Asianet News MalayalamAsianet News Malayalam

തകര്‍ത്തടിച്ച് ഷഫാലി; അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ യുഎഇയെ തകര്‍ത്ത് ഇന്ത്യക്ക് രണ്ടാം ജയം

ഷഫാലി 34 പന്തില്‍ 12 ഫോറും നാലു  സിക്സും പറത്തി 78 റണ്‍സടിച്ചപ്പോള്‍ ശ്വേത ഷെറാവത്ത് 49 പന്തില്‍ 10 ബൗണ്ടറിയടക്കം 74 റണ്‍സുമായി പുറത്താകാതെ നിന്നു.

U19 Women World Cup: India-W beat UAE-W U by 122 runs
Author
First Published Jan 16, 2023, 4:58 PM IST

ബെനോനി(ദക്ഷിണാഫ്രിക്ക): അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം. യുഎഇയെ 122 റണ്‍സിന് തകര്‍ത്താണ് ഷഫാലി വര്‍മയുെ നേതൃത്തിലിറങ്ങിയ ഇന്ത്യന്‍ കൗമാരപ്പട കരുത്തു കാട്ടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സടിച്ചപ്പോള്‍ യുഎഇക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സടിക്കാനെ കഴിഞ്ഞുള്ളു. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 219-3, യുഎഇ 20 ഓവറില്‍ 97-5.

ഓപ്പണര്‍ ശ്വേത ഷെറാവത്തിന്‍റെയും ക്യാപ്റ്റന്‍ ഷഫാലി വര്‍മയുടെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്കോര്‍ കുറിച്ചത്. ഷഫാലി 34 പന്തില്‍ 12 ഫോറും നാലു  സിക്സും പറത്തി 78 റണ്‍സടിച്ചപ്പോള്‍ ശ്വേത ഷെറാവത്ത് 49 പന്തില്‍ 10 ബൗണ്ടറിയടക്കം 74 റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണിംഗ് വിക്കറ്റില്‍ ഷഫാലി-ശ്വേത സഖ്യം 8.3 ഓവറില്‍ 111 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. വണ്‍ ഡൗണായി എത്തിയ റിച്ച ഘോഷും മോശമാക്കിയില്ല. 29 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്സും പറത്തി റിച്ച ഘോഷ് 49 റണ്‍സടിച്ചു. 18.1 ഓവറില്‍ സ്കോര്‍ 200ല്‍ നില്‍ക്കെയാണ് റിച്ച പുറത്തായത്.

വനിതാ ഐപിഎല്‍ സംപ്രേഷണവകാശം റെക്കോര്‍ഡ് തുകക്ക് സ്വന്തമാക്കി വയാകോം 18

ഗൊങ്കാടി തൃഷ(11)യാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായ മറ്റൊരു ബാറ്റര്‍. സോണിയ മെന്ദിയ(2*) ശ്വേതക്കൊപ്പം പുറത്താകാതെ നിന്നു. മറുപടി ബാറ്റിംഗില്‍ ഒരിക്കല്‍ പോലും യഎഇക്ക് വിജയപ്രതീക്ഷ ഉയര്‍ത്താനായില്ല.ആദ്യ ഓവറിലെ നാല് പന്തില്‍ 17 റണ്‍സടിച്ച് ഞെട്ടിച്ച യുഎഇക്ക് അഞ്ചാം പന്തില്‍ ക്യാപ്റ്റന്‍ തീര്‍ത്ഥ സതീഷിന്‍റെ(16) വിക്കറ്റ് നഷ്ടമായി. മറ്റൊരു ഓപ്പണറായ ലാവണ്യ കെനി(54 പന്തില്‍ 24), മഹിക ഗൗര്‍(26 പന്തില്‍ 26) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും യുഎഇ 100 കടന്നില്ല.

ജയത്തോടെ രണ്ട് കളികളില്‍ നാലു പോയന്‍റുമായി ഇന്ത്യയാണ് ഗ്രൂപ്പില്‍ ഒന്നാമത്. ഒരു ജയമുള്ള യുഎഇ രണ്ടാം സ്ഥാനത്താണ്. നേരത്തെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ വനിതകള്‍ ഏഴ് വിക്കറ്റിന് തകര്‍ത്തിരുന്നു. 18ന് സ്കോട്‌ലന്‍ഡിനെതിരെ ആണ് ഇന്ത്യയുടെ അടുത്ത മത്സരം.

Follow Us:
Download App:
  • android
  • ios