നയതന്ത്ര, സുരക്ഷാ പ്രശ്നങ്ങൾ കാരണം ഇന്ത്യയുടെ ബംഗ്ലാദേശ് ക്രിക്കറ്റ് പര്യടനം റദ്ദാക്കിയേക്കും.
മുംബൈ: ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ബംഗ്ലാദേശിനെതിരായ ക്രിക്കറ്റ് പരമ്പരയില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നേക്കും. ഓഗസ്റ്റ് 17, 20, 23 തീയതികളില്‍ മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കേണ്ടത്. തുടര്‍ന്ന് 26, 29, 31 തീയതികളില്‍ മൂന്ന് ടി20 മത്സരങ്ങളും കളിക്കും. എന്നാല്‍ ബിസിസിഐക്ക് ഇപ്പോഴും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. പര്യടനവുമായി മുന്നോട്ട് പോകരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
ഇറക്കുമതി-കയറ്റുമതി മേഖലുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും നേരിയ സംഘര്‍ഷത്തിലാണ്. മെയ് 17ന് ബംഗ്ലാദേശില്‍ നിന്നുള്ള ഇറക്കുമതി റൂട്ടുകളില്‍ ഇന്ത്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പ്രത്യേകിച്ച് വടക്കുകിഴക്കന്‍ മേഖലയിലെ ചെക്ക് പോസ്റ്റുകള്‍ വഴി റെഡിമെയ്ഡ് വസ്ത്രങ്ങള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവയുടെ ഇറക്കുമതിക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഏപ്രിലില്‍ ബംഗ്ലാദേശ് അവതരിപ്പിച്ച സമാനമായ നിയന്ത്രണങ്ങള്‍ക്കുള്ള പ്രതികാര നടപടി ആയിട്ടാണ് ഇന്ത്യ ഈ നിലപാട് സ്വീകരിച്ചത്.
ഇതിന്റെ ഭാഗമായിട്ടാണ് ബംഗ്ലാദേശ് പര്യടനം റദ്ദാക്കാനും ആലോചിക്കുന്നത്. മാത്രമല്ല, സുരക്ഷയും പ്രധാന പ്രശ്‌നമാണ്. ഷെയ്ഖ് ഹസീന സര്‍ക്കാര്‍ തകര്‍ന്നതിന് ശേഷം ബംഗ്ലാദേശ് ശാന്തമല്ല. ഇക്കാരണം കൂടി കണക്കിലെടുത്താണ് ടീമിനെ അയക്കാതിരിക്കാന്‍ ആലോചിക്കുന്നത്. ''ബംഗ്ലാദേശിലെ രാഷ്ട്രീയ കാലാവസ്ഥ അസ്ഥിരമാണ്. നയതന്ത്ര സാഹചര്യം കണക്കിലെടുത്ത്, പര്യടനം വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉപദേശിച്ചു.'' പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബിസിസിഐ ഉന്നതന്‍ വ്യക്തമാക്കി.
ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട പരമ്പരയായിരുന്നിത്. പരമ്പര റദ്ദാക്കാന്‍ തീരുമാനിച്ചാല്‍ ഇരുവരുടേയും തിരിച്ചുവരവ് വൈകും. പിന്നീട് ഇന്ത്യക്ക് ഒക്ടോബര്‍ വരെ കാത്തിരിക്കേണ്ടി വരും. ആ മാസം ഓസ്‌ട്രേലിയ ഇന്ത്യന്‍ പര്യടനത്തിനെത്തും. ഒക്ടോബര്‍ 19 ന് പര്യടനം ആരംഭിക്കും. മൂന്ന് ഏകദിന മത്സരങ്ങളാണ് ഓസ്ട്രേലിയ ഇന്ത്യയില്‍ കളിക്കുക.

