2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ അ‍ഞ്ച് ടെസ്റ്റില്‍ നിന്ന് 134 റണ്‍സ് മാത്രമെടുത്ത കോലിയെ ആന്‍ഡേഴ്സണ്‍ നാലു തവണ പുറത്താക്കിയിരുന്നു.

ലണ്ടൻ: സമകാലീന ക്രിക്കറ്റിലെ ഫാബുലസ് ഫോർ എന്ന് അറിയപ്പെടുന്ന താരങ്ങളാണ് വിരാട് കോലിയും സ്റ്റീവ് സ്മിത്തും കെയ്ൻ വില്യംസണും ജോ റൂട്ടും. വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ അടുത്ത ഫാബ് ഫോറിനെക്കുറിച്ചുള്ള ചര്‍ച്ചകളും ക്രിക്കറ്റ് ലോകത്ത് സജീവമാണ്.

ഇതിനിടെ ഫാബ് ഫോറില്‍ പന്തെറിയാൻ ഏറ്റവും കൂടുതൽ പ്രയാസപ്പെട്ട ബാറ്ററുടെ പേരുമായി എത്തിയിരിക്കുകയാണ് ഇംഗ്ലീഷ് പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്സൺ. ഫാബ് ഫോറില്‍ ഏറ്റവും കൂടുതല്‍ പന്തെറിയാന്‍ ബുദ്ധിമുട്ട് വിരാട് കോലിക്കെതിരെ ആയിരുന്നുവെന്ന് ജെയിംസ് ആൻഡേഴ്സൺ ടോക് സ്പോര്‍ട് പോഡ്കാസ്റ്റിനോട് പറഞ്ഞു. ഇക്കാര്യത്തിൽ സച്ചിൻ ടെൻഡുൽക്കറേക്കാൾ മുകളിലാണ് കോലിയുടെ സ്ഥാനമെന്നും ആൻഡേഴ്സൺ പറഞ്ഞു. 

2003 മുതല്‍ 2024വരെ ടെസ്റ്റില്‍ കളിച്ച ആന്‍ഡേഴ്സണ്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച വിക്കറ്റ് വേട്ടക്കാരിൽ മൂന്നാമനാണ്. ഫാസ്റ്റ് ബൗളർമാരിൽ ഒന്നാമനും. സച്ചിന്‍റെയും കോലിയുടെയും പ്രതാപകാലത്ത് ഇരുവര്‍ക്കുമെതിരെ പന്തെറിഞ്ഞിട്ടുള്ള അപൂര്‍വം ബൗളര്‍മാരില്‍ ഒരാള്‍ കൂടിയാണ് ആൻഡേഴ്സണ്‍. ഇരുവരെയും ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ പേസറും ആന്‍ഡേഴ്സണ്‍ തന്നെയാണ്.

188 ടെസ്റ്റിൽ ആൻഡേഴ്സൺ 704 വിക്കറ്റ് നേടി. ടെസ്റ്റിൽ 25 ഇന്നിംഗ്സുകളില്‍ വിരാട് കോലിയെ ആൻഡേഴ്സൺ ഏഴ് തവണ പുറത്താക്കിയപ്പോള്‍ 14 ടെസ്റ്റ് മത്സരങ്ങളില്‍ സച്ചിനെ ഒമ്പത് തവണ പുറത്താക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച കോലി 123 കളിയിൽ 9230 റൺസാണ് നേടിയത്. പതിനായിരം റൺസ് ക്ലബിന് 770 റൺസകലേയാണ് കോലി ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞത്.

2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ അ‍ഞ്ച് ടെസ്റ്റില്‍ നിന്ന് 134 റണ്‍സ് മാത്രമെടുത്ത വിരാട് കോലിയെ ആന്‍ഡേഴ്സണ്‍ നാലു തവണ പുറത്താക്കിയിരുന്നു. എന്നാല്‍ 2014ല്‍ നേടിയ വിജയം കോലിക്കെതിരെ 2018ല്‍ ആവര്‍ത്തിക്കാന്‍ ആന്‍ഡേഴ്സണ് കഴിഞ്ഞില്ല. 2018ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ 593 റണ്‍സുമായി പരമ്പരയിലെ തന്നെ ടോപ് സ്കോററായ കോലിയെ ഒരു തവണ പോലും പുറത്താക്കാന്‍ ആന്‍ഡേഴ്സ് കഴിഞ്ഞിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക