മുംബൈ: ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ നിര്‍ബന്ധമായും വേണ്ട രണ്ട് താരങ്ങളാരൊക്കെയെന്ന് നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. കളിക്കാന്‍ തയാറാണെങ്കില്‍ ധോണിയെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കേണ്ട കാര്യമില്ലെന്ന് ഹര്‍ഭജന്‍ പറഞ്ഞു. കളിക്കാന്‍ സന്നദ്ധനാണെങ്കില്‍ ധോണിയെ ടീമില്‍ നിന്ന് ഒഴിവാക്കുക ബുദ്ധിമുട്ടാണെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

ക്രിക്കറ്റിലെ മഹാന്‍മാരായ താരങ്ങളിലൊരാളും മികച്ച നായകനുമാണ് ധോണി.അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ലോകകപ്പില്‍ ടീമിന് ഗുണം ചെയ്യും. വലിയ താരമാണ് ധോണി. ഐപിഎല്ലിലെ പ്രകടനം വെച്ച് മാത്രമാണോ ധോണിയെ വിലയിരുത്തേണ്ടതെന്ന് ആലോചിക്കണം. ഇന്ത്യ കണ്ട ഏറ്റവും മികച്ച കളിക്കാരിലൊരാളും ക്യാപ്റ്റന്‍മാരിലൊരാളുമാണ് ധോണിയെന്ന വസ്തുത അംഗീകരിച്ചെ മതിയാവു.

Also Read:ധോണി വീണ്ടും ഇന്ത്യക്കായി കളിക്കുമോ?; മറുപടിയുമായി റെയ്ന

ഇന്ത്യന്‍ ക്രിക്കറ്റിനായി ഒരുപാട് സംഭാവന ചെയ്ത കളിക്കാരനാണ് ധോണി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് കഴിവുണ്ടോ എന്ന് ആരെങ്കിലും പറയേണ്ടതില്ല. അതിനെക്കുറിച്ചാലോചിച്ച് ആരും അധികം തലപുകയ്ക്കേണ്ട. നിങ്ങള്‍ക്ക് ധോണിയെ ആവശ്യമുണ്ടോ, അദ്ദേഹം കളിക്കാന്‍ തയാറാണോ, അദ്ദേഹത്തെ ടീമിലെടുക്കണം-ഹര്‍ഭജന്‍ പറഞ്ഞു.

പരിക്കുമൂലം ദീര്‍ഘകാലമായി ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താണെങ്കിലും ഹര്‍ദ്ദിക് പാണ്ഡ്യയും നിര്‍ബന്ധമായും ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലുണ്ടാവണമെന്ന് ഹര്‍ഭജന്‍ പറഞ്ഞു. കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷം പാണ്ഡ്യ മത്സര ക്രിക്കറ്റ് കളിച്ചിട്ടില്ല എന്നത് ശരിയാണ്. പക്ഷെ പാണ്ഡ്യ കായികക്ഷമത തെളിയിച്ചാല്‍ ഐപിഎല്‍ നടന്നാലും നടന്നില്ലെങ്കിലും അദ്ദേഹത്തെ ടീമിലെടുക്കണം. കാരണം ടീം കോംബിനേഷന്‍ കൃത്യമാവാന്‍ പാണ്ഡ്യയുടെ സാന്നിധ്യം അനിവാര്യമാണ്. ചില കളിക്കാരെ ഐപിഎല്‍ ഫോമിന്റെ മാത്രം അടിസ്ഥാനത്തില്‍ വിലയിരുത്താനാവില്ല. കാരണം അവര്‍, നേരത്തെ കഴിവുതെളിയിച്ചവരാണെന്നും ഹര്‍ഭജന്‍ പറഞ്ഞു.