കറാച്ചി:  ബിസിസിഐയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് 2004ല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടന്ന ഏകദിന മത്സരത്തില്‍ പാക്കിസ്ഥാന്‍ ആവേശകരമായ വിജയം സ്വന്തമാക്കിയത് എങ്ങനെയാണെന്ന് വിശദീകരിച്ച് മുന്‍ പാക് നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 293 റണ്‍സിന്റെ വലിയ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ഒരോവര്‍ ബാക്കി നിര്‍ത്തിയാണ് പാക്കിസ്ഥാന്‍ മറികടന്നത്.

ഇപ്പോഴത്തെ പാക് പ്രധാനമന്ത്രിയും മുന്‍ പാക് നായകനുമായ ഇമ്രാന്‍ ഖാനും ഇരു രാജ്യങ്ങളിലെയും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും മുന്‍കാല താരങ്ങളെയുമെല്ലാം മത്സരം കാണാന്‍ ബിസിസിഐ ക്ഷണിച്ചിരുന്നു. അതുകൊണ്ടുതന്നെ ബിസിസിഐയുടെ അഭിമാന പോരാട്ടമായിരുന്നു അതെന്ന് തന്റെ യുട്യൂബ് ചാനലില്‍ ഇന്‍സമാം പറഞ്ഞു.  ഇന്ത്യ തന്നെ മത്സരം ജയിക്കുമെന്ന് ഉറപ്പിച്ച സംഘാടകര്‍ വിജയകള്‍ക്കായി വലിയ ട്രോഫിയാണ് തയാറാക്കിയിരുന്നത്. ഇന്ത്യന്‍ ആരാധകര്‍ ആഗ്രഹിച്ചപോലെ ടോസ് നേടി ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു.

സെവാഗിന്റെയും(53) യുവരാജിന്റെയും(62 പന്തില്‍ 78) അര്‍ധസെഞ്ചുറികളിലൂടെ ഇന്ത്യ 50 ഓവറില്‍ 292 റണ്‍സടിച്ചു. ഇത്രയും വലിയ വിജയലക്ഷ്യം ഈ‍ഡന്‍ ഗാര്‍ഡന്‍സില്‍ മറ്റൊരു ടീമും പിന്തുടര്‍ന്ന് ജയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ബാറ്റിംഗ് കഴിഞ്ഞപ്പോഴെ ഇന്ത്യ ജയിച്ചതായി സംഘാടകര്‍ കരുതി. അതിനാല്‍ അവര്‍ വിജയകിള്‍ക്കുള്ള കിരീടത്തില്‍ ഇന്ത്യയുടെ പേരെഴുതുകയും ചെയ്തു. അങ്ങനെ ചിന്തിക്കാന്‍ അവര്‍ക്ക് കാരണമുണ്ടായിരുന്നു. കാരണം, ഇന്ത്യ മികച്ച ടീമായിരുന്നു. എല്ലാക്കാലത്തും ഇന്ത്യ മികച്ച ടീമാണ് താനും. ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലായിരുന്നു അവര്‍.


പക്ഷെ സല്‍മാന്‍ ബട്ടിന്ററെ സെഞ്ചുറിയും(108), ഷൊയൈബ് മാലിക്കിന്റെയും(55 പന്തില്‍ സ61), ഇന്‍സമാമിന്റെയും(75 പന്തില്‍ 75) അര്‍ധസെഞ്ചുറികളുടെയും കരുത്തില്‍ പാക്കിസ്ഥാന്‍ ആനായാസ വിജയം സ്വന്തമാക്കി കിരീടം നേടി. ഒറ്റ മത്സരമായിരുന്നു ആ പരമ്പരയിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് ഇന്‍സമാം പറഞ്ഞു. അതിനെല്ലാം പുറമെ ഇമ്രാന്‍ ഖാന്‍ കളി കാണാന്‍ എത്തിയത് കളിക്കാരുടെ സമ്മര്‍ദ്ദം കൂട്ടി. ബാറ്റിംഗിനിടെ പേശിവലി അനുഭവപ്പെട്ട സല്‍മാന്‍ ബട്ട് ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടിയപ്പോള്‍ ഡ്രസ്സിംഗ് റൂമില്‍ നിന്ന് സന്ദേശവുമായി പന്ത്രണ്ടാമന്‍ വന്നു.

ഞാനാണല്ലോ ക്യാപ്റ്റന്‍, എനിക്ക് ആരാണ് നിര്‍ദേശം തരാന്‍ എന്ന് ചിന്തിച്ചിരിക്കെ ഗ്രൗണ്ടിലെത്തിയ കളിക്കാരന്‍ എന്നോട് പറഞ്ഞു, സല്‍മാന്‍ ബട്ടിനോട് റിട്ടയേര്‍ഡ് ഹര്‍ട്ടായി ചികിത്സതേടാന്‍ ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടെന്ന്. അതിനുശേഷം ബാറ്റിംഗ് തുടര്‍ന്നാല്‍ മതിയെന്നും അദ്ദേഹം നിര്‍ദേശിച്ചതായി പറഞ്ഞു. അതമനുസരിച്ച് സല്‍മാന്‍ ബട്ട് റിട്ടയേര്‍ഡ് ഹര്‍ട്ടായി. പിന്നീട് തിരിച്ചുവന്ന് സെഞ്ചുറി നേടുകയും ചെയ്തു. യൂനിസ് ഖാനായിരുന്നു അന്ന് ഞങ്ങളുടെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍. എന്നാല്‍ യൂനിസ് പൂജ്യത്തിന് പുറത്തായെങ്കിലും പതുക്കെ തുടങ്ങിയ ഞാനും ഷൊയൈബ് മാലിക്കും ചേര്‍ന്ന് പാക്കിസ്ഥാനെ പതുക്കെ വിജയത്തിലേക്ക് അടുപ്പിച്ചു.

ഞങ്ങളിരുവരും പുറത്തായശേഷം സല്‍മാന്‍ ബട്ടും വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. ഒരു ലക്ഷത്തോളം വരുന്ന കൊല്‍ക്കത്തയിലെ കാണികള്‍ ഇന്ത്യന്‍ ജയത്തിനായി അലറിവിളിക്കുമ്പോഴാണ് ഞങ്ങള്‍ ജയിച്ചു കയറിയത്. കൊല്‍ക്കത്തയിലെ പരിശീലനം കാണാന്‍ പോലും പലപ്പോഴും 15000-20000 പേര്‍ എത്തിയിരുന്നുവെന്നും ഇന്‍സമാം പറഞ്ഞു.