Asianet News MalayalamAsianet News Malayalam

കേരള പ്രീമിയര്‍ ലീഗ്: ക്രിക്കറ്റ് പൂരത്തിനൊരുങ്ങി തൃശൂര്‍ ടൈറ്റന്‍സ്; ജഴ്‌സിയും ടീം സോംഗും പുറത്തിറക്കി

'ഞങ്ങള്‍ തൃശൂര്‍ ടൈറ്റന്‍സ്' എന്ന ടീം സോംഗ് ടൈറ്റന്‍സ് ടീം സി.ഇ.ഒ ശ്രീജിത്ത് രാജന്‍ പുറത്തിറക്കി.

thrissur titans released thier team song and jersey for kpl
Author
First Published Aug 19, 2024, 5:35 PM IST | Last Updated Aug 19, 2024, 5:35 PM IST

തൃശൂര്‍: കേരള പ്രീമിയര്‍ ലീഗിനൊരുങ്ങി തൃശൂര്‍ ടൈറ്റന്‍സ്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ലീഗിന് വേണ്ടിയുളള ടീം ജഴ്‌സിയും സോംഗും പുറത്തിറക്കി. തൃശൂര്‍ അത്രേയ ക്രിക്കറ്റ് നടന്ന ചടങ്ങില്‍ ടൈറ്റന്‍സിന്റെ പരിശീലകനും മുന്‍ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സുനില്‍ ഒയാസിസ്, ടീമംഗം വരുണ്‍ നായനാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചലച്ചിത്രതാരം ദേവ് മോഹന്‍, ടൈറ്റന്‍സ് ടീം ഉടമ സജ്ജാദ് സേട്ട്, എന്നിവര്‍ ചേര്‍ന്നാണ് ജഴ്‌സി പുറത്തിറക്കിയത്. തൃശൂര്‍ ടൈറ്റന്‍സിന്റെ ക്യാപ്പ്റ്റനായി വരുണ്‍ നായനാരെ പ്രഖ്യാപിച്ചു.

'ഞങ്ങള്‍ തൃശൂര്‍ ടൈറ്റന്‍സ്' എന്ന ടീം സോംഗ് ടൈറ്റന്‍സ് ടീം സി.ഇ.ഒ ശ്രീജിത്ത് രാജന്‍ പുറത്തിറക്കി. പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവായ ബി കെ. ഹരിനാരായണന്‍ രചിച്ച പാട്ടിന് സംഗീതം നല്‍കിയിരിക്കുന്നത് നിരഞ്ജ് സുരേഷാണ്. സച്ചിന്‍ വാര്യറും നിരഞ്ജ് സുരേഷും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. തൃശൂര്‍ പൂരത്തില്‍ പ്രേരണ ഉള്‍ക്കൊണ്ടാണ് ടൈറ്റന്‍സിന്റെ ജഴ്സി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഉത്സവനഗരിയായ തൃശൂരിനും ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിന്റെ പ്രകൃതി മനോഹാരിതയ്ക്കുമുള്ള സമര്‍പ്പണമാണ് ജഴ്സിയുടെ രൂപ കല്‍പ്പനയെന്ന് ടീം ഉടമ സജ്ജാദ്  സേട്ട് പറഞ്ഞു. 

മുഹമ്മദ് ഷമി എപ്പോള്‍ തിരിച്ചെത്തും? നിര്‍ണായക സൂചനയുമായി ജയ് ഷാ

കേരള ക്രിക്കറ്റ് ടീം അംഗവും ഐ.പി.എല്‍ താരവുമായ വിഷ്ണു വിനോദാണ് ടീമിന്റെ ഐക്കണ്‍ താരം. ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട ദേശീയ ക്രിക്കറ്റിലെ ശ്രദ്ധേയ താരമായ വരുണ്‍ നായനാരെ 7.2 ലക്ഷം രൂപയ്ക്കാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്. കേരളത്തിന്റെ അണ്ടര്‍ -19 ടീമിലെത്തി അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഇരട്ട സെഞ്ച്വറി നേടി ശ്രദ്ധനേടിയ താരമെന്ന വിശേഷണവും വരുണിന് സ്വന്തമാണ്. അഭിഷേക് പ്രതാപ് (ഓള്‍ റൗണ്ടര്‍), മോനു കൃഷ്ണ (വിക്കറ്റ് കീപ്പര്‍), ആദിത്യ വിനോദ് (ബൗളര്‍), അനസ് നസീര്‍ (ബാറ്റ്സ്മാന്‍), മൊഹമ്മദ് ഇഷാഖ് (ബൗളര്‍), ഗോകുല്‍ ഗോപിനാഥ് (ബൗളര്‍), അക്ഷയ് മനോഹര്‍ (ഓള്‍ റൗണ്ടര്‍), ഇമ്രാന്‍ അഹമ്മദ് (ഓള്‍ റൗണ്ടര്‍), ജിഷ്ണു എ (ഓള്‍ റൗണ്ടര്‍), അര്‍ജുന്‍ വേണുഗോപാല്‍ (ഓള്‍ റൗണ്ടര്‍), ഏഥന്‍ ആപ്പിള്‍ ടോം (ഓള്‍ റൗണ്ടര്‍) വൈശാഖ് ചന്ദ്രന്‍ (ഓള്‍ റൗണ്ടര്‍), മിഥുന്‍ പികെ (ഓള്‍റൗണ്ടര്‍), നിതീഷ് എംഡി (ബൗളര്‍), ആനന്ദ് സാഗര്‍ (ബാറ്റ്‌സ്മാന്‍), നിരഞ്ചന്‍ ദേവ് (ബാറ്റ്‌സ്മാന്‍) എന്നിവരാണ് ടൈറ്റന്‍സിലെ മറ്റ് ടീം അംഗങ്ങള്‍. 

സെപ്റ്റംബര്‍ 2 മുതല്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ നടക്കുന്നത്. തൃശൂര്‍ ടൈറ്റന്‍സ് കൂടാതെ, മറ്റു അഞ്ച് ടീമുകള്‍ കൂടി മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios