ന്യൂസിലൻഡ് എ ടീമിനെതിരായ മൂന്നാം അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യ എ 464 റൺസിന് ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. തിലക് വര്‍മ, വാഷിംഗ്ടണ്‍ സുന്ദർ, ധ്രുവ് ജുറെൽ എന്നിവർ അര്‍ധസെഞ്ചുറിയുമായി തിളങ്ങി.
ലിങ്കൺ: ന്യൂസിലൻഡ് എ ടീമിനെതിരായ മൂന്നാം അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോര്‍. രണ്ടാം ദിനം ക്യാപ്റ്റൻ ധ്രുവ് ജുറെലിന്‍റെയും തിലക് വര്‍മയുടെയും വാഷിംഗ്ടണ്‍ സുന്ദറിന്‍റെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ ഒന്നാം ഇന്നിംഗ്സില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 464 റണ്‍സെടുത്ത ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ന്യൂസിലന്‍ഡ് എ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയെ നേരിടുകയാണ്.
10 റണ്‍സുമായി ഡീന്‍ ഫോക്സ്ക്രോഫ്റ്റും ഒരു റണ്ണുമായി സാക് ഗിബ്സണും ക്രീസില്‍. 19 റണ്‍സെടുത്ത കര്‍ട്ടിസ് ഹീഫിയുടെയും റണ്ണൊന്നുമെടുക്കാതെ റൈസ് മരിയുവിന്‍റെയും വിക്കറ്റുകളാണ് ന്യൂസിലന്‍ഡ് എക്ക് നഷ്ടമായത്. പ്രസിദ്ധ് കൃഷ്ണക്കാണ് രണ്ട് വിക്കറ്റും. ദീര്‍ഘനാളത്തെ ഇടവേളക്ക് ശേഷം റെഡ് ബോള്‍ ക്രിക്കറ്റിൽ തിരിച്ചെത്തിയ ജസ്പ്രീത് ബുംറ ആറോവറില്‍ 11 റണ്‍സ് മാത്രമെ വഴങ്ങിയുള്ളൂവെങ്കിലും വിക്കറ്റൊന്നും വീഴ്ത്താനായില്ല.
നേരത്തെ രണ്ടാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 227 റൺസ് എന്ന നിലയിൽ ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യ എ 5 വിക്കറ്റ് നഷ്ടത്തില്‍ 464 റണ്‍സെടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 77 റൺസുമായി ക്രീസിലുണ്ടായിരുന്ന സായ് സുദർശന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് രണ്ടാം ദിനം തുടക്കത്തിലെ നഷ്ടമായത്. 88 റണ്‍സെടുത്ത സായ് സുദർശനെ സാക് ഗിബ്സണ്‍ ബൗള്‍ഡാക്കി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് സുദര്‍ശന് സെഞ്ചുറി നഷ്ടമാവുന്നത്. ഇന്ത്യൻ സ്കോര്‍ 300 കടന്നതിന് പിന്നാലെ 95 പന്തില്‍ 71 റണ്‍സെടുത്ത ക്യാപ്റ്റൻ ധ്രുവ് ജുറെലിന്‍റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. 9 ഫോറും രണ്ട് സിക്സും പറത്തിയാണ് ജുറെല്‍ 71 റണ്‍സടിച്ചത്. തിലക് വര്‍മയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് 44 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യയെ 350 കടത്തി.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
71 പന്തില്‍ 25 റണ്‍സെടുത്ത ജഡേജയെ ഗിബ്സണ്‍ പുറത്താക്കിയതിന് പിന്നാലെ ക്രീസിലെത്തിയ വാഷിംഗ്ടണ്‍ സുന്ദറിനൊപ്പം 114 റണ്‍സിന്‍റെ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ തിലക് വര്‍മ ഇന്ത്യയെ സുരക്ഷിത സ്കോറിലേക്ക് നയിച്ചു. 164 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്സും പറത്തി 81 റണ്‍സോടെ തിലക് വര്‍മയും 107 പന്തില്‍ രണ്ട് ബൗണ്ടറികള്‍ മാത്രം നേടി 50 റണ്‍സോടെ വാഷിംഗ്ടണ്‍ സുന്ദറും പുറത്താകാതെ നിന്നു. ഇന്നലെ ആദ്യ ദിനം യശസ്വി ജയ്സ്വാള്‍(102) ഇന്ത്യക്കായി സെഞ്ചുറി നേടിയിരുന്നു. ന്യൂസിലന്‍ഡ് എക്കായി സാക് ഗിബ്സണ്‍ രണ്ട് വിക്കറ്റെടുത്തു. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളും സമനിലയായിരുന്നു.












