പൊച്ചെഫെസ്‌ട്രൂ: ഐസിസി അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിലെ മികച്ച ഇലവനില്‍ ഇടംപിടിച്ച് മൂന്ന് ഇന്ത്യന്‍ താരങ്ങള്‍. യശ്വസി ജയ്‌സ്വാള്‍, രവി ബിഷ്‌ണോയി, കാര്‍ത്തിക് ത്യാഗി എന്നിവരാണ് ഇലവനിലെത്തിയത്. തിങ്കളാഴ്‌ചയാണ് മികച്ച ഇലവനെ ഐസിസി പ്രഖ്യാപിച്ചത്. 

ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിനായിരുന്നു. ടൂര്‍ണമെന്‍റില്‍ ആറ് മത്സരങ്ങളില്‍ 133 ശരാശരിയില്‍ ഒരു സെഞ്ചുറി ഉള്‍പ്പടെ 400 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ രണ്ടാമതുള്ള രവിന്ദു റാസന്ദയേക്കാള്‍ 114 റണ്‍സ് കൂടുതല്‍ സ്വന്തമാക്കി ജയ്‌സ്വാള്‍. മൂന്ന് വിക്കറ്റും അക്കൗണ്ടിലാക്കി. അതേസമയം വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയ രവി ബിഷ്‌ണോയ് ആറ് മത്സരങ്ങളില്‍ 10.64 ശരാശരിയില്‍ 17 വിക്കറ്റ് നേടി. 13.90 ശരാശരിയില്‍ 11 വിക്കറ്റ് നേടിയ ത്യാഗിയാവട്ടെ സ്വിങുകൊണ്ട് എതിരാളികള്‍ക്ക് ഭീഷണിയായി. 

ആറ് ടീമുകളില്‍ നിന്നുള്ള താരങ്ങളാണ് മികച്ച ഇലവനില്‍ ഇടംപിടിച്ചത്. ലോകകപ്പുയര്‍ത്തിയ ബംഗ്ലാ നായകന്‍ അക്‌ബര്‍ അലിയാണ് മികച്ച ഇലവന്‍റെയും ക്യാപ്റ്റന്‍. ഇബ്രാഹിം സദ്രാന്‍, നയീം യങ് തുടങ്ങിയ താരങ്ങള്‍ ടീമിലുണ്ട്. 

ലോകകപ്പ് ഇലവന്‍: യശ്വസി ജയ്‍സ്വാള്‍, ഇബ്രാഹിം സദ്രാന്‍, രവിന്ദു റാസന്ദ, മഹമ്മുദുള്‍ ഹസന്‍ ജോയ്, ഷഹാദത്ത് ഹൊസൈന്‍, നയീം യങ്, അക്‌ബര്‍ അലി, ഷഫീഖുള്ള ഖഫാരി, രവി ബിഷ്‌ണോയ്, കാര്‍ത്തിഗ് ത്യാഗി, ജയ്‌ഡന്‍ സീല്‍സ്, അകില്‍ കുമാര്‍(പന്ത്രണ്ടാമന്‍)