ലക്നോ:ലോര്‍ഡ്സില്‍ 2002ല്‍ നടന്ന നാറ്റ‌് വെസ്റ്റ് ട്രോഫി ഫൈനലില്‍ ഇംഗ്ലണ്ടിനെ കീഴടക്കി ഇന്ത്യ അവിശ്വസനീയ ജയം നേടിയതിന്റെ വാര്‍ഷികത്തില്‍ ആ ദിവസത്തെ സംഭവങ്ങള്‍ ഓര്‍ത്തെടുത്ത് ഫൈനലിലെ ഹീറോ ആയ മുഹമ്മദ് കൈഫ്. ഫൈനലില്‍ സച്ചിന്‍ പുറത്തായപ്പോള്‍ തന്നെ അലഹാബാദിലുള്ള തന്റെ പിതാവ് കുടുംബത്തെയും കൂട്ടി അടുത്ത തിയറ്ററില്‍ ഷാരൂഖ് ഖാന്‍ നായകനായ ദേവദാസ് കാണാനായി പോയെന്നും അവരോട് താന്‍ ക്ഷമിച്ചിരിക്കുന്നുവെന്നും കൈഫ് പറഞ്ഞു.

അതുപോലെ ഫൈനലില്‍ ബാറ്റ് ചെയ്യാനായി ക്രിസീലിറങ്ങിയപ്പോള്‍ നാസര്‍ ഹുസൈന്‍ പറഞ്ഞ വാക്കുകളും ഞാന്‍ മറക്കില്ല. എന്നെ നോക്കി, അയാള്‍ ബസ് ഡ്രൈവറാണ്, സച്ചിനെയും കൊണ്ട് കറങ്ങുന്നത് ഇയാളാണ് എന്നായിരുന്നു ഹുസൈന്റെ പരിഹാസം. ആദ്യം ഹസൈന്‍ പറഞ്ഞത് വ്യക്തമായില്ലെങ്കിലും ബസ് ഡ്രൈവര്‍ എന്ന് പറയുന്നത് ഞാന്‍ കേട്ടിരുന്നു. മത്സരശേഷം ഞാന്‍ നാസര്‍ ഹുസൈനോട് പറഞ്ഞു, മോശമല്ലാത്ത ഡ്രൈവറാണ് ഞാനെന്ന് ഇപ്പോള്‍ മനസിലായിക്കാണുമല്ലോ എന്ന്.


ഇംഗ്ലണ്ട് ഉയര്‍ത്തിയ വലിയ വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങുന്നതിന് മുമ്പ് ഞങ്ങളെല്ലാവരും മാനസികമായി തളര്‍ന്നിരുന്നു. കാരണം അത്രയും വലിയ സ്കോര്‍ പിന്തുടരുന്നത് എങ്ങനെ എന്നൊക്കെ നമ്മള്‍ പഠിച്ചുവരുന്നതേ ഉണ്ടായിരുന്നുള്ളു. ബാറ്റിംഗിന് ഇറങ്ങും മുമ്പ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പറഞ്ഞത്, ആരും പരിഭ്രാന്തരാവേണ്ട, തുടക്കത്തില്‍ വിക്കറ്റ് കളയാതെ കളിച്ചാല്‍ അവസാനം നമുക്ക് നോക്കാം എന്നായിരുന്നു. അദ്ദേഹം പറഞ്ഞതുപോലെ ചെയ്തു. സെവാഗും ഗാംഗുലിയും ചേര്‍ന്ന് ഇന്ത്യക്ക് മിന്നല്‍ തുടക്കമാണ് നല്‍കിയത്. പക്ഷെ പൊടുന്നനെ വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയായി. ഏഴാം നമ്പറിലാണ് ഞാന്‍ ബാറ്റിംഗിനിറങ്ങിയത്. അത്തരമൊരു സാഹചര്യത്തില്‍ ആദ്യമായാണ് ഞാന്‍ ബാറ്റ് ചെയ്യുന്നത്. 24 ഓവറില്‍ അപ്പോള്‍ 180ല്‍ അധികം റണ്‍സ് വേണമായിരുന്നു നമുക്ക് ജയിക്കാന്‍. ഞാനും യുവിയും കൂടി ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയി.

ജയിക്കാന്‍ 72 പന്തില്‍ 91 റണ്‍സ് വേണമെന്നിരിക്കെ ഡ്രസ്സിംഗ് റൂമിലിരുന്ന് ദാദ കൈ പൊക്കി കാണിക്കുന്നുണ്ടായിരുന്നു. സിംഗിളെടുത്ത് യുവരാജിന് സ്ട്രൈക്ക് കൊടുക്കാന്‍ പറഞ്ഞ്. പക്ഷെ ഞാനത് ശ്രദ്ധിക്കാതെ, എന്റെ ഷോട്ടുകള്‍ കളിച്ചു. കാരണം എനിക്കും തെളിയിക്കാന്‍ പലതുമുണ്ടായിരുന്നു. പെട്ടെന്നാണ് യുവി പുറത്തായത്. അപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. പിന്നീട് വാലറ്റക്കാരെ കൂട്ടുപിടിച്ച് വേണം കളിക്കാന്‍. എനിക്കാണെങ്കില്‍ അത് പരിചയമില്ല. ഹര്‍ഭജന്‍ സിംഗാണ് ആ സമയം എന്നെ ശരിക്കും സഹായിച്ചത്. ഹര്‍ഭജന്‍ ക്രീസിലെത്തിയപ്പോഴെ ഞാന്‍ പറഞ്ഞിരുന്നു. നിങ്ങള്‍ നിങ്ങളുടേതായ കളി കളിക്കുക, ഞാന്‍ ഇടപെടില്ലെന്ന്. ആ സമയം റോണി ഇറാനിക്കെതിരെ ഞാന്‍ സിക്സ് നേടി. പിന്നീട് പോള്‍ കോളിംവുഡിനെതിരെ വമ്പനടിക്ക് ശ്രമിച്ചപ്പോള്‍ ഹര്‍ഭജനാണ് എന്നോട് വന്ന് പറഞ്ഞത്, നീ എന്താണ് ചെയ്യുന്നത്, ഒരു പന്തില്‍ ഒരു റണ്ണെന്ന നിലയില്‍ അടിച്ചാല്‍ ജയിക്കാം. സ്കോര്‍ ബോര്‍ഡ് നോക്ക് എന്ന്. അതിനുശേഷം ഞാന്‍ ശ്രദ്ധിച്ച് കളിക്കാന്‍ തുടങ്ങി.


ജയിക്കാന്‍ നാലോവറില്‍ 25 റണ്‍സ് വേണമെന്നിരിക്കെ ഡാരന്‍ ഗഫിനെ നാസര്‍ ഹുസൈന്‍ പന്തേല്‍പ്പിച്ചു. ഗഫിനെ ആ ഓവറില്‍ ഞാന്‍ രണ്ട് തവണ ബൗണ്ടറി കടത്തി. എങ്കിലും എനിക്കറിയാമായിരുന്നു കളി കഴിഞ്ഞിട്ടില്ലെന്ന്. പിന്നീട് അടുത്ത ഓവറില്‍ ഫ്ലിന്റോഫ് ഹര്‍ഭജനെയും കുംബ്ലെയെയും പുറത്താക്കി. അമ്പയര്‍ സ്റ്റീവ് ബക്നറുടെ തെറ്റായ തീരുമാനത്തിലാണ് കുംബ്ലെ പുറത്തായത്. 48-ാം ഓവറിലെ അവസാന പന്ത് എറിയുമ്പോള്‍ ജയത്തിലേക്ക് ആറ് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. അവസാന പന്തില്‍ ഞാന്‍ രണ്ടു കല്‍പ്പിച്ച് ആഞ്ഞടിച്ചു. എഡ്ജ് ചെയ്ത പന്ത് തേര്‍ഡ് മാന്‍ ബൗണ്ടറി കടന്നു. അപ്പോഴും നമ്മള്‍ ജയിക്കുമെന്ന് എനിക്കുറപ്പില്ലായിരുന്നു.കാരണം, സഹീര്‍ ആയിരുന്നു അപ്പോള്‍ എനിക്കൊപ്പം ക്രീസില്‍. അതു കഴിഞ്ഞ് വരാനുള്ളത് നെഹ്റ ആയിരുന്നു. അദ്ദേഹമാകട്ടെ ഡ്രസ്സിംഗ് റൂമിലിരുന്ന് സമ്മര്‍ദ്ദം കാരണം തലചൊറിഞ്ഞ് ഇരിക്കുകയാണ്.

49-ാം ഓവറിലെ ആദ്യ രണ്ട് പന്തും സഹീര്‍ പ്രതിരോധിച്ചു. മൂന്നാം പന്തില്‍ സിംഗിളെടുക്കാനായി ഓടി. അപ്പോള്‍ ഓവര്‍ ത്രോ വന്നു. അതിനിടെ പരിഭ്രാന്തിയോടെ രണ്ടാം റണ്ണും ഞങ്ങള്‍ ഓടിയെടുത്തു. അപ്പോഴാണ് വിശ്വാസമായത്. കാരണം അവസാനം വരെ തോല്‍ക്കുമെന്ന ഭയം എനിക്കുണ്ടായിരുന്നു. പിന്നീട് സംഭവിച്ചത് പറയേണ്ടല്ലോ, യുവരാജാണ് ആദ്യം ഗ്രൗണ്ടിലേക്ക് ഓടിയെത്തി കെട്ടിപ്പിടിച്ചത്. ഷര്‍ട്ടൂരി ആഘോഷിച്ചതിനു പിന്നാലെ ഗാംഗുലിയും എത്തി. സച്ചിന്‍, ദ്രാവിഡ് അങ്ങനെയെല്ലാവരും. അന്ന് സച്ചിന്‍ ഗ്രൗണ്ടിലേക്കിറങ്ങി വിജയം ആഘോഷിക്കാറില്ല. പക്ഷെ അദ്ദേഹം പോലും ആവേശം അടക്കാനാവാതെ ഗ്രൗണ്ടിലേക്ക് ഓടിയെത്തി.


തീരിച്ച് നാടായ അലഹാബാദിലെത്തിയപ്പോഴാകട്ടെ ആഘോഷം തന്നെയായിരുന്നു വിട്ടിലും നാട്ടിലുമെല്ലാം. ഞാനാണെങ്കില്‍ പൊതുവെ നാണം കുണുങ്ങിയാണ്. അതുകൊണ്ടുതന്നെ ഈ ആഘോഷമൊന്നും കൈകാര്യം ചെയ്യാന്‍ എനിക്കായില്ല. അലഹാബാദില്‍ നിന്ന് തുറന്ന ജീപ്പില്‍ അഞ്ചോ ആറ് കിലോ മീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് മൂന്നോ നാലോ മണിക്കൂര്‍ എടുത്താണ് ഞാനെത്തിയത്. ചെറുപ്പത്തില്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചശേഷം അമിതാഭ് ബച്ചന്‍ അങ്ങനെ വരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.  അതുകൊണ്ട് തന്നെ ആ സമയം ഞാന്‍ അമിതാഭ് ബച്ചനാണെന്ന് എനിക്ക് തോന്നി. എന്തായാലും ആ വിജയം ഇന്ത്യന്‍ ക്രിക്കറ്റിനെ ഒരുപാട് മാറ്റി. വലിയ സ്കോറുകള്‍ പിന്തുടര്‍ന്ന് ജയിക്കാന്‍ നമുക്കാവുമെന്ന വിശ്വാസം ഉണ്ടാക്കി-കൈഫ് പറഞ്ഞു.