ലീഗിലെ ഒന്നും രണ്ടും സ്ഥാനക്കാർ തന്നെ ഫൈനലിനെത്തുന്നത് കാവ്യനീതി. ഫൈനലിന്‍റെ സമ്മർദത്തിൽ കിങ് കോലി തിളങ്ങുമെന്നാണ് ആരാധകപക്ഷം.

അഹമ്മദാബാദ്: ഐപിഎൽ കലാശപ്പോരിൽ നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. രാത്രി 7.30ന്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യൻ ക്രിക്കറ്റിലെ തലമുറകളുടെ പോരാട്ടമെന്ന പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ കിരീടപ്പോരാട്ടത്തിന്. ഏത് പ്രതിസന്ധികളിലും തളരാതെ പോരാടുന്ന കിങ് കോലിയുടെ ആർസിബി, ഏത് ലക്ഷ്യത്തിലേക്കും നിർഭയം ബാറ്റുവീശുന്ന ഗില്ലിന്‍റെ ഗുജറാത്ത്. ഐപിഎല്ലിൽ കലാശപ്പോര് കടുക്കുമെന്നുറപ്പ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലീഗിലെ ഒന്നും രണ്ടും സ്ഥാനക്കാർ തന്നെ ഫൈനലിനെത്തുന്നത് കാവ്യനീതി. ഫൈനലിന്‍റെ സമ്മർദത്തിൽ കിങ് കോലി തിളങ്ങുമെന്നാണ് ആരാധകപക്ഷം. വെങ്കടേഷ് അയ്യരും ദേവ്ദത്ത് പടിക്കലും ടി ഡേവിഡും ക്യാപ്റ്റൻ രജത് പാടിദാറും ക്രുനാൽ പാണ്ഡ്യയും ചേരുന്നതോടെ ബാറ്റിങ്ങിൽ ആർസിബിക്ക് ആശങ്കകളില്ല. ആർസിബിയുടെ ബാറ്റിങ് യൂണിറ്റിനെ തുടക്കത്തിലേ പിടിക്കാമെന്ന പ്രതീക്ഷയിലാണ് ടൈറ്റൻസ്. സീസണിലാകെ 46 വിക്കറ്റ് നേടിയ സിറാജ്-റബാഡ പേസ് സഖ്യത്തിന്‍റെ ഓപ്പണിങ് സ്പെൽ നിർണായകമാകും. പിന്നാലെ ഹോൾഡറും പ്രസിദ്ധും റാഷിന് ഖാനും ചേരുന്നത് ആർസിബിക്ക് തലവേദനയാകും.

ഗില്ലും സായ്സുദർശനുമടങ്ങുന്ന ഓപ്പണിങ്ങാണ് ഗുജറാത്തിന്‍റെ കരുത്ത്. സെഞ്ച്വറി കൂട്ടുകെട്ടുകൾ ശീലമാക്കിയ ഒപ്പിണിങ് ജോഡിയെ വീഴ്ത്താൻ ഭുവനേശ്വറിന്‍റെ സ്വിങ്ങുകൾക്കായാൽ ആർസിബിക്ക് പ്രതീക്ഷവയ്ക്കാം. ഹേസൽവുഡും ടഫിയും ചേരുന്നതോടെ ഗുജറാത്തിനെ ടൈറ്റാക്കാമെന്ന് ആർസിബി കണക്കുകൂട്ടുന്നു. ലീഗിൽ രണ്ട് തവണ ഏറ്റുമുട്ടിയപ്പോൾ ഇരു ടീമുകൾക്കും ഒരോ ജയം വീതം. ആദ്യ ക്വാളിഫയറിൽ ഗുജറാത്തിനെ ആര്‍സിബി വീഴ്ത്തിയത് 33 പന്തിൽ 93 റൺസ് നേടിയ ക്യാപ്റ്റൻ രജത് പാടിദാറിന്‍റെ വൺ മാൻ ഷോയുടെ ബലത്തിലായിരുന്നു. അതേ ഡോസിലൊരെണ്ണം കൂടി ആരാധകരിന്ന് പ്രതീക്ഷിക്കുന്നു.

എന്നാല്‍ ഹോം ഗ്രൗണ്ടിൽ ഏഴിൽ അഞ്ചും ജയിച്ചതിന്‍റെ ആത്മവിശ്വസമുണ്ട് ഗുജറാത്തിന്. ബാറ്റിങ്ങിന് അനുകൂലമായ പിച്ചിൽ സ്കോർ 200 കടക്കുമെന്നാണ് പ്രതീക്ഷ. കപ്പ് അഹമ്മദാബാദിൽ തന്നെ സൂക്ഷിക്കാൻ ടൈറ്റൻസിറങ്ങുമ്പോൾ കിരീടം നിലനിർത്തി ഐപിഎല്ലിലെ ഗോട്ട് ഫ്രാഞ്ചെസിയിലേക്ക് ഉയരാനുള്ളൊരു അവസരാമാണ് ആർസിബിക്കിത്. കിരീടപ്പോരില്‍ ഇന്ത്യൻ ക്രിക്കറ്റിലെ രാജാവോ രാജകുമാരനോ വാഴുക എന്നറിയാന്‍ ഇനി മണിക്കൂറുകൾ മാത്രമാണുള്ളത്.ഇതുവരെ പരസ്പരം ഏറ്റമുട്ടിയ 9 മത്സരങ്ങളില്‍ ആര്‍സിബി നാലു തവണ ജയിച്ചപ്പോള്‍ ഗുജറാത്തിന് 5 ജയങ്ങളുടെ മുന്‍തൂക്കമുണ്ട്.

റോയൽ ചലഞ്ചേഴ്സ് ബംഗളൂരു സാധ്യതാ ഇലവന്‍: ഫിൽ സാൾട്ട്, വിരാട് കോലി, ദേവ്ദത്ത് പടിക്കൽ, രജത് പാടിദാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജേക്കബ് ഡഫി, ജോഷ് ഹേസൽവുഡ്, റാസിഖ് സലാം ദാർ.

ഇംപാക്റ്റ് സബ്സ്: റൊമാരിയോ ഷെപ്പേർഡ്, സുയാഷ് ശർമ്മ, കനിഷ്ക് ചൗഹാൻ, അഭിനന്ദൻ സിംഗ്, വെങ്കിടേഷ് അയ്യർ.

ഗുജറാത്ത് ടൈറ്റൻസ് സാധ്യതാ ഇലവന്‍: സായ് സുദർശൻ, ശുഭ്‌മൻ ഗിൽ (ക്യാപ്റ്റൻ), ജോസ് ബട്‌ലർ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, നിഷാന്ത് സിന്ധു, രാഹുൽ തെവാട്ടിയ, ജേസൺ ഹോൾഡർ, റാഷിദ് ഖാൻ, കഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ഇംപാക്റ്റ് സബ്സ്: ഗ്ലെൻ ഫിലിപ്സ്, അനൂജ് റാവത്ത്, കുമാർ കുശാഗ്ര, സായ് കിഷോർ, കുൽവന്ത് ഖെജ്രോലിയ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക