ഇന്ത്യക്കെതിരായ മികച്ച പ്രകടനത്തിന് ശേഷം രണ്ട് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ തനിക്കുവേണ്ടി രംഗത്തുവന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

കൊളംബൊ: ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വാനിഡു ഹസരങ്കയുടേത്. മൂന്ന് മത്സരങ്ങളില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയ ഹസരങ്ക തന്നെയായിരുന്നു മുന്‍ ഓഫ് ദ സീരീസ്. ഐസിസി ബൗളര്‍മാരുടെ റാങ്കിംഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്തണ് ഹസരങ്ക. ഇന്ത്യക്കെതിരായ മികച്ച പ്രകടനത്തിന് ശേഷം രണ്ട് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ തനിക്കുവേണ്ടി രംഗത്തുവന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗയുമായി യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു താരം.

ഐപിഎല്‍ കളിക്കുന്നത് മഹത്തായ കാര്യമാണെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍.. ''ഐപിഎല്‍ കളിക്കുകയെന്നത് എന്റെ സ്വപ്‌നമാണ്. ഐപിഎല്ലിന്റെ ഭാഗമാകുന്നത് മഹത്തായ കാര്യമാഎന്നുള്ളതില്‍ സംശയമൊന്നുമില്ല. രണ്ട് ടീമുകള്‍ എന്നെ സമീപിക്കുകയും ചെയ്തു.'' ഹസരങ്ക പറഞ്ഞു. എന്നാലല്‍ ഏതൊക്കെ ടീമുകളാണ് തന്നെ സമീപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

ഇതിനിടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഹസരങ്കയെ ടീമിലെത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ആഡം സാംപയുടെ പകരക്കാരനായിട്ട് ഹസരങ്കയെ എത്തിക്കാനാണ് ശ്രമം. എന്നാല്‍ ഇക്കാര്യത്തില്‍ ഫ്രാഞ്ചൈസികളുടേയോ, താരത്തിന്റേയോ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നുമുണ്ടായിരുന്നില്ല. പല വിദേശ താരങ്ങളും പിന്മാറിയ സാഹചര്യത്തില്‍ ഹസരങ്ക അരങ്ങേറുമെന്നാണ് കരുതപ്പെടുന്നത്.