ഇമ്രാന്റെയും ആനന്ദിന്റെയും അര്‍ധ സെഞ്ചുറികളാണ് ടൈറ്റന്‍സിനെ വിജയത്തിലേക്ക് നയിച്ചത്.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെതിരായ മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സിന് ഏഴ് വിക്കറ്റ് ജയം. തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടൈറ്റന്‍സ് 16.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അഹമ്മദ് ഇമ്രാന്‍ (44 പന്തില്‍ 61), ആനന്ദ് കൃഷ്ണന്‍ (39 പന്തില്‍ 63) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ടൈറ്റന്‍സിനെ വിജയത്തിലേക്ക് നയിച്ചത്. വിഗ്നേഷ് പൂത്തൂര്‍ റിപ്പിള്‍സിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ റിപ്പിള്‍സിനെ നാല് വിക്കറ്റ് വീഴ്ത്തിയ സിബിന്‍ ഗിരീഷാണ് തകര്‍ത്തത്. ഏഴ് വിക്കറ്റുകള്‍ റിപ്പിള്‍സിന് നഷ്ടമായി. 38 പന്തില്‍ 56 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീനാണ് റിപ്പിള്‍സിന്റെ ടോപ് സ്‌കോറര്‍.

മറുപടി ബാറ്റിംഗില്‍ ഒന്നാം വിക്കറ്റില്‍ 121 റണ്‍സാണ് ടൈറ്റന്‍സ് ഓപ്പണര്‍മാര്‍ ചേര്‍ത്തത്. അപ്പോള്‍ തന്നെ ടൈറ്റന്‍സ് വിജയമുറപ്പിച്ചു. 13-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. വിഗ്നേഷിന്റെ പുത്തൂരിന്റെ പന്തില്‍ അക്ഷയ് ചന്ദ്രന് ക്യാച്ച് നല്‍കി ഇമ്രാന്‍ മടങ്ങി. എട്ട് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. 13ാം ഓവറില്‍ ആനന്ദ് മടങ്ങിയെങ്കിലും, അപ്പോഴേക്കും ടൈറ്റന്‍സ് വിജയത്തോട് അടുത്തിരുന്നു. അഞ്ച് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ആനന്ദിന്റെ ഇന്നിംഗ്‌സ്. ശ്രീഹരി എസ് നായര്‍ക്കായിരുന്നു ആനന്ദിന്റെ വിക്കറ്റ്. പിന്നാലെ ഷോണ്‍ റോജറിന്റെ (7) വിക്കറ്റ് കൂടി ടൈറ്റന്‍സിന് നഷ്ടമായി. എങ്കിലും അക്ഷയ് മനോഹര്‍ (10) - അര്‍ജുന്‍ എ കെ (1) സഖ്യം 21 പന്തുകള്‍ ശേഷിക്കെ വിജയത്തിലെത്തി.

സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു റിപ്പിള്‍സിന്. സ്‌കോര്‍ബോര്‍ഡില്‍ 38 റണ്‍സ് മാത്രമുള്ളപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ റിപ്പിള്‍സിന് നഷ്ടമായി. ജലജ് സക്‌സേന (8) രണ്ടാം ഓവറില്‍ തന്നെ മടങ്ങി. ആനന്ദ് ജോസഫിനായിരുന്നു വിക്കറ്റ്. പിന്നാല സഹഓപ്പണര്‍ അക്ഷയ് ചന്ദ്രനും (7) മടങ്ങി. ഇത്തവണയും ആനന്ദ് ജോസഫാണ് വിക്കറ്റെടുത്തത്. നന്നായി തുടങ്ങിയെങ്കിലും അഭിഷേക് നായര്‍ക്ക് 11 പന്ത് മാത്രമായിരുന്നു ആയുസ്. സിബിന്‍ ഗിരീഷീന്റെ ആദ്യ വിക്കറ്റായിരുന്നിത്. തുടര്‍ന്ന് അനുജ് ജോതിനൊപ്പം (11) ചേര്‍ന്ന് 48 റണ്‍സ് അസറുദ്ദീന്‍ കൂട്ടിചേര്‍ത്തു. ഇതില്‍ 37 റണ്‍സും അസറിന്റെ സംഭാവനയായിരുന്നു.

പിന്നാലെ അനുജ്, അക്ഷയ് ടി കെ (2) എന്നിവരും മടങ്ങി. അധികം വൈകാതെ അസറും. ഇതില്‍ വിക്കറ്റുകളും ഗിരീഷിന് തന്നെയായിരുന്നു. അനുജിനെ മുഹമ്മദ് ഇഷാഖ് മടക്കി. ഇതോടെ ആറിന് 102 എന്ന നിലയിലായി റിപ്പിള്‍സ്. ബാലു ബാബു (3) കൂടി മടങ്ങിയതോടെ 16.2 ഓവറില്‍ ഏഴിന് 110 എന്ന നിലയിലേക്ക് കൂപ്പുകുത്തി റിപ്പിള്‍സ്. പിന്നീട് ശ്രീരൂപ് (23 പന്തില്‍ പുറത്താവാതെ 30), ആദിത്യ ബൈജു (11 പന്തില്‍ പുറത്താവാതെ 12) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ആലപ്പിയെ 150 കടത്തിയത്. ഇരുവരും 41 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഇരു ടീമുകളുടേയും ആദ്യ മത്സരമായിരുന്നിത്.

ആലപ്പി റിപ്പിള്‍സ്: ജലജ് സക്‌സേന, അക്ഷയ് ചന്ദ്രന്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), അഭിഷേക് പി നായര്‍, അനൂജ് ജോതിന്‍, അക്ഷയ് ടികെ, ശ്രീരൂപ് എംപി, ബാലു ബാബു, ആദിത്യ ബൈജു, ശ്രീഹരി എസ് നായര്‍, നെടുമണ്‍കുഴി ബേസില്‍.

തൃശൂര്‍ ടൈറ്റന്‍സ്: ആനന്ദ് കൃഷ്ണന്‍, അഹമ്മദ് ഇമ്രാന്‍, ഷോണ്‍ റോജര്‍, അക്ഷയ് മനോഹര്‍, മുഹമ്മദ് ഇഷാഖ്, അര്‍ജുന്‍ എ കെ., വിനോദ് കുമാര്‍ സി വി, സിജോമോന്‍ ജോസഫ് (ക്യാപ്റ്റന്‍), സിബിന്‍ ഗിരീഷ്, എം.ഡി നിധീഷ്, ആനന്ദ് ജോസഫ്.

YouTube video player