കഴിഞ്ഞ രണ്ട് കളികളിലും ഞങ്ങള്‍ അത്ര മികച്ച പ്രകടനമല്ല നടത്തിയത്. ടീമിലെ പലരും വലിയ ഇടവേളക്കുശേഷമാണ് വീണ്ടും ടീമില്‍ തിരിച്ചെത്തുന്നത്. അതും പ്രകടനം മോശമാവാനുള്ള ഒരു കാരണമാകാം. എന്നാല്‍ സൂപ്പര്‍ ഫോറിലെത്തിയാല്‍ പിന്നെ ഇത്തരം ന്യായീകരണങ്ങള്‍ക്കൊന്നും ഇടമില്ല.
പല്ലെക്കെല്ലെ: ഏഷ്യാ കപ്പില്‍ മഴ പലവട്ടം വില്ലനായ കളിയില്‍ നേപ്പാളിനെ പത്തു വിക്കറ്റിന് തകര്‍ത്ത് സൂപ്പര്‍ ഫോറിലെത്തിയെങ്കിലും ഇന്ത്യയുടെ ബൗളിംഗും ഫീല്‍ഡിംഗും നിലവാരത്തിലേക്ക് ഉയരാതിരുന്നതില്‍ അതൃപ്തി വ്യക്തമാക്കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. നേപ്പാള്‍ ഇന്നിംഗ്സിലെ ആദ്യ അഞ്ചോവറിനിടെ മൂന്ന് അനായാസ ക്യാച്ചുകളാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ വിട്ടു കളഞ്ഞത്. ആദ്യം സ്ലിപ്പില്‍ ശ്രേയസ് അയ്യരും പിന്നാലെ വിരാട് കോലിയും ഇഷാന്‍ കിഷനും ക്യാച്ചുകള്‍ കൈവിട്ടിരുന്നു. ഇതോടെ നേപ്പാള്‍ ഓപ്പണിംഗ് വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഞെട്ടിക്കുകയും ചെയ്തു.
മത്സരശേഷം മഴ പലവട്ടം മുടക്കിയ കഴിഞ്ഞ രണ്ടു കളിയിലെയും പ്രകടങ്ങളെയും കുറിച്ച് അധികം വിലയിരുത്തലുകള്‍ നടത്തിയിട്ട് കാര്യമില്ലെന്ന് രോഹിത് വ്യക്തമാക്കി. പാക്കിസ്ഥാനെതിരായ ആദ്യ മത്സരം മഴ കൊണ്ടുപോയെങ്കിലും നമുക്ക് ബാറ്റ് ചെയ്യാനായതും ഇന്നലെ നേപ്പാളിനെതിരെ ബൗള്‍ ചെയ്യാനായതും ഭാഗ്യമായി കരുതുന്നുവെന്നും ഇതുവഴി ഒരു പൂര്‍ണ മത്സരം കളിക്കാനായെന്നും രോഹിത് പറഞ്ഞു.
കഴിഞ്ഞ രണ്ട് കളികളിലും ഞങ്ങള്‍ അത്ര മികച്ച പ്രകടനമല്ല നടത്തിയത്. ടീമിലെ പലരും വലിയ ഇടവേളക്കുശേഷമാണ് വീണ്ടും ടീമില്‍ തിരിച്ചെത്തുന്നത്. അതും പ്രകടനം മോശമാവാനുള്ള ഒരു കാരണമാകാം. എന്നാല്‍ സൂപ്പര്‍ ഫോറിലെത്തിയാല്‍ പിന്നെ ഇത്തരം ന്യായീകരണങ്ങള്‍ക്കൊന്നും ഇടമില്ല. ആദ്യ മത്സരത്തില്‍ സമ്മര്‍ദ്ദത്തിലായപ്പോള്‍ ഇഷാനും ഹാര്‍ദ്ദിക്കുമാണ് നമ്മളെ മികച്ച സ്കോറിലെത്തിച്ചത്. ഇന്ന് നേപ്പാളിനെതിരെ നമ്മുടെ ബൗളിംഗ് മോശമല്ലായിരുന്നെങ്കിലും ഫീല്‍ഡിംഗ് വളരെ മോശമായിരുന്നു.
നേപ്പാളിനെതിരെ ബാറ്റിംഗിനിറങ്ങിയപ്പോള്‍ തുടക്കത്തില്‍ തനിക്ക് ആശങ്കയുണ്ടായിരുന്നുവെന്നും രോഹിത് പറഞ്ഞു. എന്നാല്‍ ക്രീസില്‍ നിലയുറപ്പിച്ചതോടെ ടീമിനെ ജയത്തിലെത്തിച്ചെ ക്രീസ് വിടൂ എന്ന് തീരുമാനിച്ചിരുന്നു. ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലെ പ്രകടനം കൊണ്ട് ടീമിന്‍റെ മികവ് അളക്കാനാവില്ലെന്നും ലോകകപ്പിന് മുമ്പ് ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്നും രോഹിത് പറഞ്ഞു. സൂപ്പര്‍ ഫോറിലെത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ 10 വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 48.2 ഓവറില്‍ 230 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ മഴമൂലം 23 ഓവറില്‍ 147 റണ്‍സായി ഇന്ത്യയുടെ വിജയലക്ഷ്യം പുനര്‍ നിര്‍ണയിച്ചു. രോഹിത്തും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് 10 വിക്കറ്റിന് ഇന്ത്യക്ക് ജയം സമ്മാനിച്ചു.
