നായകസ്ഥാനം ഒഴിയുന്നുവെങ്കിലും ഒരു കളിക്കാരനായി തുടർന്നും ടെസ്റ്റ് ടീമിൽ തെരഞ്ഞെടുപ്പിന് ലഭ്യമായിരിക്കുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.
കൊളംബോ: പുതിയ തലമുറയ്ക്ക് വഴിമാറാനായി ശ്രീലങ്കൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്‍റെ നായകസ്ഥാനമൊഴിഞ്ഞ് ഓൾറൗണ്ടർ ധനഞ്ജയ ഡി സിൽവ. നായകസ്ഥാനത്ത് നിന്ന് ഉടനടി പടിയിറങ്ങുകയാണെന്ന് വ്യക്തമാക്കി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്‍റെ സെലക്ഷൻ കമ്മിറ്റിക്ക് വ്യാഴാഴ്ച 35-കാരനായ ധനഞ്ജയ കത്തയച്ചു.
നായകസ്ഥാനം ഒഴിയുന്നുവെങ്കിലും ഒരു കളിക്കാരനായി തുടർന്നും ടെസ്റ്റ് ടീമിൽ തെരഞ്ഞെടുപ്പിന് ലഭ്യമായിരിക്കുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ക്യാപ്റ്റൻ സ്ഥാനമെന്ന വലിയ ഉത്തരവാദിത്തം ഇനി അടുത്ത തലമുറയ്ക്ക് കൈമാറണമെന്നാണ് തന്‍റെ ആത്മാർത്ഥമായ ആഗ്രഹമെന്ന് സെലക്ഷൻ കമ്മിറ്റിക്കയച്ച കത്തിൽ ധനഞ്ജയ കുറിച്ചു. 2024 ജനുവരിയിൽ ദിമുത് കരുണരത്നയ്ക്ക് പകരക്കാരനായാണ് ധനഞ്ജയ ഡി സിൽവ ശ്രീലങ്കൻ ടെസ്റ്റ് ടീമിന്‍റെ അമരത്തെത്തുന്നത്. തുടർന്ന് 18 ടെസ്റ്റ് മത്സരങ്ങളിൽ ശ്രീലങ്കയെ നയിച്ച ധനഞ്ജയക്ക് കീഴിൽ 7 മത്സരങ്ങളിൽ ടീം ജയിച്ചു.
നായകനായുള്ള 18 മത്സരങ്ങളിൽ നിന്ന് 36.45 ശരാശരിയിൽ 1,130 റൺസ് നേടിയ ധനഞ്ജയ, ഓഫ് സ്പിന്നർ എന്ന നിലയിൽ 9 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ശ്രീലങ്കയ്ക്കായി ഇതുവരെ 69 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള ധനഞ്ജയ 13 സെഞ്ചുറികൾ അടക്കം 4,400-ലധികം റൺസ് നേടി. ടെസ്റ്റ് ക്രിക്കറ്റിൽ നൽകിയ മികച്ച സേവനങ്ങൾക്ക് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സി.ഇ.ഒ ആഷ്‌ലി ഡി സിൽവ ധനഞ്ജയക്ക് നന്ദി രേഖപ്പെടുത്തുകയും ഭാവി കരിയറിന് ആശംസകൾ നേരുകയും ചെയ്തു.
