ആറ് റണ്‍സ് വ്യത്യാസത്തിലാണ് ഒന്നാംസ്ഥാനം തിലകിന് നഷ്ടമായത്. 179 റണ്‍സ് നേടിയ കെ എല്‍ രാഹുലാണ് ഒന്നാമന്‍. തിലകിന് 173 റണ്‍സാണുള്ളത്.

ഫ്‌ളോറിഡ: അരങ്ങേറ്റ ടി20 പരമ്പരയില്‍ തന്നെ സുപ്രധാന നേട്ടം സ്വന്തമാക്കി യുവതാരം തിലക് വര്‍മ. അഞ്ച് ടി20 മത്സരങ്ങള്‍ കഴിയുമ്പോള്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായിരിക്കുകയാണ് തിലക്. ആറ് റണ്‍സ് വ്യത്യാസത്തിലാണ് ഒന്നാംസ്ഥാനം തിലകിന് നഷ്ടമായത്. 179 റണ്‍സ് നേടിയ കെ എല്‍ രാഹുലാണ് ഒന്നാമന്‍. തിലകിന് 173 റണ്‍സാണുള്ളത്. 172 റണ്‍സ് നേടിയ ദീപക് ഹൂഡ മൂന്നാമത്. 150 റണ്‍സ് സ്വന്തമാക്കിയിരുന്ന സൂര്യകുമാര്‍ യാദവ് നാലമതുണ്ട്. മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് (147) അഞ്ചാം സ്ഥാനത്തും.

ഈ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരവും തിലക് (173) തന്നെയാണ്. 57.67 റണ്‍സാണ് താരത്തിന്റെ ശരാശരി. 140.65 സ്‌ട്രൈക്ക് റേറ്റിലാണ് നേട്ടം. സൂര്യകുമാര്‍ യാദവാണ് (166) രണ്ടാം സ്ഥാനത്ത്. മൂന്ന് മത്സരങ്ങളില്‍ 90 റണ്‍സ് നേടിയ യശസ്വി ജെയ്‌സ്വാള്‍ മൂന്നാം സ്ഥാനത്തുമാണ്. അതേസമയം, മലയാളി താരം സഞ്ജു സാംസണിനെ തേടിയും ഒരു നേട്ടമെത്തി. ടി20 കരിയറില്‍ 6000 റണ്‍സെന്ന നാഴികക്കല്ലാണ് പിന്നിട്ടത്. 

സഞ്ജുവിന്റെ കരിയര്‍ അവസാനിച്ചോ? വിന്‍ഡീസിനെതിരെ അഞ്ചാം ടി20യിലും നിരാശപ്പെടുത്തിയതോടെ കടുത്ത വിമര്‍ശനം

വിരാട് കോലിയാണ് ടി20 ക്രിക്കറ്റില്‍ 6000 പിന്നിട്ട ആദ്യതാരം. 374 ടി20 മത്സരങ്ങളില്‍ നിന്ന് 11,965 റണ്‍സാണ് കോലി നേടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ പിന്നിലുണ്ട്. 423 മത്സരങ്ങളില്‍ നിന്ന് 11,035 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്. പുറമെ ശിഖര്‍ ധവാന്‍ (9645), സുരേഷ് റെയ്‌ന (8654), റോബിന്‍ ഉത്തപ്പ (7272), എം എസ് ധോണി (7271), ദിനേഷ് കാര്‍ത്തിക് (7081), കെ എല്‍ രാഹുല്‍ (7066), മനീഷ് പാണ്ഡെ (6810), സൂര്യകുമാര്‍ യാദവ് (6503), ഗൗതം ഗംഭീര്‍ (6402), അമ്പാട്ടി റായിഡു (6028) എന്നിവരും 6000 പിന്നിട്ടിരുന്നു.