നാഗ്പൂര്‍: കേരളം- വിദര്‍ഭ രഞ്ജി ട്രോഫിയുടെ മൂന്നാംദിനം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. നനഞ്ഞ ഔട്ട് ഫീല്‍ഡാണ് ഇന്നത്തെ മത്സരത്തിന് തടസമായത്. ഇന്നലെ പെയ്ത കനത്ത മഴയില്‍ ഗ്രൗണ്ട് നനഞ്ഞ് കുതിര്‍ന്നിരുന്നു. രഞ്ജിയില്‍ കേരളത്തിന്റെ അവസാന മത്സരമാണിത്. ഏഴ് മത്സരങ്ങളില്‍ ഒമ്പത് പോയിന്റ് മാത്രമാണ് കേരളത്തിനുള്ളത്. അഞ്ച് തോല്‍വിയും ഓരോ ജയവും ഒരു സമനിലയുമാണ് കേരളത്തിന്റെ അക്കൗണ്ടില്‍. തരം താഴ്ത്തല്‍ ഭീഷണിയിലാണ് കേരളം. മദ്ധ്യപ്രദേശും ഹൈദരാബാദുമാണ് കേരളത്തിന് പിറകിലുള്ളത്. മദ്ധ്യപ്രദേശിന് ഇനിയും ഒരു മത്സരം ബാക്കിയുണ്ട്. എട്ട് പോയിന്റാണ് അവര്‍ക്കുള്ളത്. ഏഴ് മത്സരങ്ങളില്‍ ആറ് പോയിന്റുള്ള ഹൈദരാബാദ് അവസാന സ്ഥാനത്താണ്.

രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡിനായി കേരളം പൊരുതുകയാണ്. വിദര്‍ഭയുടെ 326 റണ്‍സ് പിന്തുടരുന്ന കേരളം രണ്ടാം ദിവസം മൂന്ന് വിക്കറ്റിന് 191 റണ്‍സ് എന്ന നിലയിലാണ്. ഒന്നാം ഇന്നിംഗ്‌സില്‍ 135 റണ്‍സ് പിന്നിലാണിപ്പോഴും കേരളം. മുഹമ്മദ് അസ്ഹറുദ്ദീന്‍ 81ഉം ക്യാപ്റ്റന്‍ ജലജ് സക്‌സേന 30ഉം രോഹന്‍ പ്രേം 19ഉം റണ്‍സിന് പുറത്തായി. 30 റണ്‍സുമായി സച്ചിന്‍ ബേബിയും 17 റണ്‍സുമായി അക്ഷയ് ചന്ദ്രനുമാണ് ക്രീസില്‍. ആറ് വിക്കറ്റിന് 239 റണ്‍സ് എന്ന നിലയിലാണ് വിദര്‍ഭ ബാറ്റിംഗ് പുനരാരംഭിച്ചത്. എം ഡി നീധീഷ് അഞ്ചും ബേസില്‍ തന്പി മൂന്നും വിക്കറ്റ് വീഴ്ത്തി.