ആന്‍റിഗ്വ: പരിമിത ഓവര്‍ ക്രിക്കറ്റില്‍ സ്റ്റാര്‍ ഓപ്പണറായി പേരെടുത്തിട്ടും രോഹിത് ശര്‍മ്മയ്‌ക്ക് ടെസ്റ്റില്‍ അത്ര മികച്ച റെക്കോര്‍ഡല്ല ഉള്ളത്. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ചുറികള്‍ നേടിയ രോഹിതിന് ടെസ്റ്റില്‍ വമ്പന്‍ ഇന്നിംഗ്‌സുകള്‍ കളിക്കാനാവുന്നില്ല എന്നത് നാളുകളായി ഉയരുന്ന പഴിയാണ്. ടെസ്റ്റില്‍ ഓപ്പണര്‍ സ്ഥാനത്തിന് പകരം മധ്യനിരയിലാണ് രോഹിത് ബാറ്റ് ചെയ്യുന്നത്. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ആദ്യ മത്സരം നടക്കുമ്പോള്‍ ഹിറ്റ്‌മാന്‍റെ ബാറ്റിംഗ് പൊസിഷനെ ചൊല്ലി വലിയ ചര്‍ച്ചയാണ് നടക്കുന്നത്. അഞ്ചാം നമ്പറില്‍ രഹാനെയാണ് രോഹിതിന് മുന്നിലുള്ള വലിയ വെല്ലുവിളി. എന്നാല്‍ ഏകദിനത്തില്‍ ഓപ്പണറായി കൂറ്റന്‍ ഇന്നിംഗ്‌സുകള്‍ കളിക്കുന്ന രോഹിതിനെ ടെസ്റ്റ് ഓപ്പണറാക്കണമെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയിലെഴുതിയ കോളത്തിലാണ് ദാദ നിലപാട് വ്യക്തമാക്കിയത്. 

'ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു രോഹിത് ശര്‍മ്മ. രോഹിത് ശര്‍മ്മ മുന്‍പ് ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും നടന്ന ടെസ്റ്റ് പരമ്പരകളില്‍ സ്ഥിരത കാട്ടിയിരുന്നില്ല. ഓസ്‌ട്രേലിയയില്‍ രഹാനെ സ്വാഭാവിക ഫോമിലേക്ക് ഉയര്‍ന്നുമില്ല. ലോകകപ്പ് പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ രോഹിത് ശര്‍മ്മയെ ടെസ്റ്റ് ഓപ്പണറാക്കണം എന്നാണ് തന്‍റെ നിര്‍ദേശം. മധ്യനിര സന്തുലിതമാക്കാന്‍ രഹാനെ മികച്ച പ്രകടനം തുടരണമെന്നും' ഗാംഗുലി കൂട്ടിച്ചേര്‍ത്തു.