'കഴിഞ്ഞ 12 മാസമായുള്ള കുതിപ്പ് തങ്ങള്‍ക്ക് തുടരാനായാല്‍ ലോക ക്രിക്കറ്റിലെ കരുത്തരുടെ പോരാട്ടം അവിസ്‌മരണീയ പരമ്പരയാകും'

സിഡ്‌നി: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നതായി ഓസീസ് നായകന്‍ ടിം പെയ്‌ന്‍. സ്വന്തം നാട്ടില്‍ സന്ദര്‍ശകരായ പാകിസ്ഥാനെയും ന്യൂസിലന്‍ഡിനെയും തൂത്തെറിഞ്ഞ ശേഷമാണ് ലോക നമ്പര്‍ വണ്‍ ടീമായ ഇന്ത്യക്കെതിരായ മത്സരത്തെ കുറിച്ച് പെയ്‌ന്‍ വാചാലനായത്. കഴിഞ്ഞ തവണ ഇന്ത്യക്കെതിരെ കളിച്ച ഓസീസ് ടീമല്ല നിലവിലേതെന്നും പെയ്‌ന്‍ പറയുന്നു.

കഴിഞ്ഞ 12 മാസമായുള്ള കുതിപ്പ് തങ്ങള്‍ക്ക് തുടരാനായാല്‍ ലോക ക്രിക്കറ്റിലെ കരുത്തരുടെ പോരാട്ടം അവിസ്‌മരണീയ പരമ്പരയാകും. പേസ് ഫാക്‌ടറിയുടെ കരുത്ത് എന്താണെന്ന് കഴിഞ്ഞ തവണ ഇന്ത്യ കാട്ടിയതാണ്. അതിനാല്‍ പേസര്‍മാര്‍ തമ്മിലുള്ള പോരാട്ടം കാണേണ്ട കാഴ്‌ചയാകും. താരങ്ങളുടെയും ആരാധകരുടെയും വായില്‍ വെള്ളമൂറിക്കുന്ന പരമ്പരയാകും അരങ്ങേറുകയെന്നും പെയ്ന്‍ പറഞ്ഞു. 

ഈ വര്‍ഷം നവംബറിലാണ് ഓസ്‌ട്രേലിയയില്‍ ടീം ഇന്ത്യ പര്യടനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഹോം സീസണില്‍ ഇന്ത്യയും മികച്ചുനിന്നു. ദക്ഷിണാഫ്രിക്കയെയും ബംഗ്ലാദേശിനെയും ഇന്ത്യ വൈറ്റ് വാഷ് ചെയ്തിരുന്നു. അതേസമയം പാകിസ്ഥാനെതിരെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്നിംഗ്‌സ് ജയങ്ങള്‍ക്ക് പിന്നാലെ ന്യൂസിലന്‍ഡിനെ 3-0ന് വൈറ്റ് വാഷ് ചെയ്ത് കരുത്ത് കൂട്ടിയിരിക്കുകയാണ് ഓസീസ്.