ആതിഥേയരും നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും ചിരവൈരികളായ പാകിസ്ഥാനും ഒരേ ഗ്രൂപ്പില്‍ കളിക്കും. ഫെബ്രുവരി 15 ന് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ ഇരുടീമും ഏറ്റുമുട്ടും. ടൂർണമെന്റ് 2026 ഫെബ്രുവരി 7 ന് ആരംഭിക്കും.

ദില്ലി: 2026 ലെ ടി20 ലോകകപ്പ് ഔദ്യോഗിക ഷെഡ്യൂൾ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പ്രഖ്യാപിച്ചതോടെ ഫൈനല്‍ വേദിയില്‍ കൗതുകം. ഫിക്ചറില്‍ ഫൈനലിനായി രണ്ട് വേദികളാണ് പറയുന്നത്. ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയവും ശ്രീലങ്കയിലെ കൊളംബോ പ്രേമദാസ സ്റ്റേഡിയവുമാണ് ഫൈനലിനായി രേഖപ്പെടുത്തിയിരിക്കുന്നത്. ടി20 ലോകകപ്പ് ടൂര്‍ണമെന്‍റിലെ മത്സരങ്ങള്‍ ഇന്ത്യയില്‍ കളിക്കില്ലെന്ന് പാകിസ്ഥാന്‍ നേരത്തെ തീരുമാനിച്ചതോടെ ഫൈനലിനും രണ്ട് വേദികള്‍ സജ്ജമാക്കുന്നത്. പാക് ടീം ഫൈനലിലെത്തിയാല്‍ ശ്രീലങ്കയിലെ കോളംബോ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. പഹല്‍ഗാം, ഓപ്പറേഷന്‍ സിന്ദൂര്‍ സംഭവവികാസങ്ങള്‍ക്ക് ശേഷമാണ് പ്രശ്നം ഉടലെടുത്തത്. പാകിസ്ഥാനില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ ഇന്ത്യ യുഎഇയിലാണ് കളിച്ചത്. തുടര്‍ന്ന് ടി20 ലോകകപ്പ് ഇന്ത്യയിലും കളിക്കില്ലെന്ന് പിസിബിയും അറിയിച്ചു. ഇതോടെയാണ് വേദിയായി ശ്രീലങ്കയെയും തെരഞ്ഞെടുത്തത്. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരവും കൊളംബോയിലാണ് നടക്കുക.

ആതിഥേയരും നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും ചിരവൈരികളായ പാകിസ്ഥാനും ഒരേ ഗ്രൂപ്പില്‍ കളിക്കും. ഫെബ്രുവരി 15 ന് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ ഇരുടീമും ഏറ്റുമുട്ടും. ടൂർണമെന്റ് 2026 ഫെബ്രുവരി 7 ന് ആരംഭിക്കും. ഫൈനൽ മാർച്ച് 8 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. രണ്ട് സെമിഫൈനലുകളും കൊൽക്കത്തയിലും മുംബൈയിലുമായി നടക്കും. 2026 ഫെബ്രുവരി 7 ന് കൊളംബോയിൽ പാകിസ്ഥാനും നെതർലാൻഡ്‌സും തമ്മിലുള്ള മത്സരത്തോടെയാണ് 2026 ടി20 ലോകകപ്പ് ആരംഭിക്കുന്നത്. പാകിസ്ഥാൻ ഫൈനലിൽ എത്തിയാൽ കൊളംബോയിലായിരിക്കും മത്സരം നടക്കുക. 2024 ലെ ടി20 ലോകകപ്പ് വിജയിച്ച ക്യാപ്റ്റനും ഇതിഹാസ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ രോഹിത് ശർമ്മയെ 2026 ലെ ടി20 ലോകകപ്പിന്റെ ബ്രാൻഡ് അംബാസഡറാകും. പത്ത് വർഷത്തിന് ശേഷമാണ് ടി20 ലോകകപ്പ് ഇന്ത്യയിൽ തിരിച്ചെത്തുന്നത്.

ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, യുഎഇ, ഒമാൻ, വെസ്റ്റ് ഇൻഡീസ്, യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്‌വെ, അയർലൻഡ്, ഇംഗ്ലണ്ട്, നെതർലാൻഡ്‌സ്, ഇറ്റലി, നേപ്പാൾ എന്നിങ്ങനെ ആകെ 20 ടീമുകൾ അടുത്ത വർഷം നടക്കുന്ന ലോകകപ്പില്‍ കളിയ്ക്കും.