മുംബൈ: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഐപിഎല്ലിന്റെ പതിമൂന്നാം പതിപ്പ് മാറ്റിവെച്ചിരിക്കുകയാണെങ്കിലും ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെയും താരത്തെയും തെര‍ഞ്ഞടുത്ത് സ്റ്റാര്‍ സ്പോര്‍ട്സ്. മുന്‍ ക്രിക്കറ്റ് താരങ്ങളും സ്പോര്‍ട്സ് മാധ്യമപ്രവര്‍ത്തകരും സ്റ്റാറ്റിറ്റിഷ്യന്‍മാരും അനലിസ്റ്റുകളും അടങ്ങുന്ന 50 അംഗ ജൂറിയാണ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ചവരെ തെരഞ്ഞെടുത്തത്.

മികച്ച ക്യാപ്റ്റന്‍മാരായി രണ്ടുപേരെയാണ് ജൂറി തെരഞ്ഞെടുത്തത്. 11 സീസണില്‍ പത്തിലും ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പ്ലേ ഓഫിലേക്ക് നയിക്കുകയും മൂന്ന് തവണ കിരീടം നേടിക്കൊടുക്കുകയും ചെയ്ത എം എസ് ധോണിയും 2013ല്‍ മുംബൈ ഇന്ത്യന്‍സ് നായകനായശേഷം നാലു തവണ് മുംബൈയ്ക്ക് കിരീടം സമ്മാനിച്ച രോഹിത് ശര്‍മയുമാണ് ഐപിഎല്ലിലെ ഏറ്റവും മികച്ച നായകന്‍മാര്‍.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ എ ബി ഡിവില്ലിയേഴ്സ് ആണ് ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരം. മുംബൈയുടെ താരമായ ലസിത് മലിംഗയെ ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ബൗളറായും തെരഞ്ഞെടുത്തു. ചെന്നൈ താരമായ ഷെയ്ന്‍ വാട്സണാണ് ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍. ചെന്നൈ പരിശീലകനായ സ്റ്റീഫന്‍ ഫ്ലെമിംഗ് ആണ് മികച്ച കോച്ച്. ഐപിഎല്ലിലെ ഏറ്റവും മികച്ച ഇന്ത്യന്‍ താരമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ തെരഞ്ഞെടുത്തു.

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 29ന് തുടങ്ങാനിരുന്ന ഐപിഎല്‍ പതിമൂന്നാം സീസണ്‍ ആദ്യം ഏപ്രില്‍ 15വരെയായിരുന്നു നീട്ടിവെച്ചിരുന്നത്. പിന്നീട് ബിസിസിഐ ഐപിഎല്‍ സീസണ്‍ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി.