ദുബായ്: ഐപിഎല്ലില്‍ പങ്കെടുക്കുന്ന കിംഗ്സ്  ഇലവന്‍ പ‍്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന്‍ റോയല്‍സ് ടീം അംഗങ്ങള്‍ യുഎഇയിലെത്തി. പഞ്ചാബ്, രാജസ്ഥാന്‍ താരങ്ങള്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലാണ് ദുബായിലെത്തിയത്. കൊല്‍ക്കത്ത താരങ്ങള്‍ ടൂര്‍ണമെന്റില്‍ അവരുടെ ആസ്ഥാനമായ അബുദാബിയിലാണ് വിമാനമിറങ്ങിയത്. യുഎഇയിലേക്ക് തിരിക്കുന്നതിന് മുമ്പെ നിരവധി തവണ താരങ്ങളെ കൊവിഡ് 19 പരിശോധനകള്‍ക്ക് വിധേയരാക്കിയിരുന്നു.

യുഎഇയിലെത്തിയ താരങ്ങള്‍ ആറ് ദിവസം ഐസൊലേഷനില്‍ കഴിഞ്ഞശേഷം ഒന്ന്, മൂന്ന്, ആറ് ദിവസങ്ങളില്‍ വീണ്ടും കൊവിഡ് പരിശോധനക്ക് വിധേയരാക്കും. കൊവിഡ് നെഗറ്റീവാണെന്ന് ഉറപ്പുവരുത്തിയാല്‍ താരങ്ങളെ ബയോ സെക്യൂര്‍ ബബ്ബിളില്‍ പ്രവേശിച്ച് പരിശീലനം നടത്താന്‍ അനുവദിക്കും. ടൂര്‍ണമെന്റിനിടെ ഓരോ അഞ്ച് ദിവസം കൂടുന്തോറം താരങ്ങളെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും കൊവിഡ് പരിശോധനകള്‍ക്ക് വിധേയരാക്കും.

നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്, റണ്ണറപ്പുകളായ ചെന്നൈ സൂപ്പര്‍ കിംഗ്സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമുകള്‍ വെള്ളിയാഴ്ച യുഎഇയിലെത്തും. സണ്‍ റൈസേഴ്സ് ഹൈദരാബാദും ഡല്‍ഹി ക്യാപിറ്റല്‍സും ഈ ആഴ്ച അവസാനത്തോടെ യുഎഇയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സെപ്റ്റംബര്‍ 19നാണ് ഐപിഎല്‍ തുടങ്ങുന്നത്. 53 ദിവസങ്ങളിലായി 60 മത്സരങ്ങളാണ് ടൂര്‍ണമെന്റിലണ്ടാകുക. ദുബായ്, അബുദാബി, ഷാര്‍ജ എന്നീ വേദികളിലായിരിക്കും മത്സരങ്ങള്‍.