Asianet News MalayalamAsianet News Malayalam

പാകിസ്ഥാനെ വലിച്ചുകീറി, താഴെയിട്ടു! ഐസിസി റാങ്കിംഗില്‍ ഇന്ത്യയുടെ സമ്പൂര്‍ണാധിപത്യം; വെല്ലാന്‍ എതിരാളികളില്ല

വിരാട് കോലിയും ബാറ്റര്‍മാരുടെ റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയിരുന്നു. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ കോലി നാലാം റാങ്കിലെത്തി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആറാം സ്ഥാനത്തുമുണ്ട്.

total dominance for team india in icc cricket rankings
Author
First Published Nov 8, 2023, 7:29 PM IST

ദുബായ്: ഐസിസി ഏകദി റാങ്കിംഗില്‍ ഇന്ത്യയുടെ സമ്പൂര്‍ണാധിപത്യം. ഇന്ന് പുറത്തുവിട്ട് റാങ്കിംഗ് പ്രകാരം ബാറ്റര്‍മാരില്‍ യുവതാരം ശുഭ്മാന്‍ ഗില്ലാണ് ഒന്നാമന്‍. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ പിന്തള്ളിയാണ് ഗില്‍ ഒന്നാമത്തെിയത്. ആദ്യമായിട്ടാണ് ഗില്‍ ഐസിസി റാങ്കില്‍ ഒന്നാമതെത്തുന്നത്. ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് ഗില്‍. 24കാരനായ ഗില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ്് മറികടന്നു. 25-ാം വയസില്‍ സച്ചിന്‍ ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തിയിരുന്നു.

വിരാട് കോലിയും ബാറ്റര്‍മാരുടെ റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയിരുന്നു. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ കോലി നാലാം റാങ്കിലെത്തി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആറാം സ്ഥാനത്തുമുണ്ട്. 17 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ശ്രേയസ് അയ്യര്‍ പതിനെട്ടാം റാങ്കിലെത്തി. ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ നാല് ഇന്ത്യന്‍ താരങ്ങളാണ് ഇടം നേടിയത്. മുഹമ്മദ് സിറാജ് ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയാണ് സിറാജ് ഒന്നാമതെത്തിയത്.

പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീയെയാണ് സിറാജ് വലിച്ച് താഴെയിട്ടത്. നിലവില്‍ നാലാമതാണ് ഷഹീന്‍. മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ കൂടി ആദ്യ പത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കുല്‍ദീപ് യാദവ് നാലാം സ്ഥാനത്തായി. ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനം താരത്തിന് തുണയായി. ജസ്പ്രിത് ബുമ്ര എട്ടാമതും. ബുമ്രയ്ക്ക് ഒരു സ്ഥാനം നഷ്ടമാവുകയായിരുന്നു. ലോകകപ്പില്‍ ഗംഭീര പ്രകടനം പുറത്തെടുക്കുന്ന മുഹമ്മദ് ഷമി പത്താം സ്ഥാനത്തുമെത്തി. ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഷമി ആദ്യ പത്തിലെത്തിയത്. ലോകകപ്പ് വിക്കറ്റ് വേട്ടയില്‍ നാലാം സ്ഥാനത്തുണ്ട് ഷമി. നാല് മത്സരങ്ങളില്‍ ഇതുവരെ 16 വിക്കറ്റാണ് ഷമി വീഴ്ത്തിയത്. ഇതില്‍ രണ്ട് അഞ്ച് വിക്കറ്റ് പ്രകടനവുമുണ്ട്. ഏകദിനത്തിലെ മികച്ച ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ രവീന്ദ്ര ജഡേജ പത്താം സ്ഥാനത്താണ്. 

മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ തന്നെയാണ് ഒന്നാമത്. ടി20 ബാറ്റര്‍മാരില്‍ സൂര്യകുമാര്‍ യാദവ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഹാര്‍ദിക് പാണ്ഡ്യ രണ്ടാം സ്ഥാനത്തും. ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിംഗില്‍ രോഹിത്താണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരം. ബൗളര്‍മാരുടെ റാങ്കിംഗില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇടം പിടിച്ചു. ആര്‍ അശ്വിനാണ് ഒന്നാമത്. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ രവീന്ദ്ര ജഡേജ മൂന്നാത്. ബുമ്ര പത്താം സ്ഥാനത്തുണ്ട്. 

ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ആദ്യ പത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളുണ്ട്. ജഡേജ നയിക്കുന്ന പട്ടികയില്‍ തൊട്ടുതാഴെ അശ്വിന്‍. അഞ്ചാം സ്ഥനത്ത് അക്‌സര്‍ പട്ടേല്‍.

ഒരിത്തിരി ഉളുപ്പ്? അനാവശ്യ വിവാദത്തിന് ശ്രമിച്ച മുന്‍ പാകിസ്ഥാന്‍ താരത്തിനെതിരെ തുറന്നടിച്ച് മുഹമ്മദ് ഷമി

Follow Us:
Download App:
  • android
  • ios