ഡെവാള്‍ഡ് ബ്രെവിസിനെ പുറത്താക്കിയ ബുമ്രയുടെ നോബോളായിരുന്നുവെന്ന് റിപ്ലേകളില്‍ വ്യക്തമായിട്ടും അമ്പയര്‍ അത് നോബോള്‍ വിധിക്കാതിരുന്നതാണ് വിവാദമായത്.

കട്ടക്ക്: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 101 റണ്‍സിന്‍റെ വമ്പന്‍ ജയം നേടിയപ്പോള്‍ ടെലിവിഷന്‍ അമ്പയറുടെ ഭീമാബദ്ധത്തില്‍ ജസ്പ്രീത് ബുമ്ര സ്വന്തമാക്കിയത് ചരിത്രനേട്ടം. ടി20 ക്രിക്കറ്റില്‍ 100 വിക്കറ്റ് തികയ്ക്കാന്‍ ഒരു വിക്കറ്റ് മാത്രം മതിയായിരുന്ന ബുമ്ര ഇന്നലെ ഡെവാള്‍ഡ് ബ്രെവിസിനെ പുറത്താക്കിയാണ് ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറായത്. ഇതിന് പുറമെ ടെസ്റ്റിലും ടി20യിലും ഏകദിനത്തിലും 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബൗളറെന്ന നേട്ടവും ബുമ്ര സ്വന്തമാക്കിയിരുന്നു.

എന്നാല്‍ ഡെവാള്‍ഡ് ബ്രെവിസിനെ പുറത്താക്കിയ ബുമ്രയുടെ നോബോളായിരുന്നുവെന്ന് റിപ്ലേകളില്‍ വ്യക്തമായിട്ടും അമ്പയര്‍ അത് നോബോള്‍ വിധിക്കാതിരുന്നതാണ് വിവാദമായത്. ടിവി അമ്പയര്‍ ഫ്രണ്ട് ഫൂട്ട് നോ ബോള്‍ പരിശോധിച്ചപ്പോള്‍ ബുമ്രയുടെ കാല്‍ മില്ലി മീറ്ററുകളുടെ വ്യത്യാസത്തില്‍ ക്രീസിന് പുറത്താണെന്ന് ടിവി റീപ്ലേകളില്‍ വ്യക്തമായിരുന്നു. ഔട്ടായി ക്രീസ് വിടാനൊരുങ്ങിയ ബ്രെവിസ് ഫ്രണ്ട് ഫൂട്ട് നോബോൾ പരിശോധന പൂര്‍ത്തിയാവാനായി ഗ്രൗണ്ടില്‍ തന്നെ നിന്നെങ്കിലും അമ്പയര്‍ അത് നോ ബോളല്ലെന്ന് വിധിച്ചത് ആരാധകരെ അമ്പരപ്പിച്ചു.

Scroll to load tweet…

എന്നാല്‍ അത് നോബോളാണെന്ന് തെളിയിക്കാന്‍ വ്യക്തമായ ക്യാമറ ആംഗിളുകള്‍ ലഭ്യമല്ലാത്തതുകൊണ്ട് സംശയത്തിന്‍റെ ആനുകൂല്യം ബൗളര്‍ക്ക് നല്‍കാവുന്നതാണെന്നായിരുന്നു കമന്‍ററി ബോക്സിലുണ്ടായിരുന്ന മുരളി കാര്‍ത്തിക് അഭിപ്രായപ്പെട്ടത്. എന്നാല്‍ കാര്‍ത്തിക്കിന്‍റെ അഭിപ്രായത്തോട് സഹ കമന്‍റേറ്റര്‍ വിയോജിച്ചു. അത് നോ ബോള്‍ വിധിച്ചിരുന്നെങ്കിലും അതേ ഓവറില്‍ തന്നെ 100 വിക്കറ്റ് തികയ്ക്കാന്‍ ബുമ്രക്കാവുമായിരുന്നു. ആ ഓവറിലെ അഞ്ചാം പന്തില്‍ കേശവ് മഹാരാജിനെ പുറത്താക്കി ബുമ്ര മത്സരത്തിലെ രണ്ടാം വിക്കറ്റും സ്വന്തമാക്കിയിരുന്നു.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക