‌ടത്തിന് പിന്നാലെയാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിൽ അഴിച്ചുപണി ഉറപ്പായത്.
വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ, ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മ്മ എന്നിവരോട് ഭാവിപദ്ധതികളെ കുറിച്ച് പരിശീലകന്‍ രാഹുല്‍ ദ്രാവിഡും സെലക്ടര്‍മാരും സംസാരിച്ചതായാണ് സൂചന. റിഷഭ് പന്തിനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായി ആന്ധ്രയിൽ നിന്നുള്ള കെഎസ് ഭരത്തിനെ പരിഗണിക്കുമെന്ന് സാഹയോട് വ്യക്തമാക്കി. ഇതോടെ രഞ്ജി ട്രോഫിക്കുള്ള ടീമിലേക്ക് തന്നെ പരിഗണിക്കേണ്ടെന്ന് സാഹ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചു. ഇഷാന്താവട്ടെ രഞ്ജി ട്രോഫിക്കില്ല എന്നാണ് റിപ്പോര്‍ട്ട്.
ദക്ഷിണാഫ്രിക്കയിലെ അവസാന ടെസ്റ്റിൽ ഇഷാന്തിനെ തഴഞ്ഞ് ഉമേഷ് യാദവിന് അവസരം നൽകിയപ്പോൾ തന്നെ ടീം മാനേജ്മെന്‍റിന്‍റെ മനസ്സിലിരുപ്പ് വ്യക്തമായിരുന്നു. സീനിയര്‍ ബാറ്റര്‍മാരായ അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര എന്നിവര്‍ രഞ്ജി ട്രോഫിക്ക് തയ്യാറെങ്കിലും ഇന്ത്യന്‍ ടീമിൽ തുടരുമോയെന്ന് കണ്ടറിയണം. ശ്രേയസ് അയ്യരും ശുഭ്‌മാന്‍ ഗില്ലും മധ്യനിരയിലെത്താനാണ് സാധ്യത. അടുത്ത മാസം മൂന്നിന് ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് മത്സരം.
മുപ്പത്തിമൂന്നുകാരനായ ഇഷാന്ത് ശര്‍മ്മ നിലവില്‍ ടീമിലെ ഏറ്റവും പരിചയസമ്പന്നനായ ബൗളറാണ്. 105 ടെസ്റ്റുകള്‍ കളിച്ച താരം 311 വിക്കറ്റ് വീഴ്‌ത്തി. കൂടാതെ 80 ഏകദിനങ്ങളില്‍ 115 വിക്കറ്റും 14 രാജ്യാന്തര ടി20കളില്‍ എട്ട് വിക്കറ്റും സ്വന്തം. മുപ്പത്തിയേഴുകാരനായ വൃദ്ധിമാന്‍ സാഹ 40 ടെസ്റ്റുകള്‍ കളിച്ചു. 1353 റണ്‍സാണ് നേട്ടം. ഇതിന് പുറമെ ഒന്‍പത് ഏകദിനങ്ങളിലും ഇന്ത്യന്‍ കുപ്പായമണിഞ്ഞു.
IND vs WI : 4/12! വരവറിയിച്ച ബൗളിംഗ് പ്രകടനം; പ്രസിദ്ധ് കൃഷ്‌ണ റെക്കോര്‍ഡ് ബുക്കില്‍
